മമ്മൂട്ടിയുടെ പ്രകടനം കൊണ്ടും കഥയുടെ മികവ് കൊണ്ടും പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന സിനിമയാണ് മൃഗയ. ഐ.വി. ശശിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 1989ലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ ഹൃദയ സ്പര്‍ശിയായ രംഗങ്ങളില്‍ ഒന്നായിരുന്നു പേവിഷ ബാധയേറ്റ് ഭീമന്‍ രഘു അവതരിപ്പിച്ച കുഞ്ഞച്ചന്‍ എന്ന കഥാപാത്രം മരിക്കുന്നത്.
സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ പോലും ആ കഥാപാത്രം മരിക്കുകയാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും തലേ ദിവസം മാത്രമാണ് ലോഹിതദാസ് അത് പറഞ്ഞതെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഭീമന്‍ രഘു പറയുന്നു.
‘ലോഹിതദാസായിരുന്നു മൃഗയയുടെ സ്‌ക്രിപ്റ്റ് ചെയ്തത്. അതില്‍ ഞാന്‍ അവതരിപ്പിച്ച കുഞ്ഞച്ചന്‍ എന്ന കഥാപാത്രം മരിക്കുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരു ലോഹിതദാസ് മുറിയിലേക്ക് കയറിവന്ന് നാളെയാണ് ആ രംഗം ഷൂട്ട് ചെയ്യുന്നതെന്ന് പെട്ടെന്ന് പറയുകയായിരുന്നു. നേരെ ശശിയേട്ടനെ പോയി കണ്ടു. ആകെ ബേജാറായി. നീ ചെയ്താല്‍ ശരിയാവും, ഇപ്പോള്‍ പൊക്കോ എന്ന് പറഞ്ഞു.
പാലക്കാടുള്ള സുഹൃത്തുക്കളോടൊക്കെ അന്വേഷിച്ച് ഞാന്‍ പേവിഷ ബാധക്ക് ചികിത്സിക്കുന്ന ഒരു ഡോക്ടറുടെ അടുത്ത് പോയി. അവിടുത്തെ സെല്ലില്‍ കിടക്കുന്ന ഒരു മനുഷ്യനെ കണ്ടു. അയാള്‍ ആദ്യം വയലന്റാവുകയും പെട്ടെന്ന് ശാന്തനായി വര്‍ത്തമാനം പറയുന്നതും കണ്ട് ഞാന്‍ ഞെട്ടി പോയി.
സിനിമയില്‍ ആ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ മമ്മൂട്ടിയോട് പറയുന്നുണ്ട്, എന്റെയടുത്ത് വരരുത്, തുപ്പല്‍പോലും തൊടാന്‍ പറ്റില്ലെന്ന്. ഭാര്യക്കും കൊച്ചിനും ആരുമില്ലെന്ന് പറയുമ്പോള്‍ മമ്മൂട്ടി കൈ കെട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണ്. കൈ കെട്ടുമ്പോള്‍ തന്നെ വീണ്ടും വയലന്റാവുന്നുണ്ട്.
ജീപ്പില്‍ കിടന്ന് മമ്മൂട്ടിയെ നോക്കി വാറുണ്ണി ഞാന്‍ പോവാന്ന് പറഞ്ഞിട്ട് മരിക്കുകയാണ്. വണ്ടി തിരിച്ചുവിട്, അവന്‍ പോയി എന്നാണ് അപ്പോള്‍ വാറുണ്ണി പറയുന്നത്. അവന്റെ ഇമോഷന്‍ അത്രേയെ പ്രകടിപ്പിക്കുന്നുള്ളൂ.
എന്റെ പ്രകടനം കണ്ട് ശശിയേട്ടന്‍ ഓടി വന്ന് കെട്ടിപിടിച്ചു. എവിടുന്ന് കിട്ടിയെടാ ഇതെന്ന് ചോദിച്ചു. അതൊക്കെ കിട്ടി ഇപ്പോള്‍ ഇതേ പറയാന്‍ പറ്റുകയുള്ളുവെന്ന് പറഞ്ഞു. ആ രംഗത്തിന്റെ ഡബ്ബിങ് കഴിഞ്ഞപ്പോള്‍ വെളിയില്‍ വന്നപ്പോള്‍ ഞാന്‍ കരഞ്ഞു. അതൊക്കെ പറയുമ്പോള്‍ തന്നെ സങ്കടം വരും,’ ഭീമന്‍ രഘു പറഞ്ഞു.
Content Highlight: Bheeman Raghu says that he did not know that his character in mrigaya was dying