കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം പശ്ചിമ ബംഗാളിലും നടപ്പാക്കുമെന്ന് ബി.ജെ.പി നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. ധൈര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അത് തടയണമെന്നും സുവേന്ദു അധികാരി വെല്ലുവിളിച്ചു.
ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ താക്കൂര്‍നഗറില്‍ നടന്ന ഒരു യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുവേന്ദു അധികാരി.
”നമ്മള്‍ സി.എ.എയെക്കുറിച്ച് നിരവധി തവണ ചര്‍ച്ച ചെയ്തിട്ടുണ്ട്. അത് ബംഗാളില്‍ നടപ്പിലാക്കുക തന്നെ ചെയ്യും. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ അത് നടപ്പിലാക്കുന്നതില്‍ നിന്നും തടയൂ,” മുഖ്യമന്ത്രിയെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് നന്ദിഗ്രാം എം.എല്‍.എ കൂടിയായ അധികാരി പറഞ്ഞു.
നിയമപരമായ രേഖകളുള്ള ഒരാളുടെയും പൗരത്വം എടുത്തുകളയുമെന്ന് സി.എ.എ നിര്‍ദേശിക്കുന്നില്ലെന്നും ബി.ജെ.പി നേതാവ് കൂട്ടിച്ചേര്‍ത്തു.
പൗരത്വ നിയമത്തിന്റെ മറവില്‍ കുരുങ്ങി ജയിലിലടക്കപ്പെടേണ്ടെങ്കില്‍ വോട്ടര്‍ ലിസ്റ്റില്‍ പേരുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നേരത്തെ മമത ബംഗാളിലെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന് മറുപടിയായി കൂടിയാണ് സുവേന്ദു അധികാരിയുടെ പരാമര്‍ശം വിലയിരുത്തപ്പെടുന്നത്.
‘നിങ്ങളുടെ പേര് വോട്ടേഴ്സ് ലിസ്റ്റിലുണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ എന്‍.ആര്‍.സിയുടെ പേരില്‍ നിങ്ങളെ തടങ്കല്‍പാളയങ്ങളിലേക്കയക്കും. അത് ലജ്ജാകരമാണ്,” എന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ട കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനെ കുറിച്ചാണ് സി.എ.എ നിയമത്തില്‍ പറയുന്നത്.
പശ്ചിമ ബംഗാളില്‍ സി.എ.എ യാഥാര്‍ത്ഥ്യമാകുമെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ അതിന് പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ ശന്തനു താക്കൂറും നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, മുമ്പ് ജി.എസ്.ടി വിഷയത്തിലും ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മമത രംഗത്തെത്തിയിരുന്നു. ബംഗാളിന് ലഭിക്കേണ്ട ചരക്ക് സേവന നികുതി കുടിശ്ശിക, വിവിധ കേന്ദ്ര പദ്ധതികള്‍ക്ക് കീഴിലുള്ള ഫണ്ടുകള്‍ എന്നിവ നരേന്ദ്ര മോദി സര്‍ക്കാര്‍ തടഞ്ഞുവെക്കുകയാണെന്നായിരുന്നു മമത ആരോപിച്ചത്.
”100 ദിവസത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് നിര്‍ബന്ധമായും തരണം. എന്നിരുന്നാലും ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോയി കണ്ടു. ഇനി ഞാന്‍ നിങ്ങളുടെ കാലില്‍ വീണ് യാചിക്കണോ?
ബി.ജെ.പി ഭരണത്തിന് കീഴില്‍ നമ്മള്‍ ഒരു ജനാധിപത്യ രാജ്യത്തിലാണോ ജീവിക്കുന്നത്? ഞങ്ങള്‍ക്ക് ഞങ്ങളുടെ കുടിശ്ശിക തരൂ. അല്ലെങ്കില്‍ ജി.എസ്.ടി തന്നെ എടുത്തൊഴിവാക്കൂ. പറ്റില്ലെങ്കില്‍ പ്രധാനമന്ത്രി കസേര ഉപേക്ഷിച്ച് പോകൂ,” എന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞത്.
ബംഗാളിലേക്കുള്ള ഫണ്ട് നിര്‍ത്തലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അങ്ങനെയെങ്കില്‍ തങ്ങള്‍ ജി.എസ്.ടിയും നിര്‍ത്തലാക്കുമെന്നും മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി. സുവേന്ദു അധികാരിക്കുള്ള മറുപടിയായായിരുന്നു മമത ഇക്കാര്യം പറഞ്ഞത്.
അഴിമതി പോലുള്ള കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട്, വിവിധ പദ്ധതികളിന്മേല്‍ കേന്ദ്രം ബംഗാളിന് നല്‍കിവരുന്ന ഫണ്ടുകള്‍ നിര്‍ത്തലാക്കുമെന്നായിരുന്നു സുവേന്ദു അധികാരി നേരത്തെ പറഞ്ഞിരുന്നത്.
അതേസമയം, ഇക്കഴിഞ്ഞ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നയാളാണ് സുവേന്ദു അധികാരി.
Content Highlight: BJP MLA Suvendu Adhikari dares CM Mamata Banerjee to stop citizenship law