ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ സച്ചിന്‍ പൈലറ്റിനെതിരെ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ പതിനൊന്നാം മണിക്കൂറില്‍ പിന്‍വലിച്ച് ബി.ജെ.പി.
സിറ്റിങ് എം.എല്‍.എയായിരുന്നു അജിത് സിങ് മേത്തയെ പിന്‍വലിച്ച് ഗതാഗത മന്ത്രി യൂനുസ് ഖാനെ പകരം സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു ബി.ജെ.പി. മുസ്‌ലീം പ്രാധിനിത്യമുള്ള മണ്ഡലത്തില്‍ മുസ്‌ലീം സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തി കൂടുതല്‍ വോട്ട് നേടുക എന്ന തന്ത്രമാണ് സ്ഥാനാര്‍ത്ഥിയെ മാറ്റിയതിന് പിന്നില്‍.
നവംബര്‍ 11 പുറത്തുവിട്ട ആദ്യ ലിസ്റ്റില്‍ മേത്തയുടെ പേരായിരുന്നു ഉണ്ടായിരുന്നത്. ദീഡ്‌വാന മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എയാണ് ഖാന്‍. ഇന്ന് രാവിലെയാണ് ബിജെ.പി ആറ് സ്ഥാനാര്‍ത്ഥികളുടെ പേര് ഉള്‍പ്പെട്ട അഞ്ചാമത്തെ ലിസ്റ്റ് പുറത്തുവിട്ടത്.
ഈ പട്ടികയില്‍ അജിത് സിങ് മേത്തയുടെ പേര് ഉണ്ടായിരുന്നു. പകരക്കാരനായി യൂനുസ് ഖാനെ പരിഗണിക്കുകയായിരുന്നു. അതേസമയം സച്ചിന്‍ പൈലറ്റിനെതിരെ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനം ഭീരുത്വമാണെന്ന് കോണ്‍ഗ്രസ് പ്രതകരിച്ചു. സ്ഥാനാര്‍ത്ഥിയെ മാറ്റിയാലും ബി.ജെ.പി ജയിക്കാന്‍ പോകുന്നില്ലെന്നും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു
മെഹ്തയും ശങ്കര്‍ ലാല്‍ ഖരാഡിയെയുമാണ് പാര്‍ട്ടി അവസാന പട്ടികയില്‍ നിന്നും തഴഞ്ഞത്. കോട്ട്പൂടി മണ്ഡലത്തില്‍ നിന്ന് മുകേഷ് ഗോയലും ബെഹ് റൂര്‍ മണ്ഡലത്തില്‍ നിന്നും മോഹിത് യാദവുമാണ് ജനവിധി തേടുക. ഡിസംബര്‍ 7 നാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍.