നവംബര്‍ 29 നാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാനുള്ള ബില്ല് ഈ സമ്മേളനത്തില്‍ തന്നെ പാസാക്കിയെടുക്കാനാണ് സര്‍ക്കാര്‍ നീക്കം.
അതേസമയം കര്‍ഷകര്‍ക്ക് കൊടുത്ത വാക്ക് പാലിക്കാനായി മോദി കാണിക്കുന്ന താല്‍പര്യമാണ് അതിവേഗം പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കുന്നതിന് പിന്നിലെന്ന് പേര് വെളിപ്പെടുത്താത്ത ഒരു കേന്ദ്രമന്ത്രി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കിയിരുന്നു.
മൂന്ന് കേന്ദ്ര കാര്‍ഷിക നിയമങ്ങളും റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് 2021 ലെ ഫാം ലോസ് റിപ്പീല്‍ ബില്ലിന് അംഗീകാരം ലഭിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷത്തിലേറെയായി കര്‍ഷകര്‍ സമരം തുടരുന്നതിനിടെയാണ് നിയമം പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്നത്. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്.
നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും മോദി അറിയിച്ചിരുന്നു. പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്.