ക്രൊയേഷ്യക്കെതിരായ ബ്രസീലിന്റെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ കോച്ച് ടിറ്റെയെയും സംഘത്തെയും പരിഹസിച്ച് ബ്രസീലിയന്‍ പത്രങ്ങള്‍. പത്രങ്ങളുടെയെല്ലാം ആദ്യ പേജില്‍ ടീമിന്റെ അപ്രതീക്ഷിത തോല്‍വിയായിരുന്നു നിറഞ്ഞു നിന്നത്.
തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ടിറ്റെയെയും നെയ്മറെയും പ്രകീര്‍ത്തിച്ച പത്രങ്ങള്‍ തോല്‍വിയോടെ നാണയം തിരിക്കുകയായിരുന്നു. ടിറ്റെയുടെ അനാവശ്യ തന്ത്രങ്ങളും നെയ്മര്‍ ഫോം ഔട്ട് ആയതുമാണ് ബ്രസീലിന് സെമി പോലും കാണാതെ മടങ്ങേണ്ടി വന്നതെന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബ്രസീലില്‍ വ്യാപകമായ സര്‍ക്കുലേഷനുള്ള ‘ഒ ഗ്ലോബോ’ എന്ന പത്രം ഫോക്കസ് ചെയ്തത്. അനാവശ്യമായ സബ്സ്റ്റിറ്റിയൂഷനുകള്‍ ടീമിന്റെ പെനാല്‍ട്ടി ഷൂട്ടിലെ സാധ്യതകളെ ഇല്ലാതാക്കുകയായിരുന്നു എന്ന് ഒ ഗ്ലോബ് ചൂണ്ടിക്കാട്ടി. കളിയുടെ അധിക സമയത്ത് വരുത്തിയ മാറ്റങ്ങള്‍ ടീമിന്റെ പതനത്തിന് വഴിയൊരുക്കുന്നതായിരുന്നെന്നും പത്രത്തിലുണ്ട്.
മറ്റൊരു പത്രമായ ‘എക്സ്ട്ര’ മുഴുവന്‍ പേജിലും ബ്രസീല്‍ ടീമിന്റെ തോല്‍വിയുടെ ചിത്രവുമായാണ് ഇറങ്ങിയത്. ‘ടൈം റ്റു പിക് അപ് ദ പീസസ്’ എന്ന ക്യാപ്ഷനോടെ പുതിയ കളിക്കാരെ എത്തിക്കാന്‍ സമയമായെന്ന തരത്തിലാണ് വാര്‍ത്തകള്‍ തയ്യാറാക്കിയിരിക്കുന്നത്.
നെയ്മര്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. നെയ്മര്‍ നിരവധി അവസരങ്ങള്‍ പാഴാക്കി കളഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
‘എല്ലാം അവസാനിച്ചു’ എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ ‘ഒ ഡിയ’ എന്ന പത്രവും സമാന വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. അതേസമയം ബ്രസീലിനെ അപകീര്‍ത്തിച്ച ഒ ഡിയയുടെ ലേഖനങ്ങളില്‍ ക്രൊയേഷ്യന്‍ ടീമിനെ പ്രശംസിക്കുന്നുമുണ്ട്.
The day after at a Rio newsstand:
“Time to pick up the pieces”
Brazil’s sixth World Cup title pictured in a coffin pic.twitter.com/NkjWBzAQBp
അതേസമയം നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ പരാജയം. ക്രൊയേഷ്യക്കായി ആദ്യ നാല് കിക്കുമെടുത്ത താരങ്ങള്‍ പന്ത് വലയിലെത്തിച്ചപ്പോള്‍ ബ്രസീലിനായി ഷോട്ടെടുത്ത റോഡ്രിഗോയും മാര്‍ക്വിന്യോസും കിക്ക് പാഴാക്കി.
ആദ്യ കിക്കെടുത്തത് ക്രൊയേഷ്യയായിരുന്നു. ഒരു പിഴവും കൂടാതെ ആ കിക്ക് വലിയിലെത്തിയപ്പോള്‍ ബ്രസീലിനായി ആദ്യ കിക്കെടുത്ത യുവതാരം റോഡ്രിഗോക്ക് പിഴച്ചു.
രണ്ടും മൂന്നും കിക്കുകള്‍ ഇരു ടീമും വലയിലാക്കിയപ്പോള്‍ ബ്രസീലിനായി നാലാം കിക്കെടുത്ത മാര്‍ക്വിന്യോസിന് പിഴച്ചു. ഗോള്‍ കീപ്പറെ മറികടക്കാന്‍ മാര്‍ക്വിന്യോസിന് സാധിച്ചെങ്കിലും പന്ത് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോവുകയായിരുന്നു.
ഇതെടെയാണ് ആറാം കിരീടമെന്ന മോഹം ബാക്കിയാക്കി ബ്രസീലിന് ഖത്തറില്‍ നിന്നും മടങ്ങേണ്ടി വന്നത്.