മുഹമ്മദിനെ അറിയാനും ഇസ്‌ലാം എന്തെന്നും എങ്ങനെയെന്നും നേരെ ചൊവ്വെ തൊട്ടറിയാനും മലയാളികള്‍ക്ക് സധൈര്യം ആശ്രയിക്കാവുന്ന ഒരു മഹത്ഗ്രന്ഥമാണ് “മുഹമ്മദ്” എന്ന് പറയാതിരിക്കാനാവില്ല. മാര്‍ട്ടിന്‍ ലിങ്‌സ് ജന്മനാ മുസ്‌ലീം സമദായംഗമല്ല. ആത്മീയാന്വേഷണ കുതുകിയായൊരു ക്രൈസ്തവ സുദായാംഗമായിരുന്നു മാര്‍ട്ടിന്‍ ലിങ്‌സ്.
ബുക്ക് ന്യൂസ്/സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി
പുസ്തകം: മുഹമ്മദ്
എഴുത്തുകാരന്‍ :മാര്‍ട്ടിന്‍ ലിങ്‌സ്
വിവര്‍ത്തനം:കെ.ടി സൂപ്പി
വിഭാഗം:ചരിത്രം
വില: 340 രൂപ
പ്രസാധകര്‍: അദര്‍ ബുക്‌സ്, കോഴിക്കോട്.
ജീവിതത്തെ അതിന്റെ മുഴുവന്‍ സങ്കീര്‍ണ്ണതകളോട് കൂടിയും അനുവഭിക്കുകയും അഭിമുഖീകരിക്കുകയും ചെയ്ത ഒരു പൂര്‍ണ്ണ മനുഷ്യനായാണ് മാര്‍ട്ടിന്‍ ലിങ്‌സ് ദൈവദൂതനായ “മുഹമ്മദി”നെ അവതരിപ്പിച്ചിരിക്കുന്നത്.[]
മാര്‍ട്ടിന്‍ ലിങ്‌സിന്റെ അവതരണരീതിയുടെ സാരള്യവും സൗന്ദര്യവും ഒട്ടും ചോര്‍ന്നു പോകാതെ തന്നെ “മുഹമ്മദ” എന്ന ജീവചരിത്ര ഗ്രന്ഥം കെ.ടി സൂപ്പി മലയാളത്തിലേക്ക് മൊഴിമാറ്റയിരിക്കുന്നു. അങ്ങനെ മലയാളത്തിലെ തര്‍ജ്ജമ സാഹിത്യ രംഗത്തേക്ക് മുതല്‍ക്കൂട്ടാവുക ഒരു ഉജ്ജ്വലഗ്രന്ഥം പ്രസിദ്ധീകരിക്കാനായതില്‍ അദര്‍ ബുക്ക്‌സിന് അഭിമാനിക്കാം.
സുപ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതനായ മുട്ടാണിശ്ശേരില്‍ കോയക്കുട്ടി മൗലവിയുടെ അവതാരികയോട് കൂടിയാണ് മുഹമ്മദ് എന്ന ജീവചരിത്ര ഗ്രന്ഥം മലയാളികള്‍ക്ക് മുമ്പാകെ വന്നെത്തിയിരിക്കുന്നത് എന്നതിനാല്‍ ഈ ഗ്രന്ഥത്തിന്റെ ആധികാരികതയെക്കുറിച്ചും സംശയിക്കേണ്ടതില്ല.
തീര്‍ച്ചയായും നിരവധി ജീവചരിത്ര ഗ്രന്ഥങ്ങള്‍ മുഹമ്മദ് നബിയെ സംബന്ധിച്ച് മലയാള ലിപികളില്‍ ഇതിന് മുമ്പ് അച്ചടിച്ച് പുറത്ത് വന്നിട്ടുണ്ട്. പക്ഷേ അവയുടെ എല്ലാം ന്യൂനത അറബി ശബ്ദങ്ങളെ മലയാള ലിപിയില്‍ ആവിഷ്‌ക്കരിക്കുക വഴി വായനയെ തടസ്സപ്പെടുത്തന്ന വിരസത വളരെ കൂടുതല്‍ ഉണ്ടെന്നതാണ്.
അത്തരം വിരസത കൂടാതെ ഏതൊരു മലയാളിക്കും വായിച്ച് ഗ്രഹിക്കാവുന്ന മുഹമ്മദിന്റെ ഒരേയൊരു ജീവചരിത്ര ഗ്രന്ഥമാണ് കെ.ടി സൂപ്പി കഥിനാധ്വാനം ചെയ്ത് മൊഴിമാറ്റം നിര്‍വഹിച്ച മാര്‍ട്ടിന്‍ ലിങ്‌സിന്റെ “മുഹമ്മദ്” എന്ന ജീവചരിത്ര ഗ്രന്ഥം എന്ന് തീര്‍ച്ചയായും പറയാം.
ആരിലും വീര്യം പകരുന്ന യോദ്ധാവായ മുഹമ്മദിനേയും ആരുടെ കണ്ണും ഈറനണിഞ്ഞതാക്കുന്ന കരുണവാനായ മുഹമ്മദിനേയും മാത്രമല്ല ആരേയും പൊട്ടിച്ചിരിക്കുന്ന തമാശകള്‍ പറയുന്ന സരസനായ മുഹമ്മദിനേയും മാര്‍ട്ടിന്‍ ലിങ്‌സ് അവതരിപ്പിക്കുന്നുണ്ട്.
മുഹമ്മദിനെ അറിയാനും ഇസ്‌ലാം എന്തെന്നും എങ്ങനെയെന്നും നേരെ ചൊവ്വെ തൊട്ടറിയാനും മലയാളികള്‍ക്ക് സധൈര്യം ആശ്രയിക്കാവുന്ന ഒരു മഹത്ഗ്രന്ഥമാണ് “മുഹമ്മദ്” എന്ന് പറയാതിരിക്കാനാവില്ല.
മാര്‍ട്ടിന്‍ ലിങ്‌സ് ജന്മനാ മുസ്‌ലീം സമദായംഗമല്ല. ആത്മീയാന്വേഷണ കുതുകിയായൊരു ക്രൈസ്തവ സുദായാംഗമായിരുന്നു മാര്‍ട്ടിന്‍ ലിങ്‌സ്. പിന്നീട് ഏതൊരു ആത്മീയാന്വേഷകനും പഠനത്തില്‍ നിന്നൊഴിവാക്കാനാകാത്ത സൂഫിസത്തിലൂടെ മാര്‍ട്ടിന്‍ ലിങ്‌സ് “മുഹമ്മദി”ന്റേയും ഇസ്‌ലാമിന്റേയും പഠനത്തിലേക്ക് പ്രവേശിച്ചു.
അങ്ങിനെയാണ് അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ചത്. അതിനാല്‍ തന്നെ പരമ്പരാഗത മുസ്‌ലീമിന്റെ യാന്ത്രികത കൂടാതെ അന്വേഷണത്തിന്റെ സജീവമായ ആത്മചൈതന്യത്തോടെ “മുഹമ്മദി”നേയും ഇസ്‌ലാമിനേയും അനുഭവിക്കുവാന്‍ മാര്‍ട്ടിന്‍ ലിങ്‌സിന് കഴിഞ്ഞു.
അതുകൊണ്ട് തന്നെ അദ്ദേഹം “മുഹമ്മദി”നെപ്പറ്റി എഴുതിയപ്പോള്‍ ഓരോ വാക്കിലും ജീവചൈതന്യം തുടിച്ചു. അതിനാല്‍ അന്വേഷണാത്മകതയുടെ പ്രാണന്‍ തുടിക്കുന്ന മുഹമ്മദിനെപ്പറ്റിയുള്ള പുസ്തകം എന്ന് മാര്‍ട്ടിന്‍ ലിങ്‌സിന്റെ കൃതിയെ വിശേഷിപ്പിക്കാം.
അതിനെയാണ് കെ.ടി സൂപ്പി ജീവത്തായ മലയാള ഭാഷയിലേക്ക് ആവാഹിച്ചിരിക്കുന്നത്. ഇത് മലയാള ഭാഷയ്ക്ക് സിദ്ധിച്ച അപൂര്‍വ്വാനുഗ്രങ്ങളില്‍ ഒന്നാണ്. നാലപ്പാട്ടു നാരായണ മേനോന്റെ പാവങ്ങള്‍ എന്ന തര്‍ജ്ജമാ ഗ്രന്ഥം പോലെ…
മുഹമ്മദ് നബിയെപ്പറ്റി പുറത്തിറങ്ങിയിട്ടുള്ള മറ്റു ജീവ ചരിത്ര ഗ്രന്ഥങ്ങളില്‍ അറബി ശബ്ദ ബഹുലതയുടെ വിരസത മാത്രമല്ല അനാവശ്യമായ ന്യായീകരണ ശ്രമങ്ങളും വ്യാഖ്യാന കസര്‍ത്തുകളും വളരെയേറെ കാണാം.
ഏച്ചുകൂട്ടലിന്റെ മുഴച്ചു നില്‍പ് ഓരോ ഖണ്ഡികയിലും അനുഭവിക്കേണ്ടി വരും. ഇതേറെയും സംഭവിച്ചു കാണുന്നത് മുഹമ്മദിന്റെ വൈവാഹിക ബന്ധങ്ങളെ സംബന്ധിച്ച് പരമാര്‍ശിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലാണ്.
ഒട്ടേറെ വിവാഹം കഴിച്ചിട്ടുള്ള മുഹമ്മദ് അതത്രയും ചെയ്തത് അനാഥകളും വിധവകളും ആലംബഹീനകളുമായ സ്ത്രീകളെ സംരക്ഷിക്കാനാണ്. അല്ലാതെ ലൈംഗിക താത്പര്യം കൊണ്ടായിരുന്നില്ല, എന്നൊക്കെ ചിത്രീകരിക്കുവാവന്‍ പരമ്പരാഗത മുസ്ലീംങ്ങള്‍ എഴുതിയ ജീവചരിത്ര ഗ്രന്ഥങ്ങളില്‍ പെടാപ്പാടുപ്പെടുന്നത് കാണാം.
എന്നാല്‍ മാര്‍ട്ടിന്‍ ലിങ്‌സ് അത്തരം ന്യായീകരണങ്ങളൊന്നും നടത്തുന്നില്ല. മുഹമ്മദിന്റെ ലൈംഗിക താല്പര്യങ്ങളെ ഒരു കുറ്റകൃത്യമായി അദ്ദേഹം കാണുന്നുമില്ല. തീയിന് ചുറ്റും പ്രകാശവും എന്ന പോലെ മനുഷ്യ പ്രകൃതിയില്‍ സഹജമായുള്ള സര്‍ഗ്ഗശക്തിയാണ് ലൈംഗികതയും അനുരാഗവും.
ആരോഗ്യമുള്ള മനുഷ്യര്‍ക്കെല്ലാം അതുണ്ടാവും മുഹമ്മദ് ദൈവസമര്‍പ്പിതനായ മനുഷ്യന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ മനസ് സ്ഥൈര്യം, ധൈര്യം എന്നിവയാല്‍ ആരോഗ പൂര്‍ണ്ണമായിരുന്നു.
നിഷ്ഠയാല്‍ അദ്ദേഹത്തിന്റെ ശരീരവും അരോഗ്യദൃഢമായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് ലൈംഗികതയും അനുരാഗവും അനുഭവിക്കാനും അനുഭവപ്പെടുത്താനും കഴിയുക എന്നത് സ്വാഭാവികമാണ്.
ഇത്തരമൊരു യഥാതഥമായ കാഴ്ചപ്പാടോട് കൂടിയാണ് മാര്‍ട്ടിന്‍ ലിങ്‌സ് മുഹമ്മദിന്റെ വിവാഹങ്ങളെപ്പറ്റി പ്രതിപാദിക്കുന്നത്. ഇസ്ലാമിക നിയമപ്രകാരം ഒരാള്‍ക്ക് പരമാവധി നാല് വിവാഹങ്ങളേ പാടുള്ളൂ.
പക്ഷേ മുഹമ്മദ് നബി സൈനബിനെ വിവാഹം ചെയ്തത് അഞ്ചാമത്തവളായാണ്. സൈദ് എന്ന ദത്തുപുത്രന്റെ പത്‌നിയായിരുന്നു സൈനബ്. ഒരു ദിവസം സൈദിനെ അന്വേഷിച്ച് മുഹമ്മദ് നബി അയാളുടെ വീട്ടില്‍ ചെന്നു. സൈദ് ഉണ്ടായിരുന്നില്ല. വാതില്‍ തുറന്ന് നബിയെ അകത്തേക്ക് ക്ഷണിച്ച സൈനബിനെ നബി കണ്ടു.
അവരുടെ ആകാരവടിവും ആന്തരഭക്തിയും ദീനദയാലുത്വും എല്ലാം പരസ്പരം കണ്ണിടഞ്ഞപ്പോള്‍ തന്നെ നബി അനുഭവിച്ചറിഞ്ഞു. അദ്ദേഹം വീട്ടിലേക്ക് കയറിയില്ല “അനന്തനായ അല്ലാഹുവിനാണ് മഹത്വം”.
മനുഷ്യരുടെ ഹൃദയങ്ങളെ മാറ്റി മറിക്കുന്നവനാണ് മഹത്വം എന്ന് പറഞ്ഞ് നബി പടിയിറങ്ങി. സൈദും സൈനബും പൊരുത്തത്തിലായിരുന്നില്ല. അതിനാല്‍ നബിക്ക് സൈനബില്‍ അനുരാഗമുണര്‍ന്നെന്ന് മനസിലാക്കിയ സൈദ് സൈനബുമായുള്ള വിവാഹ മോചനം പരസ്പര സമ്മതത്തോടെ നടത്തി.
നബിയോട് സൈനബിനെ സ്വീകരിക്കാനും നിര്‍ബന്ധിച്ചു. പക്ഷേ ഏറെ നാളുകള്‍ക്ക് ശേഷമാണ് സൈനബിനെ സ്വീകരിക്കുവാന്‍ നബിക്ക് ദൈവസമക്ഷത്തില്‍ നിന്ന് അനുവാദം ലഭിച്ചത്.
അപ്പോള്‍ നബി സൈനബിനേയും പത്‌നിയായി വിധി പ്രകാരം സ്വീകരിച്ചു. സൈനബുമായുള്ള നബിയുടെ കൂടിക്കാഴ്ചയും വിവാഹവും വരെയുള്ള കാര്യങ്ങള്‍ അനുരാഗതാരള്യത്തോടെയും അതേസമയം ദൈവദാസനെന്ന നബിയുടെ ആത്മീയ വ്യക്തിത്വത്തിന് ഊനം തട്ടാതെയും വളരെ യഥാതഥമായാണ് മാര്‍ട്ടിന്‍ ലിങ്‌സ് അവതരിപ്പിക്കുന്നത്. മുഹമ്മദും സൈനബും ചേരേണ്ടവര്‍ തന്നെയാണെന്നാണ് അത് വായിക്കുമ്പോള്‍ തോന്നുക.( പേജ് 369-370 )
“ദൈവഗേഹം” എന്ന ഒന്നാം അദ്ധ്യായത്തില്‍ തുടങ്ങി വിയോഗാനന്തരം എന്ന 84 ാം അദ്ധ്യായത്തില്‍ അവസാനിപ്പിക്കുന്ന 582 പേജുകളുള്ള സാമാന്യം വലിയ ഗ്രന്ഥമാണ് “മുഹമ്മദ്”.[]
അദ്ധ്യായങ്ങള്‍ ഏറെ ദീര്‍ഘങ്ങള്‍ അല്ലാത്ത വിധത്തില്‍ സംഗ്രഹിച്ചിരിക്കുന്നത് വായനക്ക് സുഖപ്രദമാണ്. മുഹമ്മദിന്റെ ജനനം അച്ഛനമ്മമാരുടെ നിര്യാണത്താലുണ്ടായ അനാഥത്വം, മുലകുടി ബന്ധങ്ങള്‍, വ്യാപാര സാമര്‍ത്ഥ്യം, ഖദീജയുമായുള്ള വിവാഹം, ഹിറാ ഗുഹയിലെ ധാന്യം, വെളിപാട്, പ്രബോധനത്തിനെതിരെ ഉയര്‍ന്ന വെല്ലുവിളികള്‍, മദീനയിലേക്കുള്ള പലായനം, ബദര്‍, ഉഹ്ദ് യുദ്ധങ്ങള്‍, മക്കാ ജയം, അബൂബക്കറിനെ പ്രാര്‍ത്ഥനാ നേതൃത്വം ഏല്‍പ്പിക്കല്‍ എല്ലാം എല്ലാം സംക്ഷിപ്തമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
പ്രവാചക പത്‌നിമാര്‍ക്കിടയിലെ അസൂയാജന്യങ്ങളായ കിട മത്സരങ്ങളില്‍ വീര്‍പ്പുമുട്ടുന്ന മുഹമ്മദ് നബിയേയും ഗ്രന്ഥകാരന്‍ സരസ്സസുന്ദരമായി ആഖ്യാനം ചെയ്തിരിക്കുന്നു.
എന്നാല്‍ പല ഘട്ടങ്ങളിലായി അവതരിപ്പിക്കപ്പെട്ട ദൈവീക വചനങ്ങളെ ഖുര്‍ആന്‍ എന്ന പേരില്‍ നബി ക്രമീകരിച്ചതിനെപ്പറ്റിയും അനുചരന്മാരുടെ വിദ്യാഭ്യാസത്തിന് വേണ്ടി നബി കൈക്കൊണ്ട നടപടികളെ കുറിച്ചും മാര്‍ട്ടിന്‍ ലിങ്‌സിന്റെ പുസ്തകം ശ്രദ്ധേയമായൊരു വിവരണവും നല്‍കുന്നില്ലെന്നത് പറയാതെ വയ്യ.
എന്നിരുന്നാലും സൗന്ദര്യാസ്വാദകനും, കാവ്യപ്രേമിയും, കളിമട്ടുവിട്ടുമാറാത്ത പ്രായത്തില്‍ നബി പത്‌നിയായ ആയിശയോട് മധ്യവയസ്‌കനായ നബി ഓടിച്ചാടി കളിച്ചുകൊണ്ട് ഇടപഴകാറുള്ളതിനെപ്പറ്റിയും ഒക്കെ പ്രതിപാദിക്കുന്ന ഈ ജീവചരിത്രഗ്രന്ഥം “മുഹമ്മദ്” എന്നാല്‍ വീരാട്ടഹാസം മുഴക്കുന്ന ഒരു യോദ്ധാവുമാത്രമല്ലെന്ന ചിത്രം വസ്തുനിഷ്ഠവും ആധികാരികവും സംക്ഷിപ്തവുമായി അനുവാചകനിലേക്ക് സന്നിവേശിപ്പിക്കും.
ഈ ഗ്രന്ഥം പാരായണം ചെയ്തതിന് ശേഷം ഏതൊരു വായനക്കാരനും വായിക്കുന്നതിന് മുന്‍പ് മുഹമ്മദിനെപ്പറ്റിയോ ഇസ്ലാമിനെപ്പറ്റിയോ ഉണ്ടായിരുന്ന ധാരണയല്ല ഉണ്ടായിരിക്കുക എന്ന് തീര്‍ച്ച.
നജ്‌റാനില്‍ നിന്നുള്ള ക്രൈസ്തവ പാതിരിമാരുടെ ദൗത്യസംഘത്തെ മുഹമ്മദ് നബി മദീനയിലെ അദ്ദേഹത്തിന്റെ പള്ളിയില്‍ സ്വീകരിച്ചതും ക്രൈസ്തവര്‍ക്ക് പ്രാര്‍ത്ഥന നടത്തുവാന്‍ നബിയുടെ പള്ളിയില്‍ തന്നെ സൗകര്യം ഒരുക്കിക്കൊടുത്തതും മാര്‍ട്ടിന്‍ ലിങ്‌സ് എടുത്തെഴുതുന്നുണ്ട്.
ഇക്കാലത്തെ മുസ്ലീം പള്ളികളും പ്രവാചകന്റെ പള്ളിയും തമ്മിലുള്ള വ്യത്യാസം എന്തുമാത്രമെന്ന് തൊട്ടറിയുവാന്‍ ഈ വിവരണം സഹായകമാകും. മക്ക കീഴടക്കാനുള്ള വമ്പിച്ച സൈനിക മുന്നേറ്റം നടക്കുമ്പോള്‍ വഴിയരികില്‍ പെറ്റുകിടന്നിരുന്ന പട്ടിക്കും കുഞ്ഞുങ്ങള്‍ക്കും യാതൊരു അലോസരവും ഉണ്ടാകാതിരിക്കുവാന്‍ ഒരു ഭടനെ കാവല്‍ നിര്‍ത്തുന്ന മുഹമ്മദ് എത്രമേല്‍ കാരുണ്യപൂരിതമായ അന്തരംഗത്തിനുടമയായിരുന്നെന്ന് ഏതൊരാള്‍ക്കും ബോധ്യമാകും.
സത്യവിശ്വാസം സ്വീകരിച്ച ഒരു അടിമയുടെ മോചനത്തിന് ആ അടിമ മുന്നൂറ് ഇന്തപ്പനകള്‍ നട്ടുകൊടുക്കണമെന്ന് അവന്റെ യജമാനന്മാര്‍ ആവശ്യപ്പെട്ടപ്പോള്‍ നബി മുന്നൂറ് ഈന്തപ്പനകള്‍ അടിമയുടെ മോചനത്തിനായി സ്വരൂപിക്കുകയും അത് അത്രയും കുഴിയെടുത്ത് നട്ടുകൊടുക്കുവാന്‍ അനുചരന്‍മാരോടൊപ്പം അധ്വാനിക്കുയും ചെയ്തു. ഈ സംഭവം വായിക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞു പോകും.
ആരിലും വീര്യം പകരുന്ന യോദ്ധാവായ മുഹമ്മദിനേയും ആരുടെ കണ്ണും ഈറനണിഞ്ഞതാക്കുന്ന കരുണവാനായ മുഹമ്മദിനേയും മാത്രമല്ല ആരേയും പൊട്ടിച്ചിരിക്കുന്ന തമാശകള്‍ പറയുന്ന സരസനായ മുഹമ്മദിനേയും മാര്‍ട്ടിന്‍ ലിങ്‌സ് അവതരിപ്പിക്കുന്നുണ്ട്.
ഒരു സംഭവം ഇങ്ങിനെ: ഒരു പ്രവാചക പത്‌നി പ്രവാചകനോട് “തനിക്കൊരു ഒട്ടകത്തെ തരണം” എന്ന് ആവശ്യപ്പെട്ടു. പ്രവാചകന്‍ സഗൗരവം “സാധ്യമല്ല ഞാന്‍ നിനക്കൊരു ഒട്ടകക്കുട്ടിയെ താരം” എന്ന് പറഞ്ഞു. പ്രവാചക പത്‌നി അതുകേട്ട് പരിഭവത്തോടെ പഴയ ആവശ്യം ആവര്‍ത്തിച്ചു.
അപ്പോഴും മുഹമ്മദ് ഇല്ല ദൈവത്താണേ നിനക്കൊരു ഒട്ടകക്കുട്ടിയെ തരാനേ പറ്റൂ എന്ന് പറഞ്ഞു. ഇത്തവണ പക്ഷേ നബി ചിരിച്ചു പോയി. അപ്പോഴാണ് എല്ലാവര്‍ക്കും “ഒട്ടകക്കുട്ടിയല്ലാത്തൊരു ഒട്ടകവും ഇല്ലല്ലോ” എന്ന് ബോധ്യം വന്നത്. അപ്പോള്‍ എല്ലാവരും പൊട്ടിച്ചിരിച്ചു- നബിയും. അദ്ദേഹം പത്‌നിക്ക് ഒരു ഒട്ടകത്തെ സമ്മാനിക്കുയും ചെയ്തു.
ഇതൊക്കെ ഇരിക്കേ തന്നെ മറ്റെന്തിലും ഉപരി ദൈവ സ്മരണക്കും സമര്‍പ്പണത്തിനും ഊന്നല്‍ നല്‍കുന്നതായിരുന്നു മുഹമ്മദിന്റെ ജീവിതം എന്നതിന് മാര്‍ട്ടിന്‍ ലിങ്‌സ് അടിവരയിടുന്നുണ്ട്.
മാര്‍ട്ടിന്‍ ലിങ്‌സ് എഴുതുന്നു “ഹൃദയത്തിന്റെ അന്ധതയെക്കുറിച്ചും അതിന്റെ നിവരാണത്തെക്കുറിച്ചും പ്രവചകന്‍ പറഞ്ഞിട്ടുണ്ട്. തുരുമ്പ് പിടിച്ചതെല്ലാം മിനുസപ്പെടുത്തുന്ന ഒരു വസ്തുതകാണും. എന്നാല്‍ ഹൃദയത്തിന് ബാധിച്ച തുരുമ്പ് ദൈവ സ്മരണയിലൂടെയേ നീക്കിയെടുക്കുവാന്‍ കഴിയുകയുള്ളൂ”(ബൈഹഖി:ദഅവാത്ത്).
വിധി ദിനത്തില്‍ ദൈവത്തിന്റെ ഉന്നത പരിഗണനയ്ക്ക് അര്‍ഹരാകുന്നത് ആരായിരിക്കുമെന്ന ചോദ്യത്തിന് പ്രവാചകന്റെ മറുപടി, “കൂടുതലയായി ദൈവത്തെ അനുസ്മരിച്ച സ്ത്രീകളും പുരുഷന്‍മാരും” എന്നായിരുന്നു.
അവര്‍ ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്തവരേക്കാള്‍ മുന്നിലാണോ എന്ന് ചോദിച്ചപ്പോള്‍ പ്രവാചകന്റെ മൊഴി ഇങ്ങനെ “യോദ്ധാവ് അവന്റെ വാള്‍ ശത്രുനിരയില്‍ ആഞ്ഞ് വീശുകയും അത് പൊട്ടിപ്പോകുന്നതുവരെ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ ചോരപ്പാടുകള്‍ കാണാം. എന്നാലും ദൈവസ്മരണയ്ക്കാണ് അതിനേക്കാള്‍ മികച്ച പദവിയുള്ളത് “. ( തിര്‍മിദി 45 ) (മുഹമ്മദ്മാര്‍ട്ടിന്‍ലിങ്‌സ് പേജ്555-556)
സമഗ്രവും സരസവും യഥാതഥവുമായി മുഹമ്മദ് നബിയേയും ഇസ്ലാമിനേയും അറിയുവാന്‍ ആശ്രയിക്കാവുന്ന ഒരു ഉത്തമഗ്രന്ഥം അതാണ് മാര്‍ട്ടിന്‍ ലിങ്‌സിന്റെ മുഹമ്മദ്. ഈ ഗ്രന്ഥം പാരായണം ചെയ്തതിന് ശേഷം ഏതൊരു വായനക്കാരനും വായിക്കുന്നതിന് മുന്‍പ് മുഹമ്മദിനെപ്പറ്റിയോ ഇസ്ലാമിനെപ്പറ്റിയോ ഉണ്ടായിരുന്ന ധാരണയല്ല ഉണ്ടായിരിക്കുക എന്ന് തീര്‍ച്ച. ഒരു ഗ്രന്ഥ നിരൂപണത്തിന്റെ പരിമിതിയില്‍ ഇത്രയേ പറയാനാകൂ.
Book Name: Muhammad
Author:Martin Lings
Classification: Biography
Price: Rs 340.00
Publisher: Other Books, Kozhikode