ന്യൂദല്‍ഹി: വീണ്ടും വിദ്വേഷ പരസ്യം പ്രചരിപ്പിച്ച് ബി.ജെ.പി. മുസ്‌ലിം-സിഖ് സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനാണ് പരസ്യം ശ്രമിക്കുന്നത്. കോണ്‍ഗ്രസ് മുസ്‌ലിങ്ങള്‍ക്ക് വേണ്ടി സിഖുകാരുടെ സ്വത്തുക്കള്‍ ലക്ഷ്യമിടുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ബി.ജെ.പിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പരസ്യം പ്രചരിപ്പിച്ചത്.
മെയ് 24നാണ് ബി.ജെ.പി ഈ വീഡിയോ പുറത്തുവിട്ടത്. മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ ബി.ജെ.പി നിരവധി പരസ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ബി.ജെ.പിയുടെ വിദ്വേഷ പരസ്യങ്ങള്‍ തടയുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടുകയുമുണ്ടായി.
എന്നാല്‍ ബി.ജെ.പിയുടെ പുതിയ പരസ്യം സിഖ് സമുദായക്കാരെ ലക്ഷ്യം വെച്ചുള്ളതാണ്. കോണ്‍ഗ്രസിനെയും സിഖുകാരെയും പരസ്യം ഒരുപോലെ ലക്ഷ്യം വെക്കുന്നതായാണ് വിമര്‍ശനം.
After dividing Hindus and Muslims, BJP wants to provoke Sikhs against Muslims.
RIP @ECISVEEP. pic.twitter.com/S8bHQwN7hZ— Alishan Jafri (@alishan_jafri) May 24, 2024
‘ഷൈഖ് ഇര്‍ഫാന്‍ എന്ന് പേരുള്ള ഒരു വീട്ടില്‍ നിന്നാണ് പരസ്യം ആരംഭിക്കുന്നത്. കോണ്‍ഗ്രസ് അനുഭാവിയായ ഒരു വ്യക്തി സിഖുകാരനായ വീട്ടുകാരന്റെ സ്വത്തുവിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ പരിശോധിക്കുന്നതായാണ് തുടക്കം. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാഹുല്‍ ഗാന്ധി അധികാരത്തിലേറിയാല്‍ സ്വത്ത് വിഭജിക്കുമെന്ന് പറയുന്നു.
ഇതിന് മറുപടിയായി രാജ്യത്തെ രണ്ടായി വിഭജിച്ച വിഷയങ്ങള്‍ വീട്ടുകാരന്‍ ചൂണ്ടിക്കാട്ടുകയാണ്. പിന്നാലെ രാഹുല്‍ ഗാന്ധി നീതിക്ക് വേണ്ടിയാണ് വിഭജനം നടത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്നു. തുടര്‍ന്ന് വീട്ടുകാരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വടിയെടുത്ത് ഓടിക്കുകയാണ്,’ ഈ രീതിയിലാണ് ബി.ജെ.പി പരസ്യം നിര്‍മിച്ചിരിക്കുന്നത്.
ജൂണ്‍ ഒന്നിന് പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിയുടെ നീക്കം. സിഖ് വോട്ടര്‍മാരുടെ ആധിപത്യമുള്ള സംസ്ഥാനമാണ് പഞ്ചാബ്. പഞ്ചാബിന് പുറമെ ഹരിയാനയിലെയും ദല്‍ഹിയിലെയും വോട്ടര്‍മാരെ പ്രതിപക്ഷ സഖ്യത്തിനെതിരെയും മുസ്‌ലിങ്ങള്‍ക്കെതിരെയും തിരിക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്.
സിഖുകാരെ വര്‍ഗീയമായി പ്രോകോപിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പരസ്യമെന്ന് നെറ്റിസണ്‍സ് പ്രതികരിച്ചു. നിരവധി ആളുകള്‍ ഈ പരസ്യ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നതായും നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടി.
Content Highlight: BJP spread hate advertisement targeting Sikh community