Entertainment news
'ഇയാള്‍ക്കിത് മതിയായില്ലേ?'; ഭോലാ ശങ്കര്‍ കണ്ടവര്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 11, 01:09 pm
Friday, 11th August 2023, 6:39 pm

അജിത്തിന്റെ വേതാളം എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഭോലാ ശങ്കര്‍ ഇന്ന് റിലീസ് ചെയ്തിരുന്നു. ചിരഞ്ജീവി പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന് വളരെ മോശം അഭിപ്രായമാണ് ആദ്യ ഷോ കഴിയുമ്പോള്‍ ലഭിക്കുന്നത്.

മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറിന് ശേഷം എത്തുന്ന ചിരഞ്ജീവിയുടെ അടുത്ത റീമേക്ക് ചിത്രമെന്ന നിലയില്‍ വമ്പന്‍ പ്രതീക്ഷകളായിരുന്നു ഭോലാ ശങ്കറില്‍.

എന്നാല്‍ ചിത്രം ഗോഡ്ഫാദറിനേക്കാള്‍ നിലവാരത്തില്‍ താഴെയാണ് എന്നാണ് ആദ്യ ഷോ കണ്ടവര്‍ അഭിപ്രായങ്ങള്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ കനത്ത ട്രോളുകളും ചിത്രം എറ്റുവാങ്ങുന്നുണ്ട്. മെഹര്‍ രമേശാണ് ഭോലാ ശങ്കറിന്റെ സംവിധാനം. 2015 ലായിരുന്നു ശിവയുടെ സംവിധാനത്തില്‍ അജിത്ത് നായകനായ വേതാളം റിലീസ് ചെയ്തത്.

വമ്പന്‍ ഹിറ്റായി മാറിയ ചിത്രത്തിന്റെ റീമേക്ക് പ്രഖ്യാപിച്ചപ്പോള്‍ അജിത്ത് ആരാധകരും ആവേശത്തില്‍ ആയിരുന്നു. എന്നാല്‍ ആദ്യ ഷോ കഴിയുമ്പോള്‍ ഡിസാസ്റ്റര്‍ റിവ്യുവിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ഭോലാ ശങ്കര്‍.


നടന്‍ അജിത്തിനെ പോലെ റീമേക്ക് ചിത്രത്തില്‍ ചിരഞ്ജീവിയുടെ പ്രകടനം എത്തിയിട്ടില്ലയെന്നും അനാവശ്യമായ കോമഡികളും കല്ലുകടിയാകുന്നുവെന്നും അഭിപ്രായമുണ്ട്. സംവിധായകന്‍ മെഹെര്‍ രമേഷ് നിരാശപ്പെടുത്തി എന്നാണ് മറ്റൊരാള്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത്.

ഭോലാ ശങ്കര്‍ നിര്‍മിച്ചിരിക്കുന്നത് രമബ്രഹ്‌മം സുങ്കരയാണ്. ചിത്രസംയോജനം മാര്‍ത്താണ്ഡ്. കെ. വെങ്കടേഷ് ആണ്. കലാസംവിധായകന്‍ എ. എസ്. പ്രകാശ് ആണ്.

Content Highlight: Bhola Shankar first show response