Entertainment
അത്തരം അപകടങ്ങളെ കുറിച്ചുള്ള ചിന്തയൊന്നും ലാലേട്ടനെ അന്ന് അലട്ടിയിട്ടേയില്ല: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 17, 12:23 pm
Monday, 17th February 2025, 5:53 pm

വളരെ കുറച്ച് സിനിമകള്‍ മാത്രം ചെയ്ത് മലയാളത്തിലെ മികച്ച സംവിധായകരുടെ പട്ടികയില്‍ ഇടം പിടിച്ചയാളാണ് ബ്ലെസി. പത്മരാജന്റെ അസിസ്റ്റന്റായി തൂവാനത്തുമ്പികളിലൂടെയാണ് ബ്ലെസി സിനിമാ മേഖലയിലേക്കെത്തിയത്. മമ്മൂട്ടിയെ നായകനാക്കി കാഴ്ച എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.

20 വര്‍ഷത്തെ കരിയറില്‍ വെറും ഏഴ് സിനിമകള്‍ മാത്രമാണ് ബ്ലെസി സംവിധാനം ചെയ്തത്. മൂന്ന് തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടാന്‍ ബ്ലെസിക്ക് സാധിച്ചു. അവസാനമിറങ്ങിയ ആടുജീവിതം എന്ന സിനിമയും നിരവധി പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി ബ്ലെസിയുടെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭ്രമരം. മോഹന്‍ലാല്‍ എന്ന നടന്റെ ഗംഭീര പ്രകടനം ഭ്രമരത്തിലൂടെ കാണാന്‍ സാധിച്ചു. സ്‌കീസോഫ്രീനിയ ബാധിച്ച ശിവന്‍കുട്ടിയായി മോഹന്‍ലാല്‍ പകര്‍ന്നാടുകയായിരുന്നു. ഞൊടിയിടകള്‍ കൊണ്ട് ഭാവങ്ങള്‍ മാറ്റി മാറ്റി അത്ഭുതപ്പെടുത്തുന്ന പെര്‍ഫോമന്‍സാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചത്.

തന്മാത്ര എന്ന സിനിമയിൽ നിന്ന് ഏറെ വ്യത്യസ്‍തമായ കഥാപാത്രമാണ് മോഹൻലാൽ ഭ്രമരത്തിൽ കാഴ്ചവെച്ചതെന്ന് ബ്ലെസി പറയുന്നു. സിനിമയ്ക്കായി പലപ്പോഴും അപകടകരമായ സന്ദർഭങ്ങളിലൂടെ മോഹൻലാൽ കടന്നുപോയിട്ടുണ്ടെന്നും എന്നാൽ അതൊന്നും മോഹൻലാലിനെ ഒട്ടും അലട്ടിയിരുന്നില്ലെന്നും ബ്ലെസി പറയുന്നു. മോഹൻലാലിന് സിനിമയോടുള്ള അഭിനിവേശം കൊണ്ടാണ് അതെന്നും ബ്ലെസി കൂട്ടിച്ചേർത്തു.

‘ഭ്രമരം തന്മാത്രയിൽ നിന്ന് തികച്ചും വ്യത്യസ്‌തമായിരുന്നു. ശിവൻകുട്ടി വിദ്യാഭ്യാസമില്ലാത്തവനാണ്, പല പേരുകളിൽ അറിയപ്പെടുന്നവനാണ്. സ്വന്തം അസ്‌തിത്വം നഷ്ടപ്പെടുത്തിക്കൊണ്ട് മറ്റൊരാളായി ബിഹേവ് ചെയ്യുന്ന ശിവൻകുട്ടിയിൽ ഒരു ഉൻമാദിയുണ്ടെന്നും അടങ്ങാത്ത ഒരു പകയുണ്ടെന്നും ഹൈഡ് ചെയ്‌തുകൊണ്ടുള്ള സ്ക്രിപ്റ്റിങ്ങായിരുന്നു ചിത്രത്തിന്.

പലപ്പോഴും വളരെ അപകടകരമായ സന്ദർഭങ്ങളിലൂടെ ലാൽ കടന്നു പോകുന്നുണ്ട്. പഴയ ജീപ്പിൽ ദുർഘടമായ വഴികളിലൂടെയെല്ലാം ലാൽ കടന്നു പോകുമ്പോൾ അത്തരം അപകടങ്ങളെ കുറിച്ചുള്ള ചിന്ത അദ്ദേഹത്തെ ഒട്ടും അലട്ടുന്നുണ്ടായിരുന്നില്ല. മറിച്ച് ശിവൻകുട്ടി ഇങ്ങനെയൊക്കെ പോയേ പറ്റൂ എന്നുള്ള ഭാവം തന്നെയായിരുന്നു.

അത് ഗാഢമായ അഭിനിവേശംകൊണ്ടാണ്. സിനിമയോടും അഭിനയത്തോടും ഓരോ അണുവിലുമുള്ള പ്രണയം കൊണ്ടാണ്. നെല്ലിയാംപതിയിലെ ആ മലനിരകളിൽ ശിവൻകുട്ടി തുള്ളിച്ചാടുന്നതുപോലെയാണ് മോഹൻലാലും നെല്ലിയാംപതി കണ്ടപ്പോൾ പ്രകടിപ്പിച്ചത്,’ബ്ലെസി പറയുന്നു.

2019 ൽ ഇറങ്ങിയ ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗമായ എമ്പുരാനാണ് ഇനി റിലീസാവാനുള്ള മോഹൻലാൽ ചിത്രം. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ആണ് മറ്റൊരു സിനിമ. ഈ വർഷം ആദ്യം റിലീസ് തീരുമാനിച്ച തുടരും ചില കാരണങ്ങളാൽ റിലീസ് മാറ്റി വെക്കുകയായിരുന്നു. എന്നാൽ മെയ് മാസത്തിൽ തുടരും പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

 

Content Highlight: Blessy About Mohanlal’s Acting In Bhramaram Movie