ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും അവസാനിച്ചപ്പോള്‍ ഇരു ടീമും ഓരോ മത്സരം വിജയിച്ച് പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്. പെര്‍ത്തില്‍ ഇന്ത്യ 295 റണ്‍സിന്റെ ചരിത്ര വിജയം കുറിച്ചപ്പോള്‍ അഡ്‌ലെയ്ഡില്‍ പത്ത് വിക്കറ്റിന്റെ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.
സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെയും ബൗളിങ് കരുത്തിലാണ് ഓസീസ് അഡ്‌ലെയ്ഡില്‍ വിജയിച്ചത്. മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ നിലയുറപ്പിക്കും മുമ്പ് തന്നെ തിരികെ പവലിയനിലേക്ക് മടക്കിയാണ് ഓസ്‌ട്രേലിയയുടെ പേസ് നിര കരുത്ത് കാട്ടിയത്.
ആദ്യ ഇന്നിങ്‌സില്‍ സ്റ്റാര്‍ക് ഫൈഫര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്റെ വകയായിരുന്നു ഫൈഫര്‍ നേട്ടം പിറവിയെടുത്തത്.
പെര്‍ത്തില്‍ മങ്ങിയ സ്റ്റാര്‍ക്കിന്റെ ഗംഭീര തിരിച്ചുവരവിനാണ് അഡ്‌ലെയ്ഡ് സാക്ഷ്യം വഹിച്ചത്. മൂന്നാം മത്സരത്തിലും ആ ഡോമിനന്‍സ് സ്റ്റാര്‍ക് പുറത്തെടുക്കുമെന്ന് തന്നെയാണ് ഓസീസ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഗാബയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ തേടി ഒരു തകര്‍പ്പന്‍ റെക്കോഡുമെത്തും. ബ്രിസ്‌ബെയ്‌നില്‍ 50 ടെസ്റ്റ് വിക്കറ്റ് നേടുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലേക്കാണ് സ്റ്റാര്‍ക് കണ്ണുവെക്കുന്നത്.
മൂന്നാം ടെസ്റ്റില്‍ വെറും മൂന്ന് വിക്കറ്റ് വീഴ്ത്തിയാല്‍ ഷെയ്ന്‍ വോണും ഗ്ലെന്‍ മഗ്രാത്തും ഉള്‍പ്പെടുന്ന ഈ ലിസ്റ്റില്‍ സ്റ്റാര്‍ക്കിനും ഇടം നേടാം.
അതേസമയം, തൊട്ടുമുമ്പ് നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ എപ്രകാരം ഇന്ത്യ ഗാബ കീഴടക്കിയോ, ആ ചരിത്രം ആവര്‍ത്തിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. അഡ്‌ലെയ്ഡില്‍ 36 റണ്‍സിന് പുറത്താകേണ്ടി വന്നതിന്റെ നാണക്കേടില്‍ നിന്നും തിരിച്ചുവന്ന പരമ്പര സ്വന്തമാക്കിയ 2021ന് സമാനമായ സാഹചര്യം തന്നെയാണ് ഇപ്പോഴുമുള്ളത്.