ആംആദ്മി വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; ദല്‍ഹിയില്‍ ബി.ജെ.പി എം.പിമാരുടെ യോഗം വിളിച്ച് അമിത് ഷാ
national news
ആംആദ്മി വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; ദല്‍ഹിയില്‍ ബി.ജെ.പി എം.പിമാരുടെ യോഗം വിളിച്ച് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th February 2020, 8:49 pm

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം ആംആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചുവരുമെന്ന പ്രവചനത്തെ തുടര്‍ന്ന് ബി.ജെ.പി എം.പിമാരുടെ യോഗം വിളിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ദല്‍ഹിയിലാണ് അമിത് ഷാ യോഗം വിളിച്ചത്.

ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയും മറ്റു പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്.

ഇന്ന് പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം ആം ആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പറയുന്നത്. നേതാ ന്യൂസ് എക്‌സ് നല്‍കുന്ന എക്‌സിറ്റ് പോളില്‍ 70 സീറ്റുകളില്‍ 53 സീറ്റുകളും നേടി ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് പറയുമ്പോള്‍ 11-17 സീറ്റുകളാണ് ബി.ജെ.പി നേടുമെന്ന് പറയുന്നത്. കോണ്‍ഗ്രസ് ഇത്തവണയും ചിത്രത്തില്‍ ഉണ്ടാവില്ലെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

റിപ്പബ്ലിക്ക് ടി.വിയുടെ എക്‌സിറ്റ് പോളിലും ആംആദ്മി പാര്‍ട്ടിക്ക് തന്നെയാണ് മുന്‍തൂക്കം.

ഷാഹീന്‍ബാഗ് പ്രതിഷേധ സമരത്തെ അടിസ്ഥാനമാക്കിയുള്ള ബി.ജെ.പിയുടെ തന്ത്രങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് ചൂണ്ടിക്കാട്ടുന്നതാണ് എ.ബി.പി ന്യൂസിന്റെ എക്‌സിറ്റ് പോള്‍ ഫലം. അമിത് ഷായുടെയും മോദിയുടെയും നേതൃത്വത്തില്‍ വന്‍ പ്രചരണം നടത്തിയ ബി.ജെ.പിക്ക് അഞ്ച് മുതല്‍ 19 സീറ്റ് മാത്രമേ ലഭിക്കൂ എന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.

ദല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരുവുകളില്‍ 200-300 വരെ ആളുകള്‍ പങ്കെടുക്കുന്ന കോര്‍ണര്‍ യോഗങ്ങള്‍ നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു കേന്ദ്ര മന്ത്രിമാരുടെ നിര്‍ദേശം.

തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ ഏകദേശം 10,000ത്തോളം ചെറു യോഗങ്ങള്‍ ബി.ജെ.പി നിലവില്‍ നടത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് താന്‍ തന്റെ ആറാം ഇന്ദ്രിയം കൊണ്ട് തിരിച്ചറിഞ്ഞെന്ന് ദല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തീവാരി പറഞ്ഞിരുന്നു.