national news
മഹാസഖ്യത്തിന് ഭരണ പ്രതീക്ഷ; ഇനി വേണ്ടത് 12 സീറ്റുകള്‍ മാത്രം; എന്‍.ഡി.എ കക്ഷികളുമായി ചര്‍ച്ച; പുതിയ നീക്കങ്ങളിങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 12, 06:55 am
Thursday, 12th November 2020, 12:25 pm

ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 125 സീറ്റുകളില്‍ എന്‍.ഡി.എ വിജയിച്ചെങ്കിലും പ്രതീക്ഷ കൈവിടാതെ ചെറുപാര്‍ട്ടികളെ കൂട്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ആര്‍.ജെ.ഡി. നിലവില്‍ എന്‍.ഡി.എയിലുള്ള രണ്ട് സഖ്യകക്ഷികളുമായി ആര്‍.ജെ.ഡി ബന്ധപ്പെടുന്നുണ്ടെന്നാണ് സൂചനകള്‍.

110 സീറ്റുകളാണ് നിലവില്‍ ആര്‍.ജെ.ഡി നയിക്കുന്ന മഹാസഖ്യത്തിനുള്ളത്. സര്‍ക്കാരുണ്ടാക്കാന്‍ 12 സീറ്റുകള്‍ കൂടിയാണ് ഇവര്‍ക്ക് ആവശ്യമായി വരിക. ഇതിനായി എന്‍.ഡി.എക്കൊപ്പമുള്ള മുകേഷ് സഹനി നയിക്കുന്ന വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (സെക്കുലര്‍) എന്നിവയ്‌ക്കൊപ്പം അഞ്ച് സീറ്റുകളുള്ള അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം പാര്‍ട്ടിയുമായും ആര്‍.ജെ.ഡി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വികാശീല്‍ പാര്‍ട്ടിയില്‍ നിന്ന് മത്സരിച്ച പാര്‍ട്ടി തലവന്‍ സഹനി തോറ്റെങ്കിലും ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകളാണ് ഇവര്‍ക്ക് ലഭിച്ചത്. മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കും നാല് സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്.

സര്‍ക്കാരുണ്ടാക്കാന്‍ പറ്റുമോ എന്ന് ശ്രമിക്കുന്നതിലെന്താണ് പ്രശ്‌നമെന്നാണ് ആര്‍.ജെ.ഡി വൃത്തങ്ങള്‍ ചോദിക്കുന്നത്.

‘ഒന്ന് ശ്രമിക്കുന്നതില്‍ എന്താണ് തെറ്റ്? വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കും ഞങ്ങളുടെ കൂടെ വരാവുന്നതാണ്. എന്‍.ഡി.എക്ക് വാഗ്ദാനം ചെയ്യാന്‍ പറ്റുന്നതിനെക്കാളും നന്നായി അവരുമായി നല്ല ഡീലുണ്ടാക്കാന്‍ പറ്റുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്. ഉവൈസിയുടെ പാര്‍ട്ടിക്ക് ഞങ്ങളെ പിന്തുണയ്ക്കാന്‍ കഴിയുമോ എന്ന കാര്യവും ശ്രമിച്ച് വരികയാണ്,’ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആര്‍.ജെ.ഡിയുടെ വാഗ്ദാനത്തെ സംബന്ധിച്ച് വികാശീല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ വികാശീല്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. സഹനി ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടാല്‍ ആര്‍.ജെ.ഡി അത് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം എന്‍.ഡി.എ വിട്ട് പോകുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നാണ് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച പറഞ്ഞത്. എന്‍.ഡി.എ വിജയം നേടുമ്പോഴും ഭരണം ഉറപ്പിക്കാനായിട്ടില്ല എന്നാണ് ഇത് നല്‍കുന്ന സൂചന.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bihar election: RJD in hope to make a Government; trying to contact with small allies of NDA