'കേസിന് പിന്നില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി'; ബിനീഷ് കോടിയേരി ജയില്‍മോചിതനായി
Kerala News
'കേസിന് പിന്നില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി'; ബിനീഷ് കോടിയേരി ജയില്‍മോചിതനായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th October 2021, 9:40 pm

ബെംഗളൂരു: ബിനീഷ് കോടിയേരി ജയില്‍മോചിതനായി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി ഒരുവര്‍ഷത്തിന് ശേഷമാണ് ബിനീഷിന്റെ ജയില്‍ മോചനം. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ശനിയാഴ്ച രാത്രി എട്ട് മണിയോടെ ബിനീഷ് പുറത്തിറങ്ങി.

സത്യം ജയിക്കുമെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ലായിരുന്നു ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ടത്. കേരളത്തില്‍ നടന്ന കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും പേരുകളും അവര്‍ പറയുന്നതുപോലെ പറയാന്‍ തയ്യാറാകാത്തതാണ് തന്നെ കേസില്‍ പെടുത്താന്‍ കാരണമെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു.

കേസ് കെട്ടിച്ചമച്ചതാണ്. ഇന്ത്യയിലുള്ള ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ഇതിനുപിന്നില്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ അതുപോലെ പറഞ്ഞിരുന്നെങ്കില്‍ 10 ദിവസത്തിനകം തന്നെ തനിക്ക് പുറത്തിറങ്ങാമായിരുന്നു. ഗൂഢാലോചന ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും കേരളത്തില്‍ എത്തിയശേഷം വിശദീകരിക്കുമെന്നും ബിനീഷ് പറഞ്ഞു.

ജാമ്യക്കാര്‍ പിന്മാറുകയും പുതിയ ജാമ്യക്കാരെ ഹാജരാക്കിയപ്പോള്‍ സമയം വൈകുകയും ചെയ്തതാണ് ബിനീഷിന്റെ ജയില്‍മോചനം ശനിയാഴ്ചയിലേക്ക് നീളാന്‍ കാരണം.

അതേസമയം, അറസ്റ്റിലായി ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ബിനീഷിന് ഉപാധികളോടെ ബെംഗളൂരു ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്.

2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി.അനിഖ എന്നിവരെ ലഹരിക്കേസില്‍ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയതതോടെയായിരുന്നു കേസിന്റെ തുടക്കം.

അനൂപിനെ ചോദ്യം ചെയ്തപ്പോള്‍ ആദായ നികുതി നല്‍കാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന ലഭിക്കുകയും ബിനീഷിന്റെ പേര് ഉയര്‍ന്നു വരികയും ചെയ്തതോടെ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

CONTENT HIGHLIGHTS: Bineesh Kodiyeri released from jail