ചെങ്ങന്നൂരില്‍ തകര്‍ന്നടിഞ്ഞ് ബി.ജെ.പി: കുറഞ്ഞത് പതിനായിരത്തോളം വോട്ടുകള്‍
chengannoor bye election
ചെങ്ങന്നൂരില്‍ തകര്‍ന്നടിഞ്ഞ് ബി.ജെ.പി: കുറഞ്ഞത് പതിനായിരത്തോളം വോട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st May 2018, 1:15 pm

 

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി. ദേശീയ നേതാക്കളെ അടക്കം നിരത്തിലിറക്കി പ്രചരണം നടത്തിയിട്ടും പതിനായിരത്തോളം വോട്ടുകളുടെ കുറവാണ് ബി.ജെ.പിക്ക് മണ്ഡലത്തില്‍ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം കാഴ്ചവെച്ച മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍. യു.ഡി.എഫിന് ഏതാണ്ട് ഒപ്പമെന്ന തരത്തില്‍ ബി.ജെ.പി മുന്നേറിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫ് 44897 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടുപിന്നില്‍ 42682 വോട്ടുകളുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ പി.എസ് ശ്രീധരന്‍പിള്ളയുണ്ടായിരുന്നു.

എന്നാലിത്തവണ പോളിങ് ഉയര്‍ന്നിട്ടും പതിനായിരത്തോളം വോട്ടുകളുടെ കുറവാണ് ബി.ജെ.പിക്ക് ഉണ്ടായത്. 35270 വോട്ടുകളാണ് ഇത്തവണ ശ്രീധരന്‍ പിള്ളയ്ക്ക് ലഭിച്ചത്. 7412 വോട്ടിന്റെ കുറവാണ് ബി.ജെ.പിക്ക് ഇത്തവണ ഉണ്ടായിരിക്കുന്നത്.

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് ഉള്‍പ്പെടെയുള്ള നേതാക്കളെ ബി.ജെ.പി പ്രചരണത്തിനായി എത്തിച്ചിരുന്നു. കൂടാതെ ബി.ജെ.പി എം.പിയും ചലച്ചിത്രനടനുമായ സുരേഷ് ഗോപിയും പ്രചരണ രംഗത്ത് സജീവമായുണ്ടായിരുന്നു. കനത്ത പോളിങ്ങും ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞതവണത്തെ വോട്ടുപോലും നേടാനായില്ലെന്നത് പാര്‍ട്ടിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.


Must Read:മാണിയുടെ പിന്തുണയിലും ഒരുകാര്യവുമുണ്ടായില്ല; കേരളാ കോണ്‍ഗ്രസിന്റെ പഞ്ചായത്തില്‍ യു.ഡി.എഫ് മൂന്നാമതായി


 

അതേസമയം, തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും വോട്ടിങ് നിലയില്‍ യു.ഡി.എഫിന് മുന്നേറ്റം കാഴ്ചവെക്കാനായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 44897 വോട്ടുകള്‍ നേടിയ യു.ഡി.എഫ് ഇത്തവണ അത് 46347 ആയി ഉയര്‍ത്തിയിട്ടുണ്ട്.

ഒന്നൊഴിയാതെ മണ്ഡലത്തില്‍ അങ്ങോളമിങ്ങോളം ഇടതുതരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ 20956 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ജയിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നിലനിറുത്തിയായിരുന്നു സജി ചെറിയാന്റെ മുന്നേറ്റം. യു.ഡി.എഫിന്റെ പരമ്പരാഗത പഞ്ചായത്തുകളില്‍ പോലും സജി ചെറിയാന്‍ അനായാസം പിടിച്ചു കയറി.

തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും പിടിച്ചുനില്‍ക്കാന്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും അനുവദിക്കാതെ അതിശക്തമായ മത്സരമാണ് ഇടതുമുന്നണി കാഴ്ച വെച്ചത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് 67303 വോട്ടുകളാണ് നേടാനായത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി വിജയകുമാറിന് 46347 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള 35270 വോട്ടുകളും നേടി.

രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങിക്കഴിഞ്ഞശേഷം ഒരു തവണപോലും ഇടതുമുന്നണി രണ്ടാം സ്ഥാനത്തേക്ക് പോയില്ല. വ്യക്തമായ മേല്‍ക്കൈ നിലനിര്‍ത്തി വിജയത്തിലേക്ക് കുതിക്കുകയാണ് എല്‍.ഡിഎഫ്.