ന്യൂദല്‍ഹി: ബിഗ്ബോസ് ഇന്ത്യന്‍ സംസ്‌ക്കാരത്തിനെതിരാണെന്നും വ്യത്യസ്ത മതത്തിലുള്ളവര്‍ കിടക്ക പങ്കിടുന്ന പരിപാടിയുടെ സംപ്രേഷണംഎത്രയും പെട്ടെന്ന നിര്‍ത്തി വയ്ക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എ കിഷോര്‍ ഗുജ്ജര്‍ വാര്‍ത്ത പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തയച്ചു. ഗാസിയബാദില്‍ നിന്നുള്ള എം.എല്‍.എ ആണ് കിഷോര്‍ ഗുജ്ജര്‍.
ലൈംഗികതയുടെ അതിപ്രസരമാണ് ബിഗ്‌ബോസില്‍ നടക്കുന്നത്. കുടുംബങ്ങള്‍ക്ക് കാണാന്‍ പറ്റുന്ന ഒരുപരിപാടിയല്ലിത്. ഒരുഭാഗത്ത് പ്രധാനമന്ത്രി രാജ്യത്തിന്റെമഹത്വം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ശ്രമിക്കുമ്പോള്‍ ഇത്തരത്തിലുള്ള പരിപാടികള്‍ രാജ്യത്തിന്റെ സംസ്‌ക്കാരത്തിന് കളങ്കമുണ്ടാക്കുന്നു.
കുട്ടികളും പ്രായപൂര്‍ത്തിയാവാത്തവരും ഇത്തരം പരിപാടികള്‍ യഥേഷ്ടം കാണുന്നുണ്ട്. ഇന്റര്‍നെറ്റിലും ഇത് ലഭ്യമാണ്. അതുകൊണ്ട് ഇത് നിരോധിക്കണമെന്നും ഇത്തരം പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് സെന്‍സര്‍ ചെയ്യേണ്ടതുണ്ടെന്നും കിഷോര്‍ പറഞ്ഞു.
ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് ബിഗ്ബോസിന്റെ അവതാരകന്‍.
നേരത്തെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളായ ആമസേണിനെതിരേയും നെറ്റ്ഫ്ളിക്സിനെതിരേയും ആര്‍.എസ്.എസ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇത്തരം ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കണമെന്നായിരുന്നു ആര്‍.എസ്.എസ്സിന്റെ ആവശ്യം. ബ്രാഹ്മിണ്‍ മഹാസഭയും ബിഗ്ബോസിനെതിരെ രംഗത്തു വന്നിരുന്നു.