ലങ്ക പ്രീമിയര്‍ ലീഗില്‍ ബി ലവ് കാന്‍ഡിക്കായി തകര്‍പ്പന്‍ ഓള്‍ റൗണ്ട് പ്രകടനവുമായി ക്യാപ്റ്റന്‍ വാനിന്ദു ഹസരങ്ക. കഴിഞ്ഞ ദിവസം പല്ലേക്കലേയില്‍ നടന്ന മത്സരത്തില്‍ ജാഫ്‌ന കിങ്‌സിനെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഹസരങ്കയും സംഘവും നേടിയത്.
മത്സരത്തില്‍ ടോസ് നേടിയ ബി ലവ് കാന്‍ഡി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ജാഫ്‌നക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. സൂപ്പര്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസിനെ പൂജ്യത്തിന് നഷ്ടമായ ജാഫ്‌നക്ക് രണ്ടാം ഓപ്പണര്‍ ചരിത് അസലങ്കയെ അഞ്ച് റണ്‍സിനും നഷ്ടമായി.
ക്യാപ്റ്റന്‍ തിസര പെരേര വെറും രണ്ട് റണ്‍സിന് മടങ്ങിയപ്പോള്‍ പിന്നാലെയെത്തിയ ദുനിത് വെല്ലാലഗെ റണ്‍സ് ഉയര്‍ത്തി. 27 പന്തില്‍ നിന്നും ആറ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ പുറത്താകാതെ 38 റണ്‍സാണ് താരം നേടിയത്.
ഒരുവശത്ത് വെല്ലാലഗെ നിലയുറപ്പിച്ചപ്പോള്‍ മറുവശത്തെ ആക്രമിക്കാനുള്ള കാന്‍ഡിയുടെ പദ്ധതി വിജയിച്ചു. ശേഷമിറങ്ങിയ മൂന്ന് താരങ്ങളാണ് ഡക്കായി പുറത്തായത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ 117 റണ്‍സിന് ഒമ്പത് എന്ന നിലയില്‍ ജാഫ്‌ന കിങ്‌സ് പോരാട്ടം അവസാനിപ്പിച്ചു.
ബി ലവ് കാന്‍ഡിക്കായി ക്യാപ്റ്റന്‍ വാനിന്ദു ഹസരങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവര്‍ പന്തെറിഞ്ഞ് വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങിയാണ് ഹസരങ്ക വിക്കറ്റുകള്‍ വീഴ്ത്തിയത്. തൗഹിദ് ഹിരോദി, മഹീഷ് തീക്ഷണ, നുവാന്‍ തുഷാര എന്നിവരാണ് ഹസരങ്കക്ക് മുമ്പില്‍ വീണത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കാന്‍ഡി അനായാസം വിജയം പിടിച്ചടക്കുകയായിരുന്നു. ക്യാപ്റ്റന്‍ വാനിന്ദു ഹസരങ്കയുടെ അര്‍ധ സെഞ്ച്വറിയും ഫഖര്‍ സമാന്റെ വെടിക്കെട്ടും കാന്‍ഡിക്ക് തുണയായി.
ഹസരങ്ക 22 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറുമടക്കം പുറത്താകാതെ 55 റണ്‍സ് നേടിയപ്പോള്‍ 39 പന്തില്‍ നിന്നും 42 റണ്‍സായിരുന്നു സമാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ഒടുവില്‍ 13 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കാന്‍ഡി വിജയം സ്വന്തമാക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ കാന്‍ഡിയുടെ രണ്ടാം വിജയമാണിത്. നാല് മത്സരത്തില്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമായി നാല് പോയിന്റോടെ നാലാം സ്ഥാനത്താണ് ബി ലവ് കാന്‍ഡി.
ആഗസ്റ്റ് എട്ടിനാണ് കാന്‍ഡിയുടെ അടുത്ത മത്സരം. ഗല്ലെ ഗ്ലാഡിയേറ്റേഴ്‌സാണ് എതിരാളികള്‍.
Content Highlight: Brilliant all-round performance by Wanindu Hasaranga