Advertisement
Entertainment
നാഗവല്ലിയെ ആദ്യം കണ്ടത് ആ കഥാപാത്രം, അല്ലാതെ ഡോക്ടർ സണ്ണിയല്ല: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 18, 09:07 am
Sunday, 18th August 2024, 2:37 pm

ദേവദൂതന്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു മലയാള ചിത്രം റീറിലീസായി തിയേറ്ററിൽ എത്തിയിരിക്കുകയാണ്. മലയാളത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നായ മണിച്ചിത്രത്താഴ് 4kറീ മാസ്റ്റേർഡ് വേർഷനായി തിയേറ്ററുകളിൽ എത്തി.

ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, ഇന്നസെന്റ്, നെടുമുടി വേണു തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കൾ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിച്ച പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ചിത്രത്തിൽ കുതിരവട്ടം പപ്പുവും ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചിരുന്നു.

അദ്ദേഹം അവതരിപ്പിച്ച കാട്ടുപറമ്പൻ എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മകനും നടനുമായ ബിനു പപ്പു. മണിച്ചിത്രത്താഴിൽ നാഗവല്ലിയെ ആദ്യമായി കാണുന്ന കഥാപാത്രം കാട്ടുപറമ്പൻ ആണെന്നും അത് ഡോക്ടർ സണ്ണിക്ക് അറിയുന്നത് കൊണ്ടാണ് സിനിമയുടെ അവസാനം മാത്രം കാട്ടുപറമ്പന്റെ ഭ്രാന്ത് സണ്ണി മാറ്റുന്നത്. ദി ലാസ്റ്റ് 14മിനിറ്റ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്തുകൊണ്ടാണ് എന്റെ അച്ഛൻ അവതരിപ്പിച്ച കാട്ടുപറമ്പൻ എന്ന കഥാപാത്രത്തെ മോഹൻലാൽ അവസാനം മാത്രം ഒരു തട്ട് തട്ടി ശരിയാക്കുന്നത്. അത് വേണമെങ്കിൽ തുടക്കത്തിലെ ആവാമായിരുന്നില്ലേ. അയാൾക്ക് സുഖമില്ലെന്ന് ഈ ഡോക്ടർക്ക് മനസിലായി. അത് ജസ്റ്റ്‌ ക്ലിയർ ചെയ്ത് കൊടുത്താൽ ശരിയാവും.

പക്ഷെ ഈ ഗംഗയെ നേരിട്ട് കണ്ട വ്യക്തി കാട്ടുപറമ്പൻ മാത്രമാണ്. പുള്ളി നേരത്തെ തന്നെ ശരിയായി കഴിഞ്ഞാൽ കാട്ടുപറമ്പൻ വിളിച്ച് പറയും, ഗംഗയാണ് നാഗവല്ലിയെന്ന്. ഗംഗയെ അത് അറിയിക്കാതെയാണ് ഈ ഡോക്ടർ സണ്ണി ചികിത്സിക്കുന്നത്.

അതുകൊണ്ട് കാട്ടുപറമ്പനെ കുറച്ചു കൂടെ നേരം ഇങ്ങനെ നടത്തിക്കണമെന്ന് ഡോക്ടർ സണ്ണി തീരുമാനിച്ചു. അതുകൊണ്ടാണ് കാട്ടുപറമ്പിനെ വെള്ളം ചവിട്ടണ്ട എന്നൊക്കെ പറഞ്ഞ് ഇങ്ങനെ വിട്ടേക്കുന്നത്.

അത്രയും മൈന്യൂട്ടായ കാര്യം പോലും അവർ വളരെ ശ്രദ്ധിച്ചു കൊണ്ടാണ് മണിച്ചിത്രത്താഴ് ചെയ്യുന്നത്. അതാണ് ആ സിനിമയുടെ ഏറ്റവും വലിയ വിജയം,’ബിനു പപ്പു പറഞ്ഞു.

 

Content Highlight: Binu Pappu Talk About Manichithrathazhu Movie Script