ബുദ്ധിയുള്ളവര്‍ക്ക് വേണ്ടി പ്രത്യേകം പോഷക സംഘടന ഉണ്ടാക്കിയ ലോകത്തിലെ ഒരേ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ബീ.ജേ പീ. ഇന്റലക്ച്വല്‍ സെല്‍ എന്നാണതിന്റെ പേര്.ആ സെല്ലിന്റെ കണ്‍വീനര്‍ ആണ് മോഹന്‍ദാസ്ജി, ആ നിലക്ക് കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ചരിത്ര പുരുഷന്‍. ആ ഒരു അംഗീകാരം കേരള സമൂഹം മോഹന്‍ദാസ്ജിക്ക് കൊടുത്തിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. പശു കൊലപാതകങ്ങളെ ന്യായീകരിച്ചു എന്ന് പറഞ്ഞു അദ്ദേഹത്തെ ഒറ്റപ്പെടുത്തുന്നതു മലയാളികളുടെ നന്ദികേടാണെന്നു പറയേണ്ടതില്ല .
ഇന്റലക്ച്വല്‍ എന്ന വാക്കിന് മലയാളത്തില്‍ കൃത്യമായ ഒരു പരിഭാഷയില്ല. അത് മോഹന്‍ദാസ്ജിയുടെ കുഴപ്പമല്ല . മലയാളികള്‍ മുഴുവന്‍ ഹിന്ദി പഠിക്കണമെന്നാണ് മോഹന്‍ദാസ്ജിയുടെ അഭിപ്രായം. ബുദ്ധിയുള്ളവന്‍, ധിഷണാശാലി എന്നൊക്കെയാണ് ഡിക്ഷ്ണറിയില്‍. ബുദ്ധിജീവി എന്നും പറയും. ഇങ്ങനെയാരും പാര്‍ട്ടിയില്‍ ഇല്ലാത്തതു കൊണ്ടാവും യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കവികള്‍ക്കും സിനിമക്കാര്‍ക്കും മുതല്‍ കഷണ്ടിക്കാര്‍ക്കും ഫ്രീക്കന്മാര്‍ക്കും വരെ സെല്ലുകള്‍ ഉണ്ടാക്കിയ രാഷ്ട്രീയ പാര്‍ട്ടികളാരും ബുദ്ധിമാന്മാര്‍ക്കു വേണ്ടി അങ്ങനെയൊന്നു ഉണ്ടാക്കിയതായി കേട്ടിട്ടില്ല.
ബീജേപ്പീ പ്രസിഡണ്ട് ആയിരിക്കുമ്പോഴാണ് സ്വന്തമായി ഒരു ബുദ്ധിജീവി വിഭാഗം വേണമെന്ന് വി മുരളീധരന് തോന്നുന്നത് . അതിനൊരു കാരണമുണ്ട് . കേരളത്തില്‍ എന്തൊരു സംഭവം നടക്കുമ്പോഴും “ബുദ്ധിജീവികള്‍ എന്ത് കൊണ്ട് പ്രതികരിക്കുന്നല്ല ” എന്ന് ചോദിക്കുക എന്നത് ഒരു ബീജേപീ പ്രസിഡന്റിന്റെ ജോലിയുടെ ഭാഗമാണ് . കേരളത്തിലാണെങ്കില്‍ ദിവസവും രണ്ടു മൂന്നു പ്രശ്‌നങ്ങളുണ്ടാവും. സ്വന്തമായി ഒരു ബുദ്ധിജീവി വിഭാഗം ഉണ്ടെങ്കില്‍ അവരങ്ങു പ്രതികരിച്ചാല്‍ മതിയല്ലോ എന്നതായിരുന്നു മുരളീധരന്റെ നിഷ്‌കളങ്ക മനസ്സില്‍ തോന്നിയത്. മുരളീധരനാണ് മോഹന്‍ദാസ്ജിയെ കണ്‍വീനര്‍ ആക്കാന്‍ തീരുമാനിക്കുന്നത്. അതിനു പ്രധാനമായും മൂന്നാലു കാരണങ്ങളുള്ളത്.
• മോഹന്‍ദാസ്ജി ജുബ്ബ ധരിക്കുന്ന മലയാളിയാണ് , കൂടാതെ തുണിസഞ്ചിയും തോളത്തുണ്ടാവും. ഇത് രണ്ടും കണ്ടാല്‍ കേരളത്തിലെ ഏതു കൊച്ചുകുട്ടിക്കും അറിയാം ബുദ്ധിജീവിയാണെന്നു. പരിചയപ്പെടുത്തി സമയം കളയണ്ട.
• ബുദ്ധിജീവിയാകുമ്പോള്‍ കുറച്ചു വായനയൊക്കെ വേണമെന്നൊക്കെയാണ്. മോഹന്‍ദാസ്ജി ഒരു പ്രിന്റിങ് പ്രസ് മാനേജര്‍ ആയിരുന്നു. പ്രിന്റിങ് പ്രെസ്സില്‍ പണിയെടുക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ വായിക്കാതെ പറ്റില്ല .
• ആര്‍ഷ ഭാരത സംസ്‌കാരപ്രകാരം സ്ത്രീകളെ അങ്ങേയറ്റം മാനിക്കുന്ന വ്യക്തിയാണ് മോഹന്‍ദാസ്ജി. ഷാനി, സിന്ധു, സ്മൃതി, ദീപ എന്നിവരെ ഇരുപത്തിനാലു മണിക്കൂറും നിരീക്ഷിച്ചു കൊണ്ടിരിക്കുക എന്നത് ജീവിതത്തിന്റെ ഭാഗമാക്കിയ ആളാണ് മോഹന്‍ദാസ്ജി.
• കാവ്യങ്ങളില്‍ കാളിദാസന്‍ ആണെങ്കില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളില്‍ മോഹന്‍ദാസ്ജി എന്നാണ് ചൊല്ല്. പ്രത്യേകിച്ച് സ്ത്രീകളെ പറ്റി പറയുമ്പോള്‍ .
ഒരു ഈവീയെം സെമിനാറില്‍ വച്ചാണ് മുരളീധരന്‍ ആദ്യമായി മോഹന്‍ദാസ്ജിയെ കണ്ടത് എന്നാണ് പറയപ്പെടുന്നത്. ഈവിഎം ഹാക്ക് ചെയ്താണ് യു.പി.എ തെരഞ്ഞെടുപ്പ് ജയിച്ചത് എന്ന ഗൂഡാലോചന സിദ്ധാന്തവുമായി സുബ്രഹ്മണ്യം സ്വാമി ഇന്ത്യ മുഴുവന്‍ പ്രസംഗിച്ചു നടക്കുന്ന കാലമായിരുന്നു അത് . അതിന്റെ യൂട്യൂബ് വീഡിയോ കണ്ടു കേരളം മുഴുവന്‍ മലയാളത്തില്‍ സെമിനാറുകള്‍ നടത്തുന്നതായിരുന്നു മോഹന്‍ദാസ്ജിയുടെ പ്രധാനപണി. ചരിത്രകാരന്മനാര്‍ കണ്‍ഫ്യൂഷന്‍ ആകരുത് , ഈവീയെം ഹാക്ക് ചെയ്യാന്‍ പറ്റും എന്ന് തെളിയിക്കലായിരുന്നു 2014 വരെ സുബ്രഹ്മണ്യം സ്വാമിയുടെയും മോഹന്‍ദാസ്ജിയുടെയും പണി, 2014 ശേഷം തിരിച്ചും. ഈവീയെമ്മിനു മാത്രം പ്രത്യേകിച്ച് മാറ്റമൊന്നും ഇല്ല .
മോഹന്‍ദാസ്ജി ഈവീയെമ്മിനെ പൊളിച്ചെടുക്കുന്നതു കണ്ടപ്പോള്‍ മുരളീധരന്‍ ഉറപ്പിച്ചു , കണ്‍വീനര്‍ ഇദ്ദേഹം മതി. എല്‍.കെ അഡ്വാനി പാര്‍ലമെന്റിലും ഈവീയെമ്മിനെ പൊളിച്ചടുക്കുന്ന സമയമാണെന്നോര്‍ക്കണം .
മോഹന്‍ദാസ്ജി കണ്‍വീനര്‍ ആയി. ഒരു കമ്മിറ്റി ആകുമ്പോള്‍ കുറച്ചു മെമ്പര്‍മാര്‍ ഒക്കെ വേണം എന്നാണ്. ബീജേപ്പീയുടെ നേതൃത്വത്തില്‍ പൊതുവെ എത്തിപ്പെടുക നാട്ടില്‍ തല്ലും ലഹളയും കുത്തിതിരിപ്പും ഉണ്ടാക്കുന്ന യോഗ്യന്മാരാണ് . പുസ്തക വായന, ലൈബ്രറി തുടങ്ങിയവയൊന്നും അവരുടെ അജണ്ടയില്‍ വരുന്നകാര്യങ്ങളല്ല. വായന മുഴുവന്‍ വാട്ട്‌സാപ്പിലാണ്. ശ്രീധരന്‍ പിള്ളയാണ് ആകെ അപവാദം .
അക്കൂട്ടത്തില്‍ നിന്നാണ് അഞ്ചാറ് പ്രഗത്ഭരായ ബുദ്ധി ജീവികളെ മോഹന്‍ദാസ്ജി കമ്മിറ്റിയിലേക്ക് കൊണ്ട് വരുന്നത് . ചരിത്രകാരന്മാര്‍ക്ക് വേണ്ടി അവരുടെ പേരുകള്‍ ഇവിടെ കുറിക്കുന്നു. ശിവശങ്കര്‍, സതീഷ് തലപ്പള്ളി ( എഴുത്തുകാരന്‍ ), ജ്യോതിഷ് നായര്‍ ( എഴുത്തുകാരന്‍), വി ഗംഗാധരന്‍ എന്നിവരുടെ പേരാണ് ബീജേപ്പി പുറത്തു വിട്ട ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കമ്മിറ്റി മെമ്പര്‍മാരുടെ പേരുകള്‍. കേരളത്തിലെ ബൗദ്ധിക മണ്ഡലത്തിന് വേണ്ടി ഇവര്‍ ചെയ്ത സംഭാവനകള്‍ എല്ലാവര്‍ക്കും അറിയാവുന്നതു കൊണ്ട് വിസ്തരിക്കുന്നില്ല . ജില്ലാ കമ്മിറ്റി, മണ്ഡലം കമ്മിറ്റി തുടങ്ങിയവയിലുള്ള ഇന്റലക്ച്വല്‍സിന്റെ പേരുകള്‍ ലഭ്യമല്ല .
ഇനി നമുക്ക് വിവാദമായ ട്വീറ്റിലേക്കു വരാം . “കേരളത്തില്‍ മരുന്നിനു പോലും ശുദ്ധമായ പശുവിന്‍ പാല്‍ കിട്ടാനില്ല. ഉത്തരേന്ത്യയിലും താമസിയാതെ ഈ സ്ഥിതി വരും. ചുമ്മാതാണോ ജനം പശുക്കടത്തുകാരെ തല്ലിക്കൊല്ലുന്നത്!”, ഇതാണ് മോഹന്‍ദാസ്ജിയുടെ ട്വീറ്റ് . ഈ ട്വീറ്റ് സത്യത്തില്‍ മോഹന്‍ദാസ്ജി എന്ന ഇന്റലക്ച്വലിന്റേതല്ല, മോഹന്‍ദാസ്ജി എന്ന ആറെസ്സെസ്സുകാരന്റേതാണ് .
പ്രധാനമായും രണ്ടു കാര്യങ്ങളിലാണ് ആര്‍.എസ്.എസ് നേതാക്കള്‍ അഭിപ്രായം പറയുക . ഒന്ന് – കുടുംബ ബന്ധങ്ങള്‍, രണ്ടു – പശു. ഒരു പരിചയവും ഇല്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് പാതിരിമാര്‍ക്കു മാത്രം ഉള്ള അവകാശമല്ല.
കുടുംബ ബന്ധങ്ങളെ പറ്റി നാട്ടുകാരെ ഉപദേശിക്കുന്ന കാര്യത്തില്‍ പള്ളിവികാരിമാരെ പോലെ തന്നെയാണ് ആറെസ്സെസ്സു നേതാക്കന്മാരും. മിക്കവാറും നേതാക്കള്‍ കല്യാണം കഴിച്ചിട്ടില്ല, കല്യാണം കഴിച്ചവര്‍ രണ്ടോ മൂന്നോ ദിവസം ഭാര്യയുടെ കൂടെ താമസിച്ചു സ്വയം സേവക്കിറങ്ങിയവരാണ് . അവരാണ് കുഞ്ഞു കുട്ടി പരാധീനതകളുമായി ജീവിക്കുന്ന നാട്ടുകാരെ ഉപദേശിക്കുന്നത് .
ഇതേ അവസ്ഥ തന്നെയാണ് പശുവിന്റെ കാര്യത്തിലും. ആര്‍.എസ്.എസ് ഭരിക്കുന്ന മഹാരാഷ്ട്ര ബ്രാഹ്മണര്‍ ത്രേതാ യുഗത്തിന് ശേഷം പശുവിനെ പോറ്റിയിട്ടില്ല , അഥവാ ആരുടെയെങ്കിലും വീട്ടില്‍ പശു ഉണ്ടെങ്കില്‍ തന്നെ പിന്നോക്ക ജാതിയില്‍ പെട്ട പണിക്കാരനതിനെ പരിപാലിക്കുന്നത്. ആര്‍.എസ്.എസ് നേതാക്കള്‍ക്ക് പശുവുമായുള്ള ആകെ ബന്ധം പശു മൂത്രമൊഴിക്കുമ്പോള്‍ കൈവച്ചാല്‍ കിട്ടുന്ന ഗോമൂത്രം കുടിക്കുക എന്നതാണ്. കറവ വറ്റിയ പശുക്കളെയാണ് ആളുകള്‍ അറുക്കുന്നത് എന്നും കറവ വറ്റാത്ത പശുവിനെ അറുക്കാന്‍ മാത്രം വിവരം കെട്ടവരല്ല ഇന്ത്യയിലെ പശു വളര്‍ത്തുകാര്‍ എന്നും മനസ്സിലാക്കാനുള്ള പശു പരിചയം ഈ നേതാക്കള്‍ക്കില്ല . ഉത്തരേന്ത്യയില്‍ അവര്‍ പറയുന്ന ആ വിവരക്കേട് ആവര്‍ത്തിക്കുക മാത്രമേ മോഹന്‍ദാസ്ജി ചെയ്തിട്ടുള്ളു .
പക്ഷെ പശുവിനെ പറ്റി ഇന്റലക്ച്വല്‍ എന്ന നിലയില്‍ ഒരു പാട് കാര്യങ്ങള്‍ മോഹന്‍ദാസ്ജി പറഞ്ഞു വച്ചിട്ടുണ്ട് . പശുവിനെ പറ്റി പ്രബന്ധം എഴുതാന്‍ ഭാവി തലമുറ ബുദ്ധിമുട്ടരുതല്ലോ . പ്രധാനപ്പെട്ടത് ഇവയാണ് – ഓക്‌സിജന്‍ പുറത്തു വിടുന്ന ഒരേ ഒരു ജീവിയാണ് പശു, പശുവിന്റെ ചാണകത്തില്‍ നിന്ന് പ്ലൂട്ടോണിയം വേര്‍തിരിച്ചു ആറ്റം ബോംബ് ഉണ്ടാക്കാം എന്ന് നാസയിലെ ശാസ്ത്രജ്ഞന്മാര്‍ കണ്ടു പിടിച്ചിട്ടുണ്ട് , ഗോമൂത്രത്തിലുള്ള സ്വര്‍ണം വേര്‍തിരിച്ചെടുത്താല്‍ ഇന്ത്യയുടെ വിദേശ കടം വീട്ടാന്‍ പറ്റും , ചാണകം കൊണ്ടാണ് പട്ടാളക്കാര്‍ ബങ്കര്‍ ഉണ്ടാക്കുന്നത് തുടങ്ങി നിരവധി . കൂടുതല്‍ വിജ്ഞാനത്തിന് അദ്ദേഹത്തിന്റെ ട്വിറ്റെര്‍ അക്കൗണ്ട് പിന്തുടരുകയോ പ്രഭാഷണം കേള്‍ക്കുകയോ ചെയ്യുക. കുട്ടികള്‍ക്ക് വേണ്ടി സി.ബി.എസ്.സി അദ്ദേഹത്തിന്റെ വചനങ്ങള്‍ പാഠ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം .
പിന്‍ കുറിപ്പ് : അതിനിടക്ക് ഒരു ബീജേപ്പീ നേതാവ് പറഞ്ഞിട്ടുണ്ട് അദ്ദേഹം ആഭ്യന്തര മന്ത്രിയായാല്‍ ഇന്റലക്ച്വല്‍സിനെ മുഴുവന്‍ വെടിവെച്ചു കൊല്ലുമെന്ന്. ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം മുഖ്യമന്ത്രിയോ പ്രധാനമന്ത്രി വരെയോ ആകാന്‍ സാധ്യതക്കുറവൊന്നുമില്ല . നമ്മുടെ ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനറെ ഗോമാതാവ് കാത്തു രക്ഷിക്കട്ടെ.