Daily News
നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ കുട്ടികളെ ചുട്ടുകൊന്നു: 86 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Feb 01, 03:56 am
Monday, 1st February 2016, 9:26 am

BOKO1 നൈജീരിയ: കുട്ടികള്‍ ഉള്‍പ്പെടെ 86 പേരെ ബൊക്കോ ഹറാം തീവ്രവാദികള്‍ ചുട്ടുകൊന്നതായി അധികൃതര്‍. നൈജീരിയയില്‍ ദലോരി ഗ്രാമത്തില്‍ ശനിയാഴ്ച ബൊക്കോ ഹറാം നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

ഗ്രാമത്തിലെത്തിയ തീവ്രവാദികള്‍ ഗ്രാമവാസികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ വീടുകള്‍ക്ക് തീയിടുകയും ചെയ്തു. നിരവധി പേരാണ് വീടുകള്‍ക്കുള്ളില്‍ പൊള്ളലേറ്റു മരിച്ചത്.
BOKO
25,000 അഭയാര്‍ഥികള്‍ താമസിക്കുന്ന പ്രദേശത്തെ ക്യാമ്പിനുനേരെയും ആക്രമണമുണ്ടായതായി അധികൃതര്‍ അറിയിച്ചു. ബൊക്കോ ഹറാമിന്റെ ഉത്ഭവകേന്ദ്രമായ മൈദുഗുരിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയാണ് ദലോരി ഗ്രാമം.

മൂന്ന് ചാവേറുകള്‍ നടത്തിയ വെടിവെപ്പും തീവെപ്പും സ്‌ഫോടനവും ഏതാണ്ട് നാലു മണിക്കൂറോളം നീണ്ടുനിന്നെന്ന് ആക്രമണത്തില്‍ രക്ഷപ്പെട്ട അലാമിന്‍ ബുകുറ പറഞ്ഞു. ആക്രമണത്തില്‍ ബുകുറയുടെ പല ബന്ധുക്കളും കൊല്ലപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച രാത്രി 8.40 ഓടെ സുരക്ഷാ സൈന്യം ദലോരിയിലെത്തിയെങ്കിലും മാരകആയുധങ്ങളുമായി ആക്രമണം നടത്തുന്ന ബൊക്കോ ഹറാം തീവ്രവാദികളെ ഇവര്‍ക്ക് നേരിടാനായില്ല. കൂടുതല്‍ ആയുധങ്ങളുമായി മറ്റൊരു സംഘം വന്നതിനുശേഷമാണ് തീവ്രവാദികളെ എതിരിട്ടതെന്നാണ് സൈനിക വൃത്തങ്ങളില്‍ നിന്നുള്ള വിവരം.