Kerala News
ഇതര ജാതിക്കാരെക്കൊണ്ട് ബ്രാഹ്മണരുടെ കാല്‍ കഴുകിപ്പിക്കുന്ന 'കാല്‍ കഴുകിച്ചൂട്ടല്‍' ചടങ്ങ് ഒറ്റപ്പാലത്ത്; സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 29, 03:36 pm
Wednesday, 29th May 2019, 9:06 pm

പാലക്കാട്: ഒറ്റപ്പാലം കൂനംതുള്ളി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇതര ജാതിക്കാരെക്കൊണ്ട് ബ്രാഹ്മണരുടെ കാല്‍ കഴുകിപ്പിക്കുന്ന ‘കാല്‍ കഴുകിച്ചൂട്ടല്‍’ ചടങ്ങ് നടത്താനുള്ള തീരുമാനം വിവാദത്തില്‍. ഇതര ജാതിക്കാര്‍ ബ്രാഹ്മണരുടെ കാല്‍കഴുകി പൂജിക്കുന്ന ചടങ്ങാണിത്.

ബ്രാഹ്മണരുടെ കാല്‍ ഇതര ജാതിക്കാര്‍ കഴുകുന്ന ആചാരമാണ് കാല്‍കഴിച്ചൂട്ടല്‍. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ജൂണ്‍ മൂന്നിന് നടക്കുന്ന ചടങ്ങില്‍ ക്ഷേത്രത്തില്‍ മുന്‍കൂറായി 500 രൂപയടച്ച് പങ്കെടുക്കാമെന്ന നോട്ടീസ് വീടുകളിലെത്തിയതോടെയാണ് വിവാദമായത്.

കാല്‍കഴിച്ചൂട്ടല്‍ പ്രാകൃതമായ ആചാരമാണെന്നും ബ്രാഹ്മണ മേധാവിത്വത്തിലേക്ക് സമൂഹത്തെ നയിക്കാനുളള നീക്കമാണിതെന്നും ആരോപിച്ചാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം.

നവോത്ഥാനം ചര്‍ച്ച ചെയ്യുമ്പോള്‍ സമൂഹത്തെ പുറകോട്ട് നടത്തുകയാണ് ഇത്തരം ആചാരങ്ങളെന്ന് പുരോഗമന കലാസാഹിത്യ സംഘം ആരോപിച്ചു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ഡി.വൈ.എഫ്.ഐയും അറിയിച്ചു.

എന്നാല്‍ ഇത് നിര്‍ബന്ധപൂര്‍വ്വം നടത്തുന്ന ആചാരമല്ലെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം. വര്‍ഷങ്ങളായി നടത്താറുളള ചടങ്ങാണിത്. ഇത്തരമൊരു ആചാരം നടത്തണമെന്ന് ക്ഷേത്രകമ്മിറ്റിക്ക് നിര്‍ബന്ധമില്ലെന്നും വിശ്വാസികളുടെ ആവശ്യപ്രകാരമാണ് ചടങ്ങെന്നുമാണ് ഭാരവാഹികളുടെ വാദം.