ന്യൂദല്‍ഹി: അദാനി വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കിയ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി. രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് ബി.ജെ.പി എം.പി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ പൊതുജനങ്ങള്‍ ഏറ്റെടുക്കില്ലെന്നും പ്രധാനമന്ത്രിയെ ആളുകള്‍ക്ക് വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ രാഹുല്‍ അവതരിപ്പിക്കുമ്പോള്‍ കുറച്ചൊക്കെ വിഷയത്തെക്കുറിച്ച് പഠിക്കണമായിരുന്നുവെന്നും രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
‘പ്രധാനമന്ത്രി മോദിക്കും ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിനും എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് രാഹുല്‍ വേണ്ടത്ര
ഹോം വര്‍ക്ക് ചെയ്യണമായിരുന്നു.
രാജസ്ഥാനില്‍ കോണ്‍ഗ്രസാണ് ഭരണത്തിലുള്ളത്. അവിടുത്തെ അശോക് ഗെലോട്ട് സര്‍ക്കാര്‍ അദാനിക്കും കൂട്ടര്‍ക്കും നല്‍കിയ പദ്ധതികളെക്കുറിച്ച് അദ്ദേഹം സ്വന്തം നേതാവിനോട് ചോദിക്കണമായിരുന്നു,’ രവിശങ്കര്‍ പ്രസാദ് പറഞ്ഞു
അതേസമയം, മോദിയുമായുള്ള ബന്ധവും വഴിവിട്ട സഹായവുമാണ് അദാനിയെ ലോകത്തിലെ രണ്ടാമത്തെ സമ്പന്നനാക്കിയതെന്നാണ് രാഹുല്‍ പറഞ്ഞിരുന്നത്.
അദാനിയുടെയും മോദിയുടെയും ചിത്രം ലോക്സഭയില്‍ ഉയര്‍ത്തിയായിരുന്നു രാഹുലിന്റെ പ്രസംഗം.
‘തമിഴ്‌നാട്, കേരളം മുതല്‍ ഹിമാചല്‍പ്രദേശ് വരെ എല്ലായിടത്തും ഒരു പേര് കേള്‍ക്കുന്നു അദാനി, അദാനി എന്ന് മാത്രം. അദാനി ഏതെങ്കിലും ബിസിനസില്‍ ഏര്‍പ്പെട്ടാല്‍, ഒരിക്കലും പരാജയപ്പെടില്ലേ എന്ന് ആളുകള്‍ എന്നോട് ചോദിക്കാറുണ്ടായിരുന്നു.
അദാനി ഇത്രവേഗം എങ്ങനെ വിജയിച്ചുവെന്ന് ജനത്തിന് അറിയേണ്ടതുണ്ട്. അദാനിയുടെ ആസ്തി പലമടങ്ങ് കൂടിയത് 2014 മുതലാണ്. കേന്ദ്രത്തിന്റെ വിമാന നടത്തിപ്പ് ചട്ടം അദാനിക്ക് വേണ്ടിയാണ് മോദി മാറ്റിയത്. ഇതോടെ ആറ് വിമാനത്താവളങ്ങള്‍ അദാനിയുടെ നിയന്ത്രണത്തിലായി.മോദി അദാനിയുടെ വിധേയനാണ്. മോദിയുടെ വിദേശ നയവും വിദേശ യാത്രയും അദാനിക്ക് വേണ്ടിയാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.