തിരുവനന്തപുരം: ബെംഗളൂരുവില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡിനിടെ തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി കുടുംബം. ക്രെഡിറ്റ് കാര്‍ഡ് അല്ലാതെ മറ്റൊന്നും ഇ.ഡി വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടില്ലെന്നും ഇത് ഇ.ഡി തന്നെ കൊണ്ടുവന്ന് വെച്ചതാണെന്നും ബിനീഷിന്റെ ഭാര്യാമാതാവ് മിനി പറഞ്ഞു.
മിനിയുടെ വാക്കുകള്‍
അവര് രാവിലെ വന്ന് ബിനീഷിന്റെ റൂം ഏതാണെന്ന് ചോദിച്ചു. ബിനീഷിന്റെ റൂമില്‍ മാത്രം കയറിയിട്ട് വേഗം ഇറങ്ങി. മറ്റ് മുറികളിലെല്ലാം കയറി ചുമ്മാ വലിച്ചു വാരിയിട്ടു. അവര്‍ക്കൊന്നും കിട്ടിയില്ല. അവര് മെയിനായിട്ട് ഇവിടെ വന്ന് രാവിലെയും ഉച്ചക്കും ആഹാരം കഴിച്ചു, വൈകിട്ട് ചായ, രാത്രി ആഹാരം ഇതായിരുന്നു അവര്‍ ചെയ്തത്.
അപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു സര്‍ ഇത്രയും നേരം ഇവിടെയിരുന്നാല്‍ മീഡിയക്കാര് വിചാരിക്കും ഇവിടെ വലിയ പരിശോധനയാണെന്ന്. നിങ്ങള്‍ വിളിച്ച് അവരോട് പറയണം ഒന്നും കിട്ടിയിട്ടില്ലെന്ന്. എന്നാല്‍ അതൊന്നും പറയാന്‍ പറ്റില്ലെന്ന് അവര്‍ പറഞ്ഞു. കണ്ടെടുത്ത ക്രഡിറ്റ് കാര്‍ഡ് മാത്രമാണ് ഇവിടെ നിന്നും കൊണ്ടുപോയത്. വേറൊരു രേഖകളുമില്ല.
അതേസമയം ഉദ്യോഗസ്ഥര്‍ ഏതൊക്കെയോ പേപ്പര്‍ എടുത്തുകൊണ്ടുവന്ന് ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ പറഞ്ഞു. ബിനീഷ് കുടുങ്ങാന്‍ പോകുകയാണ്. അവിടെ നിന്നും പുറത്തിറങ്ങണമെന്ന് ആഗ്രഹമുണ്ടോ. ഉണ്ടെങ്കില്‍ ഒപ്പിടണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അനൂപ് മുഹമ്മദിന്റെ പേരിലുള്ള കാര്‍ഡ് കണ്ടപ്പോള്‍ ഒപ്പിടാനാകില്ലെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചെന്നും റെനീറ്റ കൂട്ടിച്ചേര്‍ത്തു.
അത്തരത്തിലൊരു കാര്‍ഡ് ബിനീഷിന്റെ മുറിയില്‍ നിന്നും കണ്ടെടുത്തെങ്കില്‍ അത് എടുക്കുമ്പോള്‍ വിളിച്ചു കാണിക്കണമായിരുന്നു. അത്തരത്തില്‍ കാണിക്കാത്ത സാഹചര്യത്തില്‍ ഒപ്പിടാനാകില്ലെന്ന് തീര്‍ത്തു പറഞ്ഞു. ബിനീഷ് പറഞ്ഞാല്‍ ഒപ്പിടുമോയെന്ന് ചോദിച്ചു. ബിനീഷല്ല, ആരു പറഞ്ഞാലും ബോധ്യപ്പെടാത്ത കാര്യത്തില്‍ ഒപ്പിടില്ലെന്ന് അറിയിച്ചു.
അല്ലെങ്കില്‍ നിങ്ങള്‍ കൊണ്ടുവന്നുവെച്ചതാണെന്ന് എഴുതി താന്‍ ഒപ്പിട്ടു നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ അത് പറ്റില്ലെന്ന് ഇ.ഡി അറിയിച്ചെന്നും ബിനീഷിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
ഇ.ഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന സാക്ഷി ഹാളില്‍ ഇരിക്കുകയായിരുന്നു. സാക്ഷി മുറിയിലേക്ക് പോയിരുന്നില്ലെന്നും ബിനീഷിന്റെ ഭാര്യ പറഞ്ഞു. തന്റെ ഫോണ്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. രാത്രി കുഞ്ഞിന് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. കുഞ്ഞിന് ഭക്ഷണം നല്‍കാനോ വസ്ത്രം മാറാന്‍ പോലും സാധിച്ചിട്ടില്ല. പാല്‍പ്പൊടി മാത്രമാണ് നല്‍കിയതെന്നും ബിനീഷിന്റെ ഭാര്യ പറഞ്ഞു.
തങ്ങളോട് അവിടെ ഇരിക്കാന്‍ പറഞ്ഞു. അതിനു ശേഷം ഏതെല്ലാമോ പേപ്പറുകള്‍ കണ്ടെടുത്തുവെന്നും ഒപ്പിടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പേപ്പറുകള്‍ കണ്ടെടുത്തപ്പോള്‍, അവിടെയുണ്ടായിരുന്ന തന്നെ കാണിക്കണമെന്നും, അല്ലാതെ പറയുന്ന രേഖകളില്‍ ഒപ്പിടാനാകില്ലെന്നും അറിയിച്ചതായി ബിനീഷിന്റെ ഭാര്യ പറഞ്ഞു. ഉടന്‍ പോകാമെന്ന് കരുതിയാണ് വന്നത് അതിനാല്‍ കുട്ടിയുടെ ഡ്രസ്സോ, പാംപേഴ്സ് പോലും കരുതിയിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. തന്റെ ഭര്‍ത്താവ് ഡോണോ, മയക്കുമരുന്ന് രാജാവോ അല്ല, വെറും സാധാരണ മനുഷ്യനാണെന്നും ബിനീഷിന്റെ ഭാര്യ പറഞ്ഞു.
ഇ.ഡിക്കെതിരെ കോടതിയെ സമീപിക്കാനാണ് ബിനീഷിന്റെ കുടുംബത്തിന്റെ തീരുമാനം. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കുടുംബത്തെ റെയ്ഡിന്റെ പേരില്‍ തടഞ്ഞുവെച്ചതെന്ന് അഭിഭാഷകനായ മുരുക്കുംപുഴ വിജയകുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ 9.30 നു ആരംഭിച്ച റെയ്ഡാണ് ഇപ്പോഴും തുടരുന്നത്. റെയ്ഡില്‍ കണ്ടെത്തിയെന്ന് പറയുന്ന രേഖകളില്‍ പലതും ഇ.ഡി കൊണ്ട് വന്നതാണെന്നും മഹസറില്‍ ഒപ്പ് വെയ്ക്കില്ലെന്നും ബിനീഷിന്റെ ഭാര്യ നിലപാട് എടുത്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ വീടില്‍ തുടരുന്നതെന്നാണ് റിപ്പോര്‍ട്ട്. രേഖകളില്‍ ഒന്നില്‍ മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് റെയ്ഡില്‍ പിടിച്ചെടുത്തതായി പറഞ്ഞിരുന്നു.
ഇതില്‍ ഒപ്പ് രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ ഇ.ഡി സംഘത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഭിഭാഷകനെ കാണണമെന്ന് റെനീറ്റ് ആവശ്യപ്പെടുകയും ഇതിനെ തുടര്‍ന്ന് അഭിഭാഷകന്‍ മുരുക്കുംപുഴ വിജയകുമാര്‍ ബിനീഷിന്റെ വീട്ടിലേക്ക് എത്തുകയും ചെയ്തിരുന്നു.
എന്നാല്‍ റെയ്ഡ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ കയറ്റിവിടാനാകില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിഭാഷകനെ അറിയിച്ചു. ഒരു മണിക്കൂറിനുശേഷം ഇ.ഡി ഉദ്യോഗസ്ഥന്‍ അഭിഭാഷകനെ ഫോണില്‍ ബന്ധപ്പെടുകയും മഹസര്‍ രേഖയില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറാകുന്നില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
രേഖകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നും നിര്‍ബന്ധിച്ച് ഒപ്പിടിപ്പിക്കരുത് എന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു ഇ.ഡിക്കെതിരെ കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക