Advertisement
Entertainment
പാന്‍ ഇന്ത്യന്‍ വിട്ട് പാന്‍ വേള്‍ഡായി ഭ്രമയുഗം, ലണ്ടനിലെ ഫിലിം സ്‌കൂളില്‍ പഠനവിഷയമായി മലയാളചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 13, 10:44 am
Thursday, 13th February 2025, 4:14 pm

കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ ചിത്രം പ്രമേയം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

ചുരുങ്ങിയ ലൊക്കേഷനുകളില്‍ വെറും അഞ്ച് കഥാപാത്രങ്ങളെ വെച്ച് അണിയിച്ചൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം സ്വന്തമാക്കിയിരുന്നു. കൊടുമണ്‍ പോറ്റിയായെത്തിയ മമ്മൂട്ടിയുടെ പ്രകടനത്തെപ്പറ്റി കേരളത്തിന് പുറത്ത് വലിയ രീതിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോഴിതാ ചിത്രം ഇന്ത്യക്ക് പുറത്തും ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ക്രിയേറ്റീവ് ആര്‍ട്‌സില്‍ ഭ്രമയുഗവും പഠനവിഷയമായിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രം സ്‌ക്രീന്‍ ചെയ്യുന്നതും ചിത്രത്തിനെപ്പറ്റി അധ്യാപകന്‍ ക്ലാസ് എടുക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചിത്രത്തിന്റെ സൗണ്ട് ഡിസൈനിനെപ്പറ്റിയാണ് അധ്യാപകന്‍ ക്ലാസെടുക്കുന്നത്.

മലയാളസിനിമയുടെ വളര്‍ച്ച ഭാഷകള്‍ താണ്ടി കടന്നുപോവുന്ന കാഴ്ചക്കാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഇതാദ്യമായാണ് ഒരു മലയാളചിത്രം വിദേശത്തെ ഒരു കോളേജില്‍ പഠനവിഷയമാകുന്നത്. ഹാരി പോര്‍ട്ടര്‍ പോലുള്ള ക്ലാസിക് സിനിമകള്‍ പഠനവിഷയമായി മാറുന്നിടത്താണ് ഭ്രമയുഗവും ഇടംപിടിക്കുന്നത്. മലയാളസിനിമക്ക് അഭിമാനിക്കാവുന്ന വിഷയമാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.

മമ്മൂട്ടിക്ക് പുറമെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. 2024 ഫെബ്രുവരിയില്‍ റിലീസായ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 60 കോടിക്കുമുകളില്‍ കളക്ഷന്‍ നേടിയിരുന്നു. ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് മലയാളചിത്രത്തിന് കിട്ടുന്ന ഏറ്റവുമുയര്‍ന്ന കളക്ഷന്‍ കൂടിയായിരുന്നു ഇത്.

Content Highlight: Bramayugam movie became the study material in London School of Creative Arts