1995 മുതല്‍ 2021 വരെ, പലപ്പോഴായി, വിവിധ പ്രസിദ്ധീകരണങ്ങളില്‍ വന്ന ലേഖനങ്ങളുടെ സമാഹാരമാണ് സുദേഷ് എം. രഘുവിന്റെ ഈ പുസ്തകം. എന്നാല്‍ അത് കേവലമായ കുറെ ലേഖനങ്ങള്‍ എന്നതിനുപരിയായി, മണ്ഡല്‍ രാഷ്ട്രീയത്തിന്റെ വളര്‍ച്ച- തളര്‍ച്ചകളും ഗതിവിഗതികളും അതേക്കുറിച്ചുള്ള സുദേഷിന്റെ പ്രതീക്ഷകളുടെയും അശങ്കകളുടെയും കൂടി രേഖപ്പെടുത്തലുകളാണ്...
അലോസരപ്പെടുത്തുന്നയാള്‍ എന്നത്രേ The Disrupter എന്ന വാക്കിന്റെ അര്‍ഥം! മുന്‍ പ്രധാനമന്ത്രി വിശ്വനാഥ് പ്രതാപ് സിങ്ങിന്റെ ജീവിതചരിത്രത്തിന് ചരിത്രകാരന്‍ നല്‍കിയ തലവാചകം അതായിരുന്നു. ഉയര്‍ന്നുവരുന്ന കമണ്ഡല്‍ രാഷ്ട്രീയത്തിന് അല്‍പമെങ്കിലും അലോസരം സൃഷ്ടിക്കാന്‍ സാധിച്ചതു കൊണ്ടായിരിക്കാം ആ പേര് അനുരൂപമാണെന്ന് ജീവചരിത്രകാരന് തോന്നിയത്.
ആ അലോസരക്കാരന് തന്നെ തന്റെ പുസ്തകം സുദേഷ് എം. രഘു സമര്‍പ്പിക്കുന്നത് സുദേഷിന്റെ സാമുദായിക രാഷ്ട്രീയവും സംവരണവും എന്ന പുസ്തകത്തിന്റെ രാ ഷ്ട്രീയം, ഹിന്ദുത്വത്തെ പലതരത്തില്‍ ആലോസരപ്പെടുന്നതാണ് എന്നതുകൊണ്ട് കൂടിയാണ്.
1995 മുതല്‍ 2021 വരെ, പലപ്പോഴായി, വിവിധ പ്രസിദ്ധീകരണങ്ങളില്‍ വന്ന ലേഖനങ്ങളുടെ സമാഹാരമാണ് സുദേഷ് എം. രഘുവിന്റെ ഈ പുസ്തകം. എന്നാല്‍ അത് കേവലമായ കുറെ ലേഖനങ്ങള്‍ എന്നതിനുപരിയായി, മണ്ഡല്‍ രാഷ്ട്രീയത്തിന്റെ വളര്‍ച്ച- തളര്‍ച്ചകളും ഗതിവിഗതികളും അതേക്കുറിച്ചുള്ള സുദേഷിന്റെ പ്രതീക്ഷകളുടെയും അശങ്കകളുടെയും കൂടി രേഖപ്പെടുത്തലുകളാണ്. തന്റെ ലേഖനങ്ങളില്‍, മൌലികമായ ചിന്തയോ ഉള്‍ക്കാഴ്ചയോ പ്രകടമാക്കുന്ന എഴുത്തുകളൊന്നും നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറയുമ്പോഴും മണ്ഡല്‍ രാഷ്ട്രീയത്തിന്റെയും ഒ.ബി.സി സംവരണത്തിന്റെയും അനിഷേധ്യ ശബ്ദമായി മാറുന്നുണ്ട് സുദേഷ്. അത്തരത്തില്‍, തികച്ചും വേറിട്ടതും പുതിയതുമായ ആഖ്യാന ആശയങ്ങളുടെ സമാഹാരം കൂടിയാണ് ഈ പുസ്തകം.
സുദേഷ് എം. രഘു
ഹിന്ദു സമൂഹത്തിന്റെ വിസര്‍ജനപ്പറമ്പുകള്‍
മൂന്നായി തിരിച്ചിരിക്കുന്ന പുസ്തകത്തിന്റെ ആദ്യഭാഗത്തില്‍, കേരള നവോത്ഥാനത്തിലെ തന്നെ പ്രഗദ്ഭരും പ്രധാനികളും രൂപപെട്ട സമുദായം മുന്നോട്ടുവെച്ച ബ്രാഹ്‌മണവിരുദ്ധ രാഷ്ട്രീയത്തിന്റെ സമകാലീന വീഴ്ചയില്‍ ആശങ്കാകുലമായും വര്‍ധിത രോഷത്തോടെയും പ്രതികരിക്കുന്ന എഴുത്തുകാരനെ കാണാം. പലയിടത്തും എസ്.എന്‍.ഡി.പി യോഗത്തെ വിമര്‍ശന വിധേയമാക്കുന്ന ഗ്രന്ഥകാരന്‍, യോഗത്തിന്റെ ആദ്യകാല പ്രവര്‍ത്തകരൊക്കെ, സഹസ്രാബ്ദങ്ങളായി തന്നെ ”അവര്‍ണരുടെ മനുഷ്യാവാശങ്ങളെ കവരുന്ന സവര്‍ണരുമായുള്ള വൈരുദ്ധ്യം” മനസ്സിലാക്കിയവരായിരുന്നുവെങ്കിലും സമകാലീന സമുദായ പ്രമാണികള്‍ ഈ വൈരുദ്ധ്യം വെടിഞ്ഞ് ബ്രാഹ്‌മണ ഹിന്ദുത്വവുമായി സന്ധി ചെയ്യുന്നതിനെ വളരെ ആശങ്കയോടെയാണ് കാണുന്നത്.
പി.കെ. ബാലകൃഷ്ണനെ ഉദ്ധരിച്ചാണെങ്കിലും ”നീഗ്രോവിന് അമേരിക്കന്‍ പൗരത്വം നല്‍കുന്ന അതേ രാഷ്ട്രീയ കൌശലമാണ് അയിത്തക്കാരെയും അവരുടെ ദേവതകളെയും ഹിന്ദുക്കളുടെ വിസര്‍ജനപ്പറമ്പുകളില്‍ കയറ്റിക്കിടത്തിയ ബ്രാഹ്‌മണ്യം ചെയ്തതെന്ന്” ഇടക്കിടെ സുദേഷിലെ എഴുത്തുകാരന്‍ ആവര്‍ത്തിക്കുന്നത് ഇത്തരത്തിലുള്ള രോഷപ്രകടനമാണ്.
കേരള നവോത്ഥാനത്തിലെ സുപ്രധാന ഏടായ നിവര്‍ത്തന പ്രക്ഷോഭത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച ഈഴവ- മുസ്‌ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങളെ വിഭജിക്കുക വഴി, ഈഴവരുടെ ഹിന്ദുത്വ പ്രവേശനവും സവര്‍ണ അടിമത്തവും വേഗത്തിലായതും അതിന്റെ സൂചകമായി, ”ഈഴവപ്പട കണ്ടു ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും ഞെട്ടട്ടെ” എന്ന മുദ്രവാക്യവും ചൂണ്ടിക്കാണിക്കുന്നുണ്ട് സുദേഷ്. ഈഴവരുടെ ഹിന്ദുത്വ പ്രവേശനം വേഗത്തിലാക്കുന്നതില്‍ കുടുംബയൂണിറ്റുകളും അവര്‍ കൈക്കൊണ്ട ബ്രഹ്‌മണിക ആചാരമര്യാദകളും എപ്രകാരം സഹായിച്ചുവെന്നു വ്യക്തമാക്കുന്നവയാണ് പുസ്തകത്തിലെ ആദ്യ ഭാഗത്തിലെ ലേഖനങ്ങള്‍.
സംവരണം പോലുള്ള അവകാശങ്ങളെ തള്ളിക്കള്ളയാനും അതിനോട് അവജ്ഞ രൂപപ്പെടുത്താനും സാധിക്കുക വഴി, സമുദായത്തിന്റെ പിന്നോട്ടുപോക്ക് കൃത്യമായി രേഖപ്പെടുത്തുന്നവയാണ് ഈ ലേഖനങ്ങള്‍. സഹോദരന്‍ അയ്യപ്പനും പെരിയാറും അംബേദ്ക്കറും ഫൂലെയും മുന്നോട്ടുവെക്കുന്ന ബ്രാഹ്‌മണിക വിരുദ്ധ സമുദായിക രാഷ്ട്രീയത്തെ കേവല യുക്തിവാദമോ നീരീശ്വരവാദമോ ആയി കണ്ട് കൈയൊഴിഞ്ഞുകൊണ്ടും ബ്രാഹ്‌മണിക സാഹിത്യത്തിലെ ദൈവങ്ങളെയും വണങ്ങി സമൂഹിക വിപ്ലവം വിജയിപ്പിക്കാന്‍ അവര്‍ണര്‍ക്കാവില്ല എന്നു നിസ്സംശയം ഉറപ്പിച്ചെടുക്കുന്നു ലേഖകന്‍.
ഈഴവരുടെ വിധി എന്ന ലേഖനം സുപ്രധാനമായ മനുഷ്യാവാകശ ലംഘനത്തെക്കൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്. 2000ല്‍, കണ്ണൂര്‍ രാഷ്ട്രീയ കൊലകളുടെ കൂത്തരങ്ങായ കാലത്ത് എല്ലാ പാര്‍ട്ടികളിലുമായ കൊല്ലപ്പെട്ട തീയ്യരുടെ എണ്ണം 133ല്‍ 110 (83 ശതമാനം) എന്ന യോഗനാദത്തിന്റെ കവര്‍ സ്റ്റോറിയെ അടിസ്ഥാനമാക്കി എഴുതുന്ന ലേഖനത്തില്‍, നവോത്ഥാനത്തില്‍ പ്രധാന പങ്കുവഹിച്ച ഒരു സമുദായത്തെ കേവലം വിറകുവെട്ടികളും വെള്ളംകോരികളും ആക്കിമാറ്റുന്ന സവര്‍ണ മുഖ്യധാരാ പാര്‍ട്ടികളോടുള്ള അടങ്ങാത്ത അമര്‍ഷം കാണാം.
അതേസമയം ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ത്തുമ്പോള്‍ പോലും ബ്രാഹ്‌മണ സംസ്‌കാരത്തിനു കീഴപ്പെട്ടുകൊണ്ട് പഞ്ചാംഗം, ജ്യോതിഷം പോലുള്ള പംക്തികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് യോഗനാദം ഉയര്‍ത്തുന്ന രാഷ്ട്രീയം സ്വയം റദ്ദ് ചെയ്യപ്പെടുന്നു എന്ന് വിമര്‍ശിക്കുന്നുമുണ്ടു ലേഖകന്‍. സ്വന്തമെന്ന് ഈഴവര്‍ കരുതുന്ന അടിമച്ചങ്ങല അവര്‍ വലിച്ചെറിയാതെ സമൂഹം രക്ഷ നേടില്ല എന്ന് സഹോദരന്‍ അയ്യപ്പനെ ഉദ്ധരിച്ചു വിശദീകരിക്കുന്നുണ്ടു സുദേഷ് തന്റെ ലേഖനത്തില്‍. ഈഴവ സമുദായവും എസ്.എന്‍.ഡി.പിയും അകപ്പെട്ടിരിക്കുന്ന ഹിന്ദുത്വത്തിന്റെ കെണിയെക്കുറിച്ച് വിശദമായിത്തന്നെ പ്രതിപാദിക്കുന്ന ആദ്യ ലേഖനങ്ങള്‍ ഓരോ പിന്നാക്ക- മധ്യമ ജാതിക്കാരനും വായിച്ചിരിക്കേണ്ടവയാണ്.
അസമാനമായ നീതി വിതരണം
ഇന്ത്യയിലെ നീതിയുടെ വിതരണം എല്ലാ വ്യക്തികളിലേക്കും തുല്യമായ രീതിയില്‍ അല്ല എന്നത് വ്യക്തമാക്കാന്‍ ഉപകരിക്കപ്പെടുന്നവയാണു പുസ്തകത്തിലെ രണ്ടാം ഭാഗത്തിലെ ലേഖനങ്ങള്‍. അംബേദ്കകറെക്കുറിച്ച് ഇന്ന് പലര്‍ക്കും അറിയാമെങ്കിലും സാമൂഹിക മാധ്യമങ്ങളൊന്നും ഇല്ലാത്ത 1998 കാലത്തില്‍ എഴുതപ്പെട്ട ലേഖനം അംബേദ്കറുടെ സാമൂഹിക നീതിയുടെ രാഷ്ട്രീയത്തെ കൃത്യമായി വരച്ചിടുന്നുണ്ട്.
എറ്റവും ശ്രദ്ധേയവും ഏറെ കാലിക പ്രസക്തിയുള്ളതുമായ ലേഖനം, പി.കെ. ബാലകൃഷ്ണനെക്കുറിച്ചുള്ളതാണ്. പി.കെ.ബിയുടെ രചനകളിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണം എന്നു വിശേഷിപ്പിക്കാമെങ്കിലും പി.കെ.ബിയുടെ രാഷ്ട്രീയത്തെ അടയാളപ്പെടുന്ന ലേഖനം കൂടിയാണത്. എത്രമാത്രം യോഗ്യത തെളിയിച്ചു മുന്നോട്ടുവന്നാലും പിന്നാക്ക ജാതി നേതാക്കന്മര്‍ അനുഭവിക്കുന്ന ”അയോഗ്യതകളും” പരിഹാസങ്ങളും അധിക്ഷേപങ്ങളും പരിശോധന വിധേയമാക്കി ആധുനിക ജാതി പ്രവര്‍ത്തിക്കുന്ന രീതി വ്യക്തമാക്കുന്നു രണ്ടാം ഭാഗത്തിലെ മറ്റ് ലേഖനങ്ങള്‍.
പി.കെ. ബാലകൃഷ്ണന്‍
അന്നുവരെ ഇന്ത്യ കണ്ടതിലെ എറ്റവും വലിയ കോമാളിയായും പരിഹാസ പാത്രമായും സവര്‍ണ മാധ്യമങ്ങള്‍, ‘സത്യാനന്തരം’ നടത്തിയെടുത്ത ലാലുവിന്റെ രാഷ്ട്രീയ പ്രതിച്ഛായയെ മറ്റൊരു തരത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് ഒരു ലേഖനം. സമാനമായി കന്‍ഷിറാമിനെക്കുറിച്ചുള്ള ലേഖനവും പ്രായോഗിക രാഷ്ട്രീയത്തിലെ നീക്കങ്ങളെക്കുറിച്ച് മറ്റൊരു ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. കന്‍ഷിറാമിന്റെ നീക്കത്തില്‍ മായാവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആകുന്നത് ചമാറുകളടക്കം പിന്നാക്കാരില്‍ സൃഷ്ടിച്ചെടുത്ത ആത്മവിശ്വാസം തന്നെ.
കന്‍ഷിറാം
”കന്‍ഷിറാമിന്റെ അവസരവാദ രാഷ്ട്രീയമെന്ന മുഖ്യധാര പത്രപ്രവര്‍ത്തന ആഖ്യാനത്തെ” മറിച്ച് അപനിര്‍മിക്കുന്നുണ്ടെന്നു സുദേഷ് അഭിപ്രായപ്പെടുന്നു. കന്‍ഷിറാം മുന്നോട്ടു വെച്ച രാഷ്ട്രീയത്തെ വിശദമായി മനസ്സിലാക്കാന്‍ സഹായിക്കുന്ന ലേഖനം കൂടിയാണത്. അഴിമതിക്കാരായ സവര്‍ണ നേതാക്കളെയും അവര്‍ണ നേതാക്കളെയും താരതമ്യം ചെയ്തു നടത്തുന്ന ലേഖനത്തിന്റെ ഭാഗം തന്നെ ഇന്ത്യയിലെ നീതിയുടെ വിതരണം തുല്യമായല്ല എന്നതിന്റെ തെളിവു കൂടിയാണ്.
ഒ.ബി.സി ധ്വംസനം
ഇന്ത്യയിലെ സംവരണ പ്രശ്‌നം ആത്യന്തികമായി ഒരു ഒ.ബി.സി പ്രശ്‌നമാണെന്നും സംവരണത്തിന് എതിരെയുള്ള സമരങ്ങളും പ്രതിഷേധങ്ങളും യഥാര്‍ഥത്തില്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്ക് എതിരെയുള്ള സമരങ്ങളാണെന്നും തെളിയിക്കുന്ന ലേഖനങ്ങളാണു പുസ്തകത്തിന്റെ മൂന്നാം ഭാഗം. അല്‍പ്പം സാങ്കേതികതകളില്‍ കുരുങ്ങിപ്പോകുമ്പോളും പ്രാതിനിധ്യ രാഷ്ട്രീയ വക്താക്കളും സ്വന്തം അവകാശത്തെ അറിയാന്‍ ആഗ്രഹിക്കുന്ന ഒ.ബി.സി വിഭാഗങ്ങളും നിശ്ചയമായും വായിച്ചിരിക്കേണ്ട ലേഖനങ്ങളാണ് ഇവ.
മണ്ഡല്‍ കമ്മിഷന്‍ നടപ്പിലാക്കുന്നതും അതുവഴി ഒ.ബി.സി വിഭാഗങ്ങള്‍ക്കു ലഭിക്കുന്ന സംവരണത്തിലേക്ക് ഇന്ദിര സാഹ്നി കേസിലൂടെ സാമ്പത്തിക മാനദണ്ഡം സ്ഥാപനവല്‍ക്കരിക്കുന്നതും ക്രീമിലെയറിനെ ഒഴിവാക്കുന്നതിലൂടെ സംഭവിക്കുന്ന പ്രാതിനിധ്യക്കുറവും വിശദമായിത്തന്നെ ഈ ലേഖനങ്ങളിലൂടെ മനസ്സിലാക്കാവുന്നതാണ്. പലപ്പോഴും ദളിത് സംവരണത്തിലേക്കു മാത്രമായി ഒതുങ്ങിപ്പോകുന്ന പ്രാതിനിധ്യ രാഷ്ട്രീയത്തെ പിന്നാക്ക രാഷ്ട്രീയത്തിന്റെ കൂടി ചരിത്രമാക്കി മനസ്സിലാക്കാന്‍ ഈ ലേഖനങ്ങള്‍ സഹായിക്കുന്നു.
ഒ.ബി.സിയിലെ ക്രിമീലെയര്‍, സാമ്പത്തിക സംവരണം, സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് എന്നിവയെ വിശദമാക്കുന്ന ലേഖനങ്ങള്‍ സംവരണത്തിലെ അപകാതകളെയും അട്ടിമറികളെയും വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. സംവരണത്തിനെതിരായി, സംവരണ വിരോധികള്‍ കാലങ്ങളായി ഉന്നയിച്ചുപോരുന്ന പല വാദങ്ങളും, മുന്നാക്ക സംവരണം നടപ്പിലാക്കിയതിനു ശേഷം എപ്രകാരമാണ് അവര്‍ തന്നെ വിഴുങ്ങിക്കളയുന്നതെന്നും ഈ ലേഖനങ്ങളിലൂടെ മനസ്സിലാക്കാം.
സംവരണം, വിശിഷ്യാ ഒ.ബി.സി സംവരണം അട്ടിമറിക്കുന്നതിലൂടെ സ്ഥാപിച്ചെടുക്കുന്ന സവര്‍ണാധിപത്യം എന്നിവയെക്കുറിച്ച് അറിയാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള കൈപ്പുസ്തകം കൂടിയാണ്സാമുദായിക രാഷ്ട്രീയവും സംവരണവും എന്ന ഈ പുസ്തകം. സംവരണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ നിലപാടും അവര്‍ സൃഷ്ടിച്ചെടുക്കുന്ന ആഖ്യാനങ്ങളും എത്രമാത്രം സവര്‍ണയുക്തിയുടേതാണെന്ന് തിരിച്ചറിയാന്‍ ഈ പുസ്തകം വായിച്ചാല്‍ മതിയാവും.
കേവലം മറ്റൊരു പുസ്തകം എന്നതിനപ്പുറം, പ്രസാധകര്‍ അവകാശപ്പെടുന്നത് പോലെ, ”വ്യക്തിയും സിവില്‍ സമൂഹവും ചേര്‍ന്നുണ്ടാക്കുന്ന ജനാധിപത്യ സമൂഹ നിര്‍മിതിയ്ക്ക് ജാതിയധികാര ബന്ധങ്ങളുടെ സങ്കീര്‍ണമായ കുരുക്കഴിക്കാന്‍ ആവശ്യമായ സമകാലീന ജ്ഞാനരൂപീകരണത്തിനുതകുന്ന” 200 ഓളം വിലമതിക്കാനാത്ത പേജുകളാണ് എന്നതില്‍ സംശയമില്ല.
ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നതു പോലെ, സാമൂഹികനീതയിലധിഷ്ഠിതമായ സ്വതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും സാമ്പത്തിക രാഷ്ട്രീയ തുല്യതയ്ക്കും ഊന്നല്‍ നല്‍കുന്ന ജനാധിപത്യ സംവാദങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും സഹായകരമാകുന്ന പഠനോപാധികളും ദത്തങ്ങളും സാംസ്‌കാരിക കേരളത്തിനു പ്രദാനം ചെയ്തു എന്ന കാര്യത്തില്‍ ഈ പുസ്തകത്തിലുടെ സുദേഷ് എം. രഘുവിന് എന്നും അഭിമാനിക്കാം, ഇതിന്റെ പ്രസാധകര്‍ എന്ന നിലയ്ക്ക് ഗുസ്‌ബെറി ബുക്ക്‌സിനും. ഒറ്റവാക്കില്‍, ഈ നിലാപാടുള്ളവര്‍ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകം.
സുദേഷ് എം. രഘുവിന്റെ ‘സാമുദായിക രാഷ്ട്രീയവും സംവരണവും’ എന്ന ഗൂസ്ബെറി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ലഭിക്കുവാൻ,
കൂടുതൽ വിവരങ്ങൾക്ക് 6235178393 എന്ന നമ്പറിൽ ബന്ധപ്പെടുക.
Content Highlight: Book Review by Prasanth Geetha Appul, reviewing book by Sudesh M Raghu