Advertisement
Kerala News
തിരുവനന്തപുരത്തെ തോല്‍വി; ബി.ജെ.പി ജില്ലാ നേതൃയോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാക്‌പോര്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 09, 11:27 am
Sunday, 9th May 2021, 4:57 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന ബി.ജെ.പി ജില്ലാ നേതൃയോഗത്തില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം. ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, എസ്. സുരേഷ്, ജെ. ആര്‍ പത്മകുമാര്‍ എന്നിവര്‍ തമ്മിലായിരുന്നു വാക്‌പോര്.

മണ്ഡലം പ്രസിഡന്റുമാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ എല്ലായിടത്തും എന്‍.എസ്.എസ് വോട്ടുകള്‍ ചോര്‍ന്നുവെന്നും വിലയിരുത്തലുണ്ട്. നെടുമങ്ങാട്ടെ തോല്‍വിയിലെ റിപ്പോര്‍ട്ട് അവതരണത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജെ. ആര്‍ പത്മകുമാറിനെ മണ്ഡലം പ്രസിഡന്റ് വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് ജില്ലാ നേതൃത്വത്തില്‍ നിന്നും വേണ്ട സഹായം ലഭിച്ചില്ലെന്നാണ് പത്മകുമാര്‍ മറുപടി പറഞ്ഞത്.

വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പ് തോല്‍വിയാണ് ജില്ലയെ പിന്നോട്ടടിക്കാനുള്ള കാരണമെന്ന് ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് പറഞ്ഞു. എന്നാല്‍ ഇതിനെതിരെ അന്ന് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായിരുന്ന എസ്. സുരേഷ് രംഗത്തെത്തി.

അന്ന് സീറ്റ് മോഹിച്ച് രംഗത്തെത്തിയ രാജേഷ് അടക്കമുള്ളവര്‍ തനിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തില്ലെന്നാണ് എസ്. സുരേഷ് പറഞ്ഞത്. ജില്ലയില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞു പോക്കുണ്ടായെന്നും സുരേഷ് ചൂണ്ടിക്കാണിച്ചു.

തിരുവനന്തപുരം ജില്ലയിലുണ്ടായ തിരിച്ചടി ഗൗരവമായാണ് കാണുന്നതെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചത്. ജില്ലയിലെ തോല്‍വി പാര്‍ട്ടിയെ പത്തു വര്‍ഷം പുറകിലേക്കെത്തിച്ചെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

അടിയന്തരമായി ജില്ലാ കോര്‍കമ്മിറ്റി വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേമം വട്ടിയൂര്‍കാവ്, തിരുവനന്തപുരം തുടങ്ങിയ മണ്ഡലങ്ങളില്‍ വലിയ പ്രതീക്ഷയായിരുന്നു ബി.ജെ.പിക്ക് ഉണ്ടായിരുന്നത്.

സിറ്റിംഗ് സീറ്റായിരുന്ന നേമം ഇത്തവണ എല്‍.ഡി.എഫ് പിടിച്ചെടുത്തു. വട്ടിയൂര്‍കാവിലും തിരുവനന്തപുരത്തും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനുമായില്ല.

അതേസമയം 99 സീറ്റുകള്‍ നേടിയാണ് എല്‍.ഡി.എഫ് ഇത്തവണ വിജയിച്ചത്. 41 സീറ്റുകള്‍ മാത്രമാണ് യു.ഡി.എഫിന് നേടാനായത്. ബി.ജെ.പിക്ക് മുന്‍ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടു ചോര്‍ച്ചയുണ്ടായെന്നും വിലയിരുത്തലുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Kerala election failure, meeting got worse by leaders