2022ലെ ഫുട്‌ബോള്‍ ലോകകപ്പിന് ഖത്തര്‍ വേദിയാവുകയാണ്. ഇതിനിടെ ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി പുറത്തുവരുന്നുണ്ട്.
ലോകകപ്പ് ‘മുന്നൊരുക്കങ്ങളുടെ ഭാഗമായി’ ഖത്തര്‍ അധികൃതര്‍ എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയില്‍ പെട്ടവരെ അറസ്റ്റ് ചെയ്യുകയും തടവിലാക്കി പീഡിപ്പിക്കുകയും ചെയ്യുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
ലോകകപ്പ് കാണാനെത്തുന്ന ആരാധകര്‍ക്ക് താമസസൗകര്യമൊരുക്കാന്‍ വേണ്ടി ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിന്നും വിദേശ തൊഴിലാളികളെ അവരുടെ താമസസ്ഥലങ്ങളില്‍ നിന്നും കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. https://www.reuters.com/lifestyle/sports/exclusive-thousands-workers-evicted-qatars-capital-ahead-world-cup-2022-10-28/
ഖത്തറിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ടായിരുന്നു ഡെന്മാര്‍ക്ക് ടീമും അവരുടെ സ്‌പോണ്‍സര്‍മാരായ ഹമ്മല്‍ സ്‌പോര്‍ട്‌സും ഡെന്മാര്‍ക്കിന്റെ ലോകകപ്പ് ജേഴ്‌സി പുറത്തിറക്കിയിരുന്നത്. ഡെന്മാര്‍ക്ക് ദേശീയ ടീമിന്റെ ലോഗോയും ഹമ്മലിന്റെ ലോഗോയും ടോണ്‍ഡ് ഡൗണ്‍ ചെയ്തുകൊണ്ടായിരുന്നു അവർ പ്രതിഷേധിച്ചത്.
”ഡാനിഷ് ടീമിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കുന്നതിനൊപ്പം ഞങ്ങള്‍ ഒരു സന്ദേശം നല്‍കാന്‍ കൂടി ആഗ്രഹിക്കുന്നു. ഖത്തറിനും അവരുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരായ പ്രതിഷേധം കൂടിയാണിത്.
View this post on Instagram
ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായ ഒരു ടൂര്‍ണമെന്റില്‍ ദൃശ്യമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ഡാനിഷ് ദേശീയ ടീമിനെ എല്ലാവിധത്തിലും പിന്തുണയ്ക്കുന്നു, എന്നാല്‍ അതിനര്‍ത്ഥം ആതിഥേയ രാഷ്ട്രമെന്ന നിലയില്‍ ഖത്തറിനെ പിന്തുണയ്ക്കുന്നുണ്ടെന്നല്ല,” എന്നായിരുന്നു ജേഴ്‌സി പുറത്തിറക്കിക്കൊണ്ട് ഹമ്മല്‍ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഖത്തറില്‍ ലോകകപ്പ് മുന്നൊരുക്കങ്ങള്‍ക്കിടെ കുടിയേറ്റ തൊഴിലാളികള്‍ ചൂഷണത്തിനിരയായി പരിക്കേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചായിരുന്നു ഇവരുടെ പ്രതികരണം.
ഖത്തറില്‍ ലോകകപ്പ് ജോലികളുടെ ഭാഗമായി കുറഞ്ഞ വേതനത്തിനും മറ്റും ജോലി ചെയ്ത് ചൂഷണത്തിനിരയായ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഫിഫ 440 മില്യണ്‍ ഡോളര്‍ (3300 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. https://www.reuters.com/lifestyle/sports/rights-groups-ask-sponsors-press-fifa-qatar-migrant-worker-compensation-2022-09-20/
ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എന്നിവയടക്കമുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും എന്‍.ജി.ഒകളുമാണ് പൊതുവില്‍ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളുടെ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരാറുള്ളത്. റോയിട്ടേഴ്‌സ്, ബി.ബി.സി, ഗാര്‍ഡിയന്‍ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇവ റിപ്പോര്‍ട്ട് ചെയ്യാറുമുണ്ട്.
ഫലസ്തീനിലെയും മ്യാന്മറിലെയും ചൈനയിലെയുമടക്കം മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്ത് കൊണ്ടുവരാറുള്ളതും ഇതേ മാധ്യമങ്ങള്‍ തന്നെയാണ്.
ഇത്തരം മാധ്യമങ്ങളെയും അവരുടെ റിപ്പോര്‍ട്ടുകളെയും ഉദ്ധരിച്ചുകൊണ്ടാണ് ഡൂള്‍ന്യൂസ് അടക്കം ഇവ മലയാളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖത്തര്‍ ഭരണകൂടത്തിനെതിരായ വിമര്‍ശനങ്ങള്‍ മാത്രമല്ല ഇതേകുറിച്ചുള്ള ഖത്തര്‍ അമീറിന്റെ പ്രതികരണവും മലയാള മാധ്യമങ്ങള്‍ തന്നെ വാര്‍ത്തയാക്കിയിരുന്നു.