Kerala News
സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തില്‍ ബി.ജെ.പി ഇടപെടല്‍; മൊഴിചോര്‍ച്ച വിവാദമാക്കിയത് കേസ് അനില്‍ നമ്പ്യാരിലേക്ക് തിരിഞ്ഞതോടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 07, 04:54 am
Monday, 7th September 2020, 10:24 am

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ജനം ടി. വി എഡിറ്റര്‍ അനില്‍ നമ്പ്യാരിലേക്ക് തിരിഞ്ഞതോടെ കേസില്‍ ഇടപെട്ട് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും. കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ചോര്‍ന്നത് വിവാദമാക്കി അന്വേഷണത്തെ വഴിതിരിച്ച് വിടാനാണ് ബി.ജെ.പി ശ്രമമെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ നിന്ന് മൊഴി ചോര്‍ന്നിട്ടില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നു. സ്വപ്‌നയുടെ മൊഴി ചോര്‍ന്നത് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ നിന്നല്ലെന്ന് ബോധ്യപ്പെട്ടതായി പ്രിവന്റീവ് കമ്മീഷണറും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതിന് ശേഷവും അന്വേഷണ സംഘത്തിനെതിരെ ബി.ജെ.പി പ്രചാരണം തുടരുകയാണ്. എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയ ചായ്‌വ് ഉണ്ടെന്നാണ് ബി.ജെ.പി ആരോപണം. ഇതേതുടര്‍ന്ന് അന്വേഷണ സംഘത്തില്‍ അഴിച്ചു പണി നടത്താനുള്ള തീരുമാനത്തിനെതിരെയും ഉദ്യോഗസ്ഥര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാരുടെ തുടര്‍ചോദ്യം ചെയ്യല്‍ തടയാനാണ് ബി.ജെ.പി മൊഴി ചോര്‍ന്നിട്ടുണ്ടെന്ന വിവരം വിവാദമാക്കിയത്.
ഓഗസ്റ്റ് 27ന് ചോദ്യം ചെയ്ത ശേഷം അനില്‍ നമ്പ്യാര്‍ കൊച്ചിയില്‍ കസ്റ്റംസിന്റെ നിരീക്ഷണത്തിലായിരുന്നു. മൊഴിചോര്‍ച്ച വിവാദമായതോടെ തുടര്‍ ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ച് നഗരത്തിലെ ഒരു ഹോട്ടലില്‍ പാര്‍പ്പിച്ചിരുന്ന ഇയാളെ കൊച്ചിയില്‍ നിന്നും വിട്ടയച്ചതായാണ് വിവരമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊഴി ചോര്‍ച്ച കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പ്രിവന്റീവ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൊഴിചോര്‍ച്ച വിവാദമായതോടെ അന്വേഷണ സംഘത്തിലെ അസിസ്റ്റന്റ് കമീഷണര്‍ എന്‍. എസ് ദേവിനെ കസ്റ്റംസ് നിയമ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. നേരത്തെ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെ ഇടപെടലിലൂടെ ജോയിന്റ് കമീഷണര്‍ അനീഷ് പി രാജനെ നാഗ്പുരിലേക്ക് സ്ഥലം മാറ്റുകയും അന്വേഷണ സംഘത്തിലെ രണ്ട് സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെ എട്ടുപേരെയും പ്രിവന്റീവ് വിഭാഗത്തില്‍നിന്ന് മാറ്റുകയും ചെയ്തിരുന്നു.

കസ്റ്റംസ് നിയമം 108ാം വകുപ്പ് പ്രകാരം സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയില്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ ഗുരുതര പരാമര്‍ശമാണുള്ളത്. 108ാം വകുപ്പ് പ്രകാരമുള്ള മൊഴി തെളിവായെടുത്ത് കൊണ്ട് തന്നെ അനില്‍ നമ്പ്യാരെ അറസ്റ്റ് ചെയ്യാവുന്നതുമാണ്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്താനിരിക്കെയാണ് അനില്‍ നമ്പ്യാരെ വിട്ടയക്കുന്നതെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP trying to turn the case after claiming the involvement of Anil Nambiar