ഇന്ത്യയുടെ തലവേദന ടീമില്‍ തന്നെ; രണ്ട് പ്രധാന മാറ്റങ്ങള്‍, ബോക്‌സിങ് ഡേ കടുക്കും
Sports News
ഇന്ത്യയുടെ തലവേദന ടീമില്‍ തന്നെ; രണ്ട് പ്രധാന മാറ്റങ്ങള്‍, ബോക്‌സിങ് ഡേ കടുക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th December 2024, 10:31 am

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നാലാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ഡിസംബര്‍ 26ന് മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനാണ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ട് പ്രധാന മാറ്റങ്ങളാണ് ഓസ്‌ട്രേലിയ വരുത്തിയിട്ടുള്ളത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയ ഓപ്പണര്‍ നഥാന്‍ മക്‌സ്വീനിക്ക് പകരം സാം കോണ്‍സ്റ്റസ് ടീമിന്റെ ഭാഗമായി. മെല്‍ബണില്‍ ഈ 19 കാരന്റെ അരങ്ങേറ്റത്തിന് കൂടിയാണ് വഴിയൊരുങ്ങുന്നത്.

ഫസ്റ്റ് ക്ലാസില്‍ വെറും 11 മത്സരത്തിന്റെ എക്സ്പീരിയന്‍സുമായാണ് ന്യൂ സൗത്ത് വെയ്ല്‍സ് ഓള്‍ റൗണ്ടര്‍ ഇന്ത്യക്കെതിരെ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നത്.

പരിക്കേറ്റ ജോഷ് ഹെയ്‌സല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ട് ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

മൂന്ന് വര്‍ഷം മുമ്പ് ഇത്തരത്തിലൊരു ബോക്‌സിങ് ഡേ ടെസ്റ്റിലാണ് ബോളണ്ട് അന്താരാഷ്ട്ര ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ ഫൈഫറടക്കം ഏഴ് വിക്കറ്റുമായി മികച്ച പ്രകടനം കാഴ്ചവെച്ച ബോളണ്ട് പ്ലെയര്‍ ഓഫ് ദി മാച്ചായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അതേസമയം, സൂപ്പര്‍ താരം ട്രാവിസ് ഹെഡും പ്ലെയിങ് ഇലവന്റെ ഭാഗമാണ്. നേരത്തെ പ്രാക്ടീസിനിടെ താരത്തിന് പരിക്കേറ്റിരുന്നെന്നും ബോക്‌സിങ് ഡേ ടെസ്റ്റ് നഷ്ടമായേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ടുകളെയെല്ലാം കാറ്റില്‍ പറത്തിയാണ് ഹെഡ് പ്ലെയിങ് ഇലവനില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചത്.

‘ട്രാവ്‌സ് ഇപ്പോള്‍ മികച്ച നിലയിലാണ്, അവന്‍ (നാലാം ടെസ്റ്റില്‍) കളിക്കും. ഇന്നും ഇന്നലെയുമായി ചിലതെല്ലാം അവര്‍ പൂര്‍ത്തിയാക്കി. ട്രാവിന്റെ (ട്രാവിസ് ഹെഡ്) പരിക്കിനെ കുറിച്ച് ആശങ്കയില്ല, അവന്‍ പൂര്‍ണ ആരോഗ്യവാനായി കളത്തിലെത്തും,’ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞു.

‘കളിയിലുടനീളം അവനെ ഉപയോഗപ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നില്ല. അവന്‍ കളിക്കും. ഒരുപക്ഷേ ഫീല്‍ഡിങ്ങില്‍ അവന് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടോ അസ്വസ്ഥതയോ ഉണ്ടെങ്കില്‍ അത് ഞങ്ങള്‍ കൃത്യമായി തന്നെ കൈകാര്യം ചെയ്യും,’ കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.

നിലവിലെ പരമ്പരയില്‍ ഓസീസിന്റെ നെടുംതൂണാണ് ട്രാവിസ് ഹെഡ്. രണ്ട് സെഞ്ച്വറിയുള്‍പ്പെടെ 409 റണ്‍സുമായി റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനാണ് ഹെഡ്. മറ്റൊരു താരത്തിന് പോലും ഇതുവരെ 250 റണ്‍സ് പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. 235 റണ്‍സുമായി കെ.എല്‍. രാഹുലാണ് രണ്ടാമന്‍.

ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.

നിലവില്‍ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 1-1ന് ഒപ്പത്തിനൊപ്പമാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയപ്പോള്‍ അഡ്ലെയ്ഡില്‍ പത്ത് വിക്കറ്റിന് വിജയിച്ചാണ് കങ്കാരുക്കള്‍ തിരിച്ചടിച്ചത്. ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

പരമ്പരയില്‍ രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. മെല്‍ബണില്‍ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിന് ശേഷം ജനുവരി ആദ്യ വാരം സിഡ്നിയില്‍ വെച്ചാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം അരങ്ങേറുക.

Content Highlight: Border – Gavaskar Trophy: Australia announced playing eleven for Boxing Day Test