അഭിനയ-ഭ്രമ 'യുഗം'
Entertainment
അഭിനയ-ഭ്രമ 'യുഗം'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th February 2024, 3:32 pm

യക്ഷി കഥകളും ഭൂതക്കഥകളും കേട്ടുവളർന്ന ഒരു തലമുറ നമുക്ക്‌ മുന്നിലുണ്ട്. പേടിപ്പെടുത്തുന്ന ആ കഥകൾക്ക് നമ്മുടെ സങ്കല്പ ലോകത്ത് വരച്ചിടുന്ന ചില ദൃശ്യങ്ങളുണ്ട്. അതുപോലെയൊരു ആവിഷ്കാരമാണ് ഭ്രമയുഗം. പതിനേഴാം നൂറ്റാണ്ടിൽ തെക്കൻ മലബാറിൽ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. ഭൂതകാലത്തിനുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിൽ ഇന്നുവരെ ഇറങ്ങിയതിൽ ഏറെ വ്യത്യസ്തമായ ഒരു പരീക്ഷണ പടമാണ്.

വർഷങ്ങൾക്കുശേഷം പൂർണമായി ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയ ചിത്രം ആദ്യ കാഴ്ചയിൽ തന്നെ പ്രേക്ഷകരെ പിടിച്ചിരിക്കുത്തുന്നത് കഥ പറച്ചിൽ രീതിയിലെ മികവ് കൊണ്ടാണ്. സിനിമയുടെ വിഷ്വൽ ക്വാളിറ്റിയും കളർ ഗ്രേഡിങ്ങുമെല്ലാം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് ഇത്തരത്തിൽ ഒരു വിഷയത്തെ വർണ്ണക്കാഴ്ചകളിൽ തളച്ചിടാതെ ഭയത്തിന്റെ തീവ്രത ബ്ലാക്ക് ആൻഡ്‌ വൈറ്റിലൂടെ എത്തിക്കുന്നുണ്ട് ചിത്രം.

 

സിനിമയിൽ ഏറ്റവും കൂടുതൽ സ്ക്രീൻ ടൈം ഉള്ളത് അർജുൻ അശോകൻ അവതരിപ്പിക്കുന്ന തേവൻ എന്ന കഥാപാത്രത്തിനാണ്. വഴിതെറ്റി മനക്കൽ ഇല്ലത്തിൽ കയറി കൂടുന്ന പാണനായ അർജുന്റെ കഥാപാത്രത്തെ കാത്തിരിക്കുന്നത് നിരവധി നിഗൂഢതകളാണ്. അർജുൻ അശോകന്റെ ഗംഭീര പ്രകടനം ഭ്രമയുഗത്തിൽ കാണാം. പടത്തിലൂടനീളം ആ ആകാംക്ഷ നിലനിർത്തിക്കൊണ്ട് തന്നെയാണ് ഭ്രമയുഗം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്.

മമ്മൂട്ടി യുഗത്തിന്റെ തുടർച്ച തന്നെയാണ് ഭ്രമയുഗം. ഇന്നുവരെ കാണാത്ത മമ്മൂട്ടിയുടെ ഭാവപകർച്ചകളാണ് കുടമൺ പോറ്റിയ്ക്കായി അദ്ദേഹം ചെയ്ത് വെച്ചിട്ടുള്ളത്. നോക്കിലും നടപ്പിലും ഒരു തന്ത്രിയുടെ എല്ലാ ചേഷ്ട്ടകളും രൗദ്രം തുളുമ്പുന്ന കണ്ണുകളുമായി ഓരോ നിമിഷവും മമ്മൂട്ടി അമ്പരപ്പിക്കുന്നുണ്ട്.

മലയാള സിനിമ അധികം എക്സ്പ്ലോർ ചെയ്യാത്ത ഒരു നടൻ ആയിട്ടാണ് സിദ്ധാർത്ഥ് ഭരതനെ ചിത്രം കണ്ടപ്പോൾ തോന്നിയത്. തുടക്കം മുതൽ ഒടുക്കം വരെ വളരെ സട്ടിലായി അഭിനയിക്കുന്ന സിദ്ധാർഥിന്റെ പ്രകടനം നിഗൂഢത ഒളിപ്പിച്ചിട്ടാണ് മുന്നോട്ടുപോകുന്നത്. അത് ഏറ്റവും മികച്ച തരത്തിൽ സിദ്ധാർഥ് അവതരിപ്പിച്ചിട്ടുണ്ട്.

ഈ മൂന്ന് കഥാപാത്രങ്ങൾ തന്നെയാണ് ഭ്രമയുഗത്തിന്റെ നട്ടെല്ല്. ഇവർക്ക് പുറമേ മണികണ്ഠൻ ആചരി, അമൽഡ ലിസ് എന്നിവരാണ് ചിത്രത്തിൽ ഇടയ്ക്ക് വന്ന് പോകുന്ന താരങ്ങൾ.

വേറിട്ട ഡൈമൻഷനിലുള്ള വേഷമാണ് മമ്മൂട്ടി സിനിമയിൽ അവതരിപ്പിക്കുന്നത്. രണ്ട് തലങ്ങളിലുള്ള കഥാപാത്രം അവസാന ഭാഗങ്ങളിലേക്ക് വരുമ്പോൾ പ്രേക്ഷകരെ അമ്പരിപ്പിക്കുന്നുണ്ട് . കഥയിലെ നായകനെ കണ്ടെത്തുകയെന്നതാണ് കഠിനം.

അധികാര മോഹത്തിനായുള്ള പോരാട്ടം കൂടിയായാണ് ചിത്രം അവതരിപ്പിക്കുന്നത്. തന്റെ ജീവിതം പണയം വെച്ച് പകിട കളിക്ക് മുതിരുന്ന തേവൻ ഒരു സമൂഹത്തിന്റെ പ്രതിനിധിയായിട്ടാണ് പലപ്പോഴും തോന്നിയത്. സംഭാഷണങ്ങളിലും വാക്കുകളിലും വ്യക്തമായ രാഷ്ട്രീയ പറയുന്ന ചിത്രം വെറുമൊരു ഹൊറർ പടം മാത്രമല്ല. വരും ദിനങ്ങളിൽ തീർച്ചയായും ചർച്ചയാവും ചിത്രം.

ടെക്നിക്കലി ഏറെ മികച്ചു നിൽക്കുന്നുണ്ട് ഭ്രമയുഗം. ക്ഷയിച്ച് തകരാനായ ഒരു ഇല്ലത്തെയും തന്ത്രിയുടെ മന്ത്രവാദകളത്തെയുമെല്ലാം ബ്ലാക്ക് ആൻഡ് വൈറ്റിലും മാറ്റോടെ അവതരിപ്പിക്കുന്നുണ്ട് ചിത്രം. ഇടയ്ക്ക് അവതരിപ്പിക്കുന്ന ആനിമേഷൻ രംഗങ്ങളും ചിത്രത്തിന്റെ കഥയോട് ചേർന്ന് നിൽക്കുന്നുണ്ട്. അങ്ങനെ ആകെ മൊത്തം സൗണ്ട് ഡിസൈനിങ്ങിലും കാഴ്ച്ചകളിലും മലയാള സിനിമയുടെ പുത്തൻ അനുഭവമാണ് ഭ്രമയുഗം.

ഇന്ത്യൻ സിനിമയ്ക്ക് മുന്നിൽ മലയാളത്തിന് അഭിമാനത്തോടെ ഉയർത്തി പിടിക്കാവുന്ന ഒരു ആർട്ട്‌ വർക്ക്‌ തന്നെയാണ് ഭ്രമയുഗം. ‘തുംബാഡ്’ പോലെ വ്യത്യസ്തമായ വളരെ ചുരുക്കം ഹൊറർ ചിത്രങ്ങൾ പരീക്ഷിക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ സിനിമയിൽ ഭ്രമയുഗം തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

സിനിമയിലെ ഒരു ഡയലോഗ് കടമെടുത്ത് പറയുകയാണെങ്കിൽ, അതുകൊണ്ടാണ് ആരും വിളിച്ച് വരുത്താതെ തന്നെ ഭ്രമയുഗത്തിനായി പ്രേക്ഷകർ തിയേറ്ററിലേക്ക് വന്ന് കയറുന്നത്.

Content Highlight: Bramayugam Movie Analysis