ന്യൂദല്‍ഹി: യു.പിയിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സംവരണത്തിലെ നിയമങ്ങള്‍ മറികടന്നുവെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതി. ഒ.ബി.സി, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സീറ്റ് സംവരണ നിയമം ലംഘിച്ചാണ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചതെന്നും മായാവതി ആരോപിച്ചു. അടുത്ത വര്‍ഷം വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഈ അട്ടിമറിയെന്നുംമായാവതി പറഞ്ഞു.
‘തെരഞ്ഞെടുപ്പിനെ പൂര്‍ണ വീര്യത്തോടെ തന്നെ നേരിടാനാണ് ബി.എസ്.പിയുടെ തീരുമാനം. തദ്ദേശ സ്ഥാപനങ്ങളില്‍ സത്യസന്ധരും അവബോധമുള്ളവരും യോഗ്യതയുള്ളവരുമായ പ്രതിനിധികളെ ആവശ്യമാണ്. എല്ലാ വിഭാഗങ്ങളിലേയും പ്രത്യേകിച്ച് ദളിതുകളുടെയും ഒ.ബി.സികളുടെയും സാന്നിധ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുണ്ടാകണം,’ മായാവതി പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായി നഗര-തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. മെയ് 4, 11 തീയതികളിലാണ് തെരഞ്ഞെടുപ്പ്. സംസ്ഥാനത്തെ 760 തദ്ദേശ സ്ഥാപനങ്ങളിലെ 14,864 തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13നാണ് വോട്ടെണ്ണല്‍.
മേയര്‍മാരുടെയും 1,420 മുനിസിപ്പല്‍ കോര്‍പ്പറേറ്റര്‍മാരുടെയും(നാഗര്‍ നിഗം) വോട്ടെടുപ്പ് ഇ.വി.എം വഴിയും മറ്റ് നഗര്‍ പാലിക പരിഷത്ത്, നഗര്‍ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് ബാലറ്റ് പേപ്പറുകളിലൂടെയുമായിരിക്കും നടക്കുമെന്ന് നടക്കുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.