കൊച്ചി: കൊച്ചിയിലെ ശ്വാസകോശ രോഗിയുടെ മരണം വിഷപ്പുക മൂലമെന്ന് ബന്ധുക്കള്‍. വാഴക്കാല സ്വദേശി ലോറന്‍സ് ജോസഫ് ആണ് മരിച്ചത്. ശ്വാസകോശ സംബന്ധരോഗങ്ങള്‍ ലോറന്‍സിന് ഉണ്ടായിരുന്നുവെന്നും കഴിഞ്ഞ ബുധനാഴ്ചയോടെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
നവംബര്‍ മുതല്‍ രോഗം തുടങ്ങിയിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയോടെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നുവെന്നും ലോറന്‍സിന്റെ ഭാര്യ ലിസി മാധ്യമങ്ങളോട് പറഞ്ഞു.
‘രാത്രികളില്‍ അദ്ദേഹത്തിന് പ്രയാസമുണ്ടായിരുന്നു. ജനല്‍ അടച്ചിട്ടിട്ടും മണം വരുന്നുണ്ടായിരുന്നു,’ നിസി പറഞ്ഞു.
കഴിഞ്ഞ എട്ടാം തീയതി ഡോക്ടറെ കണ്ട് വന്നതാണെന്നും അന്ന് പൂര്‍ണ ആരോഗ്യവാനായിരുന്ന ലോറന്‍സിന് തീപിടിത്തമുണ്ടായതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.
ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം ദിവസങ്ങളായി കൊച്ചിയെ വലക്കുകയാണ്. സിനിമാ പ്രവര്‍ത്തകരുള്‍പ്പെടെ പലരും കൊച്ചിയില്‍ നിന്ന് പലായനം ചെയ്യുകയാണെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണവാര്‍ത്തയും പുറത്തുവരുന്നത്.
മാലിന്യം കത്തുന്ന മണം മൂലം തനിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ലോറന്‍സ് കുടുംബത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പിന്നീട് കുടുംബം വാര്‍ഡ് മെമ്പറെ വിളിച്ചുവരുത്തുകയും വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച വൈകീട്ടോടെ മരണപ്പെടുകയായിരുന്നു.
Content Highlight: Brahmapuram fire: Lung patient’s death due to poisonous gas, family claims