ജെഹാനാബാദ്: ഭാരത് ബന്ദില്‍ കുടുങ്ങി ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് ബിഹാറില്‍ രണ്ടുവയസ്സുകാരി മരിച്ച സംഭവത്തില്‍ ബി.ജെ.പിയുടെ വ്യാജ പ്രചരണം തള്ളി ജില്ലാ കലക്ടര്‍.
ഭാരത് ബന്ദ് നടന്ന സെപ്തംബര്‍ 10ന് വയറിളക്കം മൂലം ഗുരുതരാവസ്ഥയിലായ രണ്ടുവയസ്സുകാരി, ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയത് മൂലം മരിച്ചു എന്നാണ് ബി.ജെ.പി പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഈ വാദം തള്ളിയാണ് ജെഹാനാബാദ് കലക്ടര്‍ രംഗത്തെത്തിയിരിക്കുന്നത്.
“കുട്ടിയെയെയും കൊണ്ട് വൈകിയാണ് മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് തിരിച്ചത്. ഒരുദിവസം മുമ്പേ കുഞ്ഞിന്റെ അവസ്ഥ രൂക്ഷമായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചില്ല”. വേണ്ട സമയത്ത് മതിയായ ചികിത്സ ലഭിക്കാത്തത് മൂലമാണ് കുട്ടി മരിച്ചതെന്ന് കലക്ടറുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
തൊട്ടടുത്തുള്ള ബാലാബിഗ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ദൂരക്കൂടുതലുള്ള ജെഹാനാബാദിലെ സദാര്‍ ആശുപത്രിയിലേക്കാണ് കുട്ടിയെ മാതാപിതാക്കള്‍ കൊണ്ടുപോയത്.
ഒരു സിഗ്‌നലില്‍ അല്ലാതെ മറ്റൊരിടത്തും ഓട്ടോ നിര്‍ത്തുകയോ പിടിച്ചു വെക്കുകയോ ചെയ്തിട്ടില്ലെന്ന് ഇവരെ ആശുപത്രിയിലെത്തിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് പ്രാഥമികാന്വേഷണത്തില്‍ കുഞ്ഞിന്റെ മരണത്തിന് ബന്ദുമായി ബന്ധമില്ലെന്ന് കലക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സോ നാലുചക്രവാഹനങ്ങളോ ലഭിച്ചില്ലെന്നാണ് കുഞ്ഞിന്റെ പിതാവ് പ്രമോദ് മാഞ്ചി പറഞ്ഞിരുന്നത്. ഓട്ടോയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഓട്ടോ ബന്ദ് അനുകൂലികള്‍ തടഞ്ഞെന്നും പ്രമോദ് അന്ന് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഓട്ടോ നിര്‍ത്തിയില്ലെന്ന് പറഞ്ഞ് പ്രമോദ് മുമ്പ് പറഞ്ഞത് തിരുത്തി.