സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഭ്രമയുഗം. ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്. ഭൂതകാലത്തിന് രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ പ്രതീക്ഷ ഇരട്ടിയാക്കിക്കൊണ്ട് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. അബുദാബിയിലെ അല്‍ വാദാ മാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും കറുപ്പും വെളുപ്പുമണിഞ്ഞാണ് ചടങ്ങിനെത്തിയത്.
18ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് നടക്കുന്ന കഥയാണ് സിനിമയുടേത്. മമ്മൂട്ടി നെഗറ്റീവ് ഷേഡിലാണ് ചിത്രത്തിലെത്തുന്നതെന്ന സൂചനകള്‍ ട്രെയ്‌ലര്‍ നല്‍കുന്നുണ്ട്. ഇതുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത തരത്തിലുള്ള ഹൊറര്‍ കഥയാണ് സിനിമയുടേതെന്ന് സംവിധായകന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ എസ്. ശശികാന്തും ചക്രവര്‍ത്തി രാമചന്ദ്രയുമാണ് ചിത്രം നിര്‍മിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ സംഭാഷണങ്ങളെഴുതുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ക്രിസ്റ്റോ സേവിയര്‍ സംഗീതവും, ഷഹനാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഫെബ്രുവരി 15ന് ചിത്രം തിയേറ്ററുകളിലെത്തും.