World News
ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുക മാത്രമാണ് ഇറാനെ ഒറ്റപ്പെടുത്താനുള്ള ഏക മാർഗം: ആന്റണി ബ്ലിങ്കൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jan 12, 03:56 am
Friday, 12th January 2024, 9:26 am

ഇസ്രഈലിനെതിരായി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സൗത്ത് ആഫ്രിക്ക കേസ് ഫയൽ ചെയ്തതിനെ പിന്തുണച്ചുകൊണ്ട് അറബ് ലീഗ് പ്രസ്താവന പുറത്തുവിട്ടതിന് പിന്നാലെയാണ് ബ്ലിങ്കന്റെ ഈജിപ്ത് സന്ദർശനം.

കെയ്റോ: പ്രാദേശിക ബന്ധങ്ങൾ സാധാരണ നിലയിലാക്കാനും ഇറാനെ ഒറ്റപ്പെടുത്താനും ഇസ്രഈലിന് മുന്നിലുള്ള ഏറ്റവും നല്ല മാർഗം ഫലസ്തീൻ രാഷ്ട്രം അംഗീകരിക്കുക എന്നതാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ.

‘ഒന്നുകിൽ ഇസ്രഈലിന് പ്രാദേശിക രാജ്യങ്ങളിൽ നിന്നും യു.എസിൽ ഇന്നും സുരക്ഷാ വാഗ്ദാനങ്ങളോടെ ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാം, അല്ലെങ്കിൽ ഇറാന്റെ പിന്തുണയോടെയുള്ള ഹമാസിന്റെയും ഹൂത്തികളുടെയും ഹിസ്ബുള്ളയുടെയും തീവ്രവാദം കണ്ടുകൊണ്ടിരിക്കുന്നത് തുടരാം,’ ബ്ലിങ്കൻ പറഞ്ഞു.

ഈജിപ്തിൽ സന്ദർശനം നടത്തിയ ബ്ലിങ്കൻ കെയ്റോയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

തുർക്കി, ഗ്രീസ്, ജോർദാൻ, ഖത്തർ, സൗദി അറേബ്യ, ഇസ്രഈൽ, വെസ്റ്റ് ബാങ്ക്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ ഒരാഴ്ച നീണ്ട പര്യടനം നടത്തുകയാണ് ബ്ലിങ്കൻ.

ഇറാനെയും കൂട്ടാളികളെയും ഒറ്റപ്പെടുത്താനുള്ള ഏക മാർഗം ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുക എന്നതാണെന്ന് ബ്ലിങ്കൻ പറഞ്ഞു.

ഇസ്രഈലിനെതിരായി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സൗത്ത് ആഫ്രിക്ക കേസ് ഫയൽ ചെയ്തതിനെ പിന്തുണച്ചുകൊണ്ട് അറബ് ലീഗ് പ്രസ്താവന പുറത്തുവിട്ടതിന് പിന്നാലെയാണ് ബ്ലിങ്കന്റെ ഈജിപ്ത് സന്ദർശനം.

അതേസമയം ഫലസ്തീൻ രാഷ്ട്രം എന്ന ആവശ്യത്തോട് നെതാന്യാഹുവും അദ്ദേഹത്തിന്റെ ക്യാബിനറ്റും എങ്ങനെയാണ് പ്രതികരിച്ചതെന്ന് പറയാൻ ബ്ലിങ്കൻ തയ്യാറായില്ല.

Content Highlight: Blinken says path to Palestinian state can isolate Iran