ഹരിയാനയിലേത് പോലുള്ള കലാപങ്ങള്‍ മധ്യപ്രദേശിലും ഉണ്ടാക്കാന്‍ ബി.ജെ.പി പദ്ധതിയിടുന്നു: ദിഗ്‌വിജയ് സിങ്
national news
ഹരിയാനയിലേത് പോലുള്ള കലാപങ്ങള്‍ മധ്യപ്രദേശിലും ഉണ്ടാക്കാന്‍ ബി.ജെ.പി പദ്ധതിയിടുന്നു: ദിഗ്‌വിജയ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th August 2023, 9:10 am

ഭോപ്പാല്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയിലേതിന് സമാനമായ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ബി.ജെ.പി ആസൂത്രണം ചെയ്യുന്നതായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ്. സംസ്ഥാന കോണ്‍ഗ്രസിന്റെ ലീഗല്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ് സെല്‍ സംഘടിപ്പിച്ച അഭിഭാഷക സംഗമമായ ‘ വിധിക് വിമര്‍ശ് 2023’ ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിയാനയിലെ സംഘര്‍ഷത്തെ കുറിച്ച് പറയുന്നതിനിടെയായിരുന്നു സിങ്ങിന്റെ പരാമര്‍ശം.

ബി.ജെ.പി വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഹരിയാനയിലെ സംഘര്‍ഷത്തിന് ഉത്തരവാദികള്‍ അവരാണെന്നും ദിഗ്‌വിജയ് സിങ് കുറ്റപ്പെടുത്തി. ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന മധ്യപ്രദേശില്‍ ഉണ്ടാകാനിടയുള്ള രോഷം മറികടക്കാന്‍ ബി.ജെ.പി കലാപങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എങ്ങനെയാണോ അവര്‍ ഹരിയാനയില്‍ കലാപങ്ങള്‍ ഉണ്ടാക്കിയത്, അതുപോലെ മധ്യപ്രദേശിലും കലാപങ്ങള്‍ ഉണ്ടാക്കാനാണ് ആസൂത്രണം ചെയ്യുന്നത്. അവര്‍ക്കെതിരെ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതായി അവര്‍ക്കറിയാം,’ സിങ് പറഞ്ഞു.

2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജ്യസഭാംഗം വിവേക് തെന്‍ക ആയിരക്കണക്കിന് അഭിഭാഷകരെ കോണ്‍ഗ്രസിനൊപ്പം അണിനിരത്തി. നമ്മള്‍ സര്‍ക്കാര്‍ രൂപീകരിച്ചു. ഇപ്പോള്‍ ഇവിടെയും നിരവധി അഭിഭാഷകരാണ് എത്തിയിരിക്കുന്നത്. മധ്യപ്രദേശില്‍ അടുത്ത സര്‍ക്കാര്‍ നമുക്കുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.

ദിഗ് വിജയ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പിയും രംഗത്തെത്തി. സിങ്ങിന് വിവാദ പ്രസ്താവനകള്‍ നടത്താനറിയാമെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിക്കാന്‍ ഭയമാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശര്‍മ പറഞ്ഞു.

അതേസമയം, കഴിഞ്ഞ 18 വര്‍ഷമായി ബി.ജെ.പി സര്‍ക്കാരിന് കീഴിലുണ്ടായ അഴിമതി ആരോപണങ്ങളുടെ പട്ടിക (ഘോട്ടാല ഷീറ്റ്) കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തിറക്കി. അഴിമതിയെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ ചിത്രം വരുന്ന കാലം ഒരുപാട് അകലെയല്ലെന്ന് പട്ടിക പുറത്തിറക്കി കൊണ്ട് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

’18 വര്‍ഷത്തെ ഭരണത്തില്‍ മധ്യപ്രദേശിലെ ശിവരാജ് ചൗഹാന്റെ സര്‍ക്കാര്‍ അഴിമതിയില്‍ ലോക റെക്കോഡാണ് ഉണ്ടാക്കിയിരിക്കുന്നത്. പട്ടിക വളരെ വലുതാണ്. കോണ്‍ഗ്രസ് ചില വമ്പന്‍ അഴിമതികള്‍ ഘോട്ടാല ഷീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ ഗൂഗിളില്‍ അഴിമതിയെന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ശിവരാജ് സിങ് ചൗഹാന്റെ ചിത്രം വരുന്ന കാലം വിദൂരമല്ല,’ കമല്‍ നാഥ് പറഞ്ഞു.

Content Highlights: BJP planning a nuh like riots in madhyapradesh: Digvijay singh