ഹൈദരബാദ്: പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ട് ബി.ജെ.പിയെ തടയാനാകില്ലെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. പാര്‍ട്ടികള്‍ പ്രത്യയശാസ്ത്രത്തില്‍ ഊന്നി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2024ല്‍ ബി.ജെ.പിയെ തോല്‍പ്പിക്കണമെങ്കില്‍ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തോല്‍പ്പിക്കണം. പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച വരുത്തി ഒരിക്കലും ബി.ജെ.പിയെ തോല്‍പിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് അതിന്റെ വ്യത്യാസം മനസിലാകും.
എന്തുകൊണ്ടാണ് നിതീഷ് കുമാര്‍ ബീഹാറിലെ അസീസ മദ്രസയില്‍ പോകാത്തത്. ചരിത്രപരമായ മദ്രസയാണത്. ഖുര്‍ആന്‍ അടക്കം 4500ഓളം കയ്യെഴുത്ത് പ്രതികള്‍ അവിടെ കത്തിക്കപ്പെട്ടു. പ്രത്യയശാസ്ത്രം ഉപയോഗിച്ച് നിങ്ങള്‍ ബി.ജെ.പിയെ തടുക്കാത്തിടത്തോളം അവരെ തോല്‍പിക്കാനുമാകില്ല,’ അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ 9,10 ക്ലാസുകളില്‍ മാത്രം പ്രി മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് കൊണ്ട് കുട്ടികള്‍ മദ്രസകളിലാണ് പഠിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പാകിസ്ഥാനേക്കാള്‍ മുസ്‌ലിം ജനസംഖ്യ കൂടുതല്‍ ഇന്ത്യയിലാണെന്ന് ധനമന്ത്രി പറയുന്നു. ഇവിടെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ടെന്ന് അമേരിക്കയില്‍ പോയി പറയുന്നു.
എന്നാല്‍ സ്‌കോളര്‍ഷിപ്പുകള്‍ 9,10 ക്ലാസുകളില്‍ മാത്രമാണ് നല്‍കുന്നത്. 2014ല്‍ മോദി സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിക്കപ്പെട്ട കുണ്ടു കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രൈമറി ക്ലാസുകളില്‍ നിന്ന് തന്നെ കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മുസ്‌ലിം പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ സ്ഥാപിക്കുമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തില്‍ പറയുന്നുണ്ട്. മുസ്‌ലിം പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കുന്നില്ലെന്നും അതില്‍ പറയുന്നുണ്ട്.
സ്‌കൂളുകള്‍ തുറക്കാത്തത് കൊണ്ടാണ് കുട്ടികള്‍ മദ്‌റസകളില്‍ പഠിക്കുന്നത്. യു.പി.എ സര്‍ക്കാരിന്റെ കീഴില്‍ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അത് നിര്‍ത്തലാക്കി,’ അദ്ദേഹം പറഞ്ഞു.
2024 പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസും ജനതാദള്‍ പാര്‍ട്ടികളും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാറും, ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷനുമായ തേജസ്വി യാദവും കൂടിക്കാഴ്ച നടത്തിയിരുന്നു.
ജെ.ഡി.യു അധ്യക്ഷന്‍ രാജീവ് രഞ്ജന്‍ സിങ്, ആര്‍.ജെ.ഡി രാജ്യസഭ എം.പി മനോജ് കുമാര്‍ ഝാ, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
content highlight: BJP cannot be stopped by falling short of ideology; Asaduddin Uwaisi reacts on opposition unity