വിഷാംശം മറച്ചുവെച്ച് വില്‍പന; ലെയ്‌സിനു കെ.എഫ്.സിക്കും മാഗ്ഗിക്കുമെതിരെ സി.എസ്.ഇ റിപ്പോര്‍ട്ട്
India
വിഷാംശം മറച്ചുവെച്ച് വില്‍പന; ലെയ്‌സിനു കെ.എഫ്.സിക്കും മാഗ്ഗിക്കുമെതിരെ സി.എസ്.ഇ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st March 2012, 5:09 pm

ന്യൂദല്‍ഹി: മിക്കവരും കണ്ണുമടച്ച് വാങ്ങിക്കഴിക്കുന്ന പ്രശസ്തമായ ബ്രാന്‍ഡഡ് ഭക്ഷ്യവസ്തുക്കളിലെല്ലാം ഗുരുതരമായ രോഗങ്ങള്‍ സൃഷ്ടിക്കുന്ന മാരക വിശാംശങ്ങള്‍ വന്‍തോതില്‍ അടങ്ങിയിട്ടുള്ളതായി പല പഠന റിപ്പോര്‍ട്ടുകളും വന്നതാണ്. ഇതോടെ തങ്ങളുടെ ഉത്പന്നങ്ങള്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്നില്ലെന്ന പരസ്യവുമായാണ് എല്ലാ ബ്രാന്‍ഡുകളും രംഗത്തെത്തിയത്. ആരോഗ്യത്തിന് ദോഷം സൃഷ്ടിക്കുന്ന യാതൊന്നും തങ്ങളും ഉത്പന്നത്തിലില്ലെന്ന് പാക്കിന്മേല്‍ അച്ചടിച്ച് വിടുകുയും ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍, മാഗ്ഗി ന്യൂഡില്‍സ്, കെ.എഫ്.സി ഫ്രൈഡ് ചിക്കന്‍, ടോപ്പ് റെമണ്‍ ന്യൂഡില്‍സ്, മക്‌ഡൊനാള്‍ഡ് എന്നിവയടക്കം പതിനാറോളം പ്രധാന ഭക്ഷ്യ ഉത്പന്നങ്ങളില്‍, ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഓ സ്ഥാപനമായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് (Centre for Science and Environment-CSE) നടത്തിയ പഠന റിപ്പോര്‍ട്ട് ഭക്ഷ്യ ബ്രാന്‍ഡുകളുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്നു.

പൊട്ടാറ്റോ ചിപ്‌സ്, ന്യൂഡില്‍സ്, ഫ്രൈഡ് ചിക്കന്‍, ബര്‍ഗറുകള്‍, ആലു ബൂജിയ, സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവകളുടെ പല ബ്രാന്‍ഡുകളില്‍ നിന്നായുള്ള സാമ്പിളുകളാണ് സി.എസ്.ഇയുടെ ലാബില്‍ പരിശോധനക്കും പഠനങ്ങള്‍ക്കുമായി എത്തിയിരുന്നത്. റെഡിമെയ്ഡ് ഭക്ഷ്യ വസ്തുക്കളില്‍ ചേര്‍ക്കേണ്ടുന്ന പദാര്‍ഥങ്ങളുടെ അളവുകള്‍ ലോകാരോഗ്യ സംഘടയും മറ്റും നിര്‍ദേശിച്ചിട്ടുണ്ട്. സാമ്പിളിനെടുത്ത ഭക്ഷ്യ ഉത്പന്നങ്ങളുടെ ബ്രാന്‍ഡുകളെല്ലാം ഈ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയിരിക്കുകയാണെന്ന് സി.എസ്.ഇ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത ഭക്ഷ്യ ബ്രാന്‍ഡുകളെല്ലാം ഉപഭോക്താക്കളെ വഞ്ചിക്കുകയാണെന്ന് വ്യക്തമായതോടെ റിപ്പോര്‍ട്ടിനെതിരെ പരാമര്‍ശ വിധേയമായ ബ്രാന്‍ഡുകളെല്ലാം രംഗത്തെത്തിയിട്ടുണ്ട്.

പ്രധാന ജങ്ക് ഫുഡുകളിലെല്ലാം അനുവദനീയമായിതലും വലിയ അളവിലുള്ള ട്രാന്‍സ്ഫാറ്റ്‌സും (കൊളസ്‌ട്രോളിനും ഹൃദ്രോഗത്തിനും കാരണമാകുന്നത്) ഉപ്പും മധുരവുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇവ പൊണ്ണത്തടിയും പ്രമേഹവുമെല്ലാം എളുപ്പത്തില്‍ ക്ഷണിച്ചു വരുത്തും. ട്രാന്‍സ്ഫാറ്റ്‌സ് ഹൃദയ ധമനികളില്‍ കൊഴുപ്പായി അടിഞ്ഞുകൂടി രക്തരസഞ്ചാരം സാധ്യമാകാതെ വരികയാണ് ചെയ്യുക. വലിയ അളവിലുള്ള ഉപ്പിന്റെ സാന്നിധ്യം രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. യുവാക്കളില്‍ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം കാണപ്പെടാന്‍ കാരണം ജങ്ക് ഫുഡുകള്‍ ശീലമാക്കിയതിനാലാണ്.

തങ്ങളുടെ ചിപ്‌സ് ആരോഗ്യത്തിന് നല്ലാതാണെന്നും തങ്ങള്‍ തീരെ ട്രാന്‍സ്ഫാറ്റ്‌സ് ഉപയോഗിക്കുന്നില്ലെന്നും പറയുന്ന പെപ്‌സികോയുടെ ലെയ്‌സില്‍ ഓരോ 100 ഗ്രാം പാക്കിലും 3.7 ഗ്രാം ട്രാന്‍സ്ഫാറ്റ്‌സ് അടങ്ങിയിരിക്കുന്നതായി സി.എസ്.ഇ റിപ്പോര്‍ട്ട് പറയുന്നു. റാമെണ്‍ സൂപ്പര്‍ മസാല ന്യൂഡില്‍സിന്റെ ഓരോ 100 ഗ്രാം പാക്കിലും 0.7 ഗ്രാം ട്രാന്‍സ്ഫാറ്റ്‌സ് അടങ്ങിയിരിക്കുന്നു. എന്നാല്‍ വാര്‍ത്തയോട് പ്രതികരിച്ച പെപ്‌സികോ (Pepsico)പറഞ്ഞത്, ലെയ്‌സ്, അങ്കിള്‍ ചിപ്‌സ്, കുര്‍കുറെ, ചീറ്റോസ് എന്നിവയിലൊന്നും ട്രാന്‍സ്ഫാറ്റ്‌സ് ഇല്ലെന്നാണ്. പെപ്‌സികോയെ കൂടാതെ നെസ്‌ലെയും (Nestle) മക്‌ഡൊണാള്‍ഡു (McDonald”s) മെല്ലാം സി.എസ്.ഇ റിപ്പോര്‍ട്ടിനെതിരെ പ്രസ്താവനകള്‍ ഇറക്കിക്കഴിഞ്ഞു.

Malayalam News

Kerala News in English