ചണ്ഡീഗഡ്: ഹരിയാനയിലെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പി-ജെ.ജെ.പി സഖ്യത്തിന് വന്‍ തിരിച്ചടി. ആറിടത്ത് മത്സരിച്ച സഖ്യം നാലിടത്തും പരാജയപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ നടന്ന മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലാണ് ഭരണകക്ഷിക്ക് ഇത്രയും വലിയ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്. ദല്‍ഹിയില്‍ ഒരു മാസത്തിലേറെയായി പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന അതേസമയത്താണ് ബി.ജെ.പിക്ക് ഹരിയാനയില്‍ തിരിച്ചടി നേരിടുന്നത്.
ബി.ജെ.പിക്കും ജെ.ജെ.പിക്കും രണ്ട് സീറ്റുകള്‍ വീതമാണ് നഷ്ടമായത്. സോണിപത്, അംബാല മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ മേയര്‍ സ്ഥാനമാണ് ബി.ജെ.പിക്ക് നഷ്ടമായത്
ഇതോടെ തെരഞ്ഞെടുപ്പ് നടന്ന ആറില്‍ നാലിടത്തും ബി.ജെ.പി-ജെ.ജെ.പി സഖ്യത്തിന് മേയര്‍ സ്ഥാനം നഷ്ടമായി. കര്‍ഷക പ്രതിഷേധം നടക്കുന്ന സിംഘു അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശമാണ് സോണിപത്. ഇവിടെയാണ് ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടത്.
പഞ്ചഗുളയില്‍ ബി.ജെ.പിക്ക് തന്നെയാണ് മേയര്‍ സ്ഥാനം ലഭിച്ചത്. ബി.ജെ.പി നേതാവ് കുല്‍ഭൂഷണ്‍ ഗോയലാണ് അവിടെ ജയിച്ചത്.