സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ല; കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് ജാതി മാധ്യമങ്ങള്‍: മായാവതി
national news
സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ല; കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് ജാതി മാധ്യമങ്ങള്‍: മായാവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th August 2024, 8:24 pm

ലഖ്നൗ: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്.പി അധ്യക്ഷ മായാവതി. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ താന്‍ തീരുമാനമെടുത്തുട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. മായാവതി ബി.എസ്.പി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് അടുത്തിടെ വ്യാപകമായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെയാണ് മായാവതി വിമര്‍ശനം ഉന്നയിച്ചത്.

ഇത്തരത്തിലുള്ള കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് ‘ജാതി മാധ്യമങ്ങള്‍’ ആണെന്നാണ് മായാവതി പറഞ്ഞത്. ഡോ. ബി.ആര്‍. അംബേദ്കറെയും കാന്‍ഷി റാമിനെയും പോലെയുള്ള ബഹുജനങ്ങളുടെ അംബേദ്കറൈറ്റ് സംഘത്തെ ദുര്‍ബലപ്പെടുത്താനുള്ള എതിരാളികളുടെ ഗൂഢാലോചനകള്‍ പരാജയപ്പെടുത്തുമെന്നും മായാവതി പറഞ്ഞു. സാമൂഹ്യ മാധ്യമമായ എക്സിലൂടെയാണ് മായാവതി പ്രതികരിച്ചത്.

‘ഞാന്‍ എന്നെ തന്നെ ബി.എസ്.പിയുടെ ആത്മാഭിമാനത്തിനായി സമര്‍പ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ഇത് അവസാന ശ്വാസം വരെയുള്ള ഉറച്ച തീരുമാനമാണ്,’ എന്നും മായാവതി ചൂണ്ടിക്കാട്ടി.

ഗുരുതരമായ അസുഖങ്ങള്‍ കാരണമോ മറ്റോ മായാവതിയുടെ അസാന്നിധ്യമുണ്ടായാല്‍ പിന്‍ഗാമിയായി ആകാശ് ആനന്ദ് അധ്യക്ഷ സ്ഥാനത്തെത്തുമെന്ന് ബി.എസ്.പി പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നലെയാണ് മായാവതി സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

എന്നാല്‍ ഇത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങളില്‍ പൊതുജനം തെറ്റിദ്ധരിക്കരുതെന്നും ശ്രദ്ധിക്കണമെന്നും മായാവതി പറഞ്ഞു. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി, ലോക്സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന ബി.എസ്.പി നേതാവ് കൂടിയായ മായാവതി ബഹന്‍ജി എന്നാണ് അറിയപ്പെടുന്നത്.

1989-ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജ്നോറില്‍ നിന്നാണ് മായാവതി ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്. 1994 മുതല്‍ 1996 വരെ രാജ്യസഭാംഗമായിരുന്ന മായാവതി 1995ല്‍ ആദ്യമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

1997ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച മായാവതി 1998, 1999 വര്‍ഷങ്ങളില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയുണ്ടായി. 2002 മുതല്‍ 2003 വരെയുള്ള കാലയളവില്‍ മായാവതി വീണ്ടും യു.പി മുഖ്യമന്ത്രിയാവുകയുണ്ടായി. 2004ല്‍ അക്ബര്‍പൂരില്‍ നിന്ന് വീണ്ടും ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

2007ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി വിജയം കൈവരിച്ചതോടെ മായാവതി വീണ്ടും മുഖ്യമന്ത്രിയായി. അതേസമയം 2012ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി കനത്ത തോല്‍വി നേരിട്ടു. തുടര്‍ന്ന് 2017ലെ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടതോടെ ബി.എസ്.പി യു.പിയില്‍ അപ്രസക്തമായി.

അതേസമയം 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ഒറ്റയ്ക്കാണ് മത്സരിച്ചത്. പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യത്തെ മായാവതി തള്ളി പറയുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെയും സമാജ്‌വാദി പാര്‍ട്ടിയുടെയും മികച്ച പ്രകടനത്തിലൂടെ യു.പിയില്‍ ഇന്ത്യാ സഖ്യത്തിന് വലിയ തോതില്‍ നേട്ടമുണ്ടാക്കാനായി.

എന്നാല്‍ അയോധ്യ ഉള്‍പ്പെടുന്ന യു.പിയിലെ ഫൈസാബാദ് മണ്ഡലത്തിലടക്കം ബി.ജെ.പി തോല്‍വി നേരിട്ടു. ഒരുപക്ഷത്ത് ബി.എസ്.പി വലിയ തകര്‍ച്ച സംസ്ഥാനത്ത് നേരിടുകയും ചെയ്തു.

Content Highlight: BSP President Mayawati strongly criticized the media