Advertisement
football news
മെസിയെ വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യുന്നത് നിര്‍ത്തണം, അദ്ദേഹത്തെ വെറുതെ വിടൂ; പി.എസ്.ജി ആരാധകരോട് ബ്രസീലിയന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 May 21, 10:02 am
Sunday, 21st May 2023, 3:32 pm
സസ്പെന്‍ഷന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയെ പി.എസ്.ജി ആരാധകര്‍ കൂക്കിവിളിച്ചതും കളിയാക്കിയതും വലിയ വാര്‍ത്തയായിരുന്നു. അയാസിയോക്കെതിരായ ലീഗ് വണ്‍ മത്സരത്തിലാണ് മെസിയെ ആരാധകര്‍ അപമാനിച്ചിരുന്നത്.

മത്സരത്തില്‍ പി.എസ്.ജി 5-0ന് വിജയിച്ചെങ്കിലും ആദ്യ ഇലവനില്‍ ഇടം നേടിയ മെസിക്ക് ഗോളടിക്കാനായിരുന്നില്ല. മെസിയുടെ കാലില്‍ പന്തെത്തുമ്പോഴെല്ലാം ആരാധകര്‍ താരത്തെ കൂക്കിവിളിച്ചതില്‍ പി.എസ്.ജിക്കെതിരെ വലിയ വിമര്‍ശനമുണ്ടായിരുന്നു.

പി.എസ്.ജി ആരാധകര്‍ ലയണല്‍ മെസിയോട് കാണിക്കുന്ന ഈ അപമര്യാദയോടുള്ള പെരുമാറ്റത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബ്രസീലിയന്‍ സൂപ്പര്‍ താരവും പി.എസ്.ജിയുടെ നായകനുമായ മാര്‍ക്വിനോസ്. മെസിയെ വേറുതെ വിട്ടൂടെ എന്നാണ് അദ്ദേഹം പി.എസ്.ജി ആരാധകരോട് പറയുന്നത്.

‘സമാധാനപരമായ പ്രതിഷേധങ്ങളെ ഞാന്‍ എല്ലാ സമയവും ബഹുമാനിക്കുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ വ്യക്തി കേന്ദ്രീകൃതമാകുന്നത് പ്രശ്‌നമാണ്. ഫുട്‌ബോള്‍ ഒരു
ടീം ഗെയ്മാണ്. ഒരു വ്യക്തിക്ക് മാത്രമായി അവിടെ ഒന്നും ചെയ്യാനില്ല.

അതുകൊണ്ട് ആരാധകരോട് എനിക്ക് പറയാനുള്ളത് വ്യക്തിപരമായി അദ്ദേഹത്തെ(മെസിയെ) ടാര്‍ഗറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണം. അദ്ദേഹത്തെ വെറുതെ വിടൂ,’ മാര്‍ക്വിനോസ് പറഞ്ഞതായി ഗോള്‍ ഡോട്ട്‌കോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരാധകരുടെ മോശമായ പെരുമാറ്റം മെസിക്കും പി.എസ്.ജിക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പി.എസ്.ജി താരം റെനാറ്റോ സാഞ്ചസ് മത്സരശേഷം പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ക്ലബ് നായകന്‍ തന്നെ ആരാധകരോട് അപേക്ഷയുമായി എത്തിയിരിക്കുന്നത്.
Content Highlight:  brazilian football player marquinhos support lionel messi