മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലെത്തിയ ഭീഷ്മ പര്‍വ്വത്തിന്റെ ബോക്‌സ് ഓഫീസ് വേട്ട തുടരുകയാണ്. റിലീസ് ചെയ്തതിന് പിന്നാലെ നിരവധി റെക്കോര്‍ഡുകളാണ് ഭീഷ്മ പര്‍വ്വത്തിന് മുന്നില്‍ വീണത്.
ഇപ്പോഴിതാ തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ്‌യുടെ ചിത്രത്തിന്റെ റെക്കോര്‍ഡാണ് ഭീഷ്മ പര്‍വ്വം മറികടന്നിരിക്കുന്നത്. സൗദിയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം എന്ന റെക്കോര്‍ഡാണ് സിനിമ സ്വന്തമാക്കിയത്.
വിജയ് ചിത്രം മാസ്റ്റര്‍ 30 കോടിയാണ് സൗദിയില്‍ നിന്ന് നേടിയത്. 30.2 കോടി കളക്ഷന്‍ നേടിയതോടെയാണ് ഭീഷ്മ മാസ്റ്ററിന്റെ റെക്കോര്‍ഡ് തകര്‍ത്തത്. 28.5 കോടിയ നേടിയ കുറുപ്പാണ് മൂന്നാമത്. 16 കോടി നേടിയ വാര്‍ നാലാമതും, 15.7 കോടി നേടിയ രാധേ അഞ്ചാമതുമാണ്.
റിലീസ് ചെയ്ത ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഭീഷ്മ പര്‍വ്വം 50 കോടി നേടിയിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 75 കോടി ക്ലബ്ബില്‍ ഭീഷ്മ പര്‍വ്വം ഇടംപിടിച്ച റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
മൂന്നാം വാരത്തിലും കാണികളുടെ എണ്ണത്തില്‍ വലിയ കുറവ് അനുഭവപ്പെടാത്തതിനാല്‍ ചിത്രം അനായാസം 100 കോടി ക്ലബ്ബിലും അതിനു മുകളിലേക്കും എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. സമീപകാലത്ത് ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ ലഭിച്ച ചിത്രം കൂടിയാണ് ഭീഷ്മ പര്‍വ്വം.
ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകള്‍ക്കൊപ്പം മറ്റു സംസ്ഥാന കേന്ദ്രങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബംഗളൂരു, കര്‍ണാടക, മംഗളൂരു, മൈസൂരു, കുന്താപുര എന്നിവിടങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ഈ ഹൈപ്പിന് കാരണം. തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിനു ശേഷമുള്ള ആദ്യ ബിഗ് റിലീസ് എന്നതും ചിത്രത്തിന് ഗുണമായി.
Content Highlight: Bhishma Parvam has surpassed the record of Vijay’s master