കൊച്ചി: ഓണാഘോഷത്തിന്റെ ഫോട്ടോ പങ്കുവെച്ചതില്‍ ലഭിച്ച വിദ്വേഷ കമന്റിന് പ്രതികരിച്ചതില്‍ തനിക്കെതിരെ പൊലീസ് കേസെടുത്തെന്ന് നടന്‍ ബിനീഷ് ബാസ്റ്റിന്‍.
ഓണം ക്രിസ്ത്യാനിയുടെയും മുസ്‌ലിമിന്റെയും ആഘോഷമല്ല, നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത് എന്നാണ് തുഷാര അജിത് എന്ന പ്രൊഫൈലില്‍ നിന്ന് നേരത്തെ വിദ്വേഷ കമന്റ് വന്നത്. ഇതിനെതിരെ നടന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് തന്റെപേരിലുള്ള ഫെയ്ക്ക് ഐഡിയില്‍ നിന്നും വന്നതാണെന്നാണെന്നാണ് നോണ്‍ ഹലാല്‍(no halal) ഹോട്ടല്‍ നടത്തിപ്പിലൂടെ ശ്രദ്ധേയായ കൊച്ചിയിലെ തുഷാര കല്ലയില്‍ പറയുന്നത്. തുഷാര കല്ലയില്‍ തന്നെയാണ് ബിനീഷിനെതിരെയുള്ള പരാതിക്ക് പിന്നിലും.
‘ടീമേ. തുഷാര എനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നു.
എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ചിട്ടുണ്ടായിരുന്നു. നാളെ രാവിലെ 10 മണിക്ക് വരണം എന്ന് പറഞ്ഞു. ഞാന്‍ വരാം എന്നും പറഞ്ഞു. അവിടെ ചെല്ലുമ്പോള്‍ നമ്മള്‍ ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ആണ് പറയുന്നതെങ്കില്‍. ഞാന്‍ ഡിലീറ്റ് ചെയ്യില്ല കാരണം അവര്‍ ഫേക്ക് ഐഡി എന്ന് പറയുന്ന അക്കൗണ്ട് ഇപ്പോഴും ആക്ടീവായി പ്രവര്‍ത്തിക്കുന്നുണ്ട്.
തുഷാരയെ ഞാന്‍ അറിയില്ല. എന്റെ അക്കൗണ്ടില്‍ വന്ന മതതീവ്രത പ്രകടിപ്പിക്കുന്ന കമന്റിനാണ് ഞാന്‍ റിപ്ലൈ കൊടുത്തത്. ഫെയ്ക്ക് ഐഡി എന്ന് അവര്‍ സ്വയം പറയുന്ന അക്കൗണ്ട് ഉള്ളിടത്തോളം കാലം എന്റെ പോസ്റ്റുകളും അവിടെ തന്നെ ഉണ്ടാവും.
ഫേക്ക് ഐഡി അവരുടേതല്ല എന്ന്. തെളിവോടുകൂടി ആദ്യം പ്രൂവ് ചെയ്യട്ടെ അവര്‍..
ബാക്കി നാളെ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ നിന്ന് വന്നിട്ട് അറിയിക്കാം. നിങ്ങളുടെ വിലയേറിയ അഭിപ്രായം കമന്റ് ഇടുക,’ എന്നാണ് ബിനീഷ് ബാസ്റ്റിന്‍ പറയുന്നത്.