കൊച്ചി: ദിലീപില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന കാര്യങ്ങള്‍ മഞ്ജു വാര്യര്‍ തുറന്ന് പറയാത്തത് കാരണം അവരെ കുറിച്ച് തോന്നിവാസം പറയുന്നത് സങ്കടകരമായ കാര്യമാണെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കോടതിയില്‍ വന്ന് മഞ്ജു വാര്യര്‍ മദ്യപിക്കുമെന്ന് പറയണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നതായും ഭാഗ്യലക്ഷ്മി പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റേഴ്സ് അവറിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. മഞ്ജു വാര്യര്‍ മദ്യപാനിയായിരുന്നുവെന്നും മഞ്ജു ഡാന്‍സ് ചെയ്യാന്‍ പോകുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ലെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിഭാഷകനും ദിലീപിന്റെ സഹോദരന് അനൂപും തമ്മിലുള്ള സംഭാഷണത്തില്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെയായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
‘അവര്‍ തോന്നിയത് പോലെ ആരോടും പറയാതെയും ഒന്നും ചോദിക്കാതെയും നടക്കുകയായിരുന്നു എന്നൊക്കെയുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഗുരുവായൂര്‍ ഡാന്‍സ് കളിക്കാന്‍ പോവുന്നതിന് മുമ്പൊക്കെ ഞാന്‍ മഞ്ജുവിനോട് സംസാരിച്ചിട്ടുണ്ട്. ദിലീപിനോട് വ്യക്തമായി സമ്മതം ചോദിച്ചാണ് പോയതെന്നും മഞ്ജു പറഞ്ഞിട്ടുണ്ട്.
ഡാന്‍സ് കളിക്കുന്നതിന് മുമ്പ് ദീലീപേട്ടാ അനുഗ്രഹിക്കണമെന്ന് പറഞ്ഞപ്പോള്‍ വളരെ മോശമായി സംസാരിച്ചതായും മഞ്ജു പറഞ്ഞിട്ടുണ്ട്. ഇതൊന്നും മഞ്ജു എന്ന വ്യക്തി പുറത്ത് പറയാത്തത് കൊണ്ട്, അവരെ കുറിച്ച് എന്ത് തോന്നിവാസവും പറയുക എന്നുള്ളത് സങ്കടകരമായ കാര്യമാണ്.
ഒരു സ്ത്രീയെക്കുറിച്ച് മോശം പറഞ്ഞ് തെറ്റായ ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മഞ്ജുവിന്റെ പെര്‍മിഷനോട് കൂടിയാണ് ഞാന്‍ ഇപ്പോള്‍ ഇത് പറയുന്നത്, ഇങ്ങനെയുള്ള തെറ്റായ വാര്‍ത്തകള്‍ വരാതിരിക്കാനാണ് ഇക്കാര്യം ഇപ്പോള്‍ പറയുന്നത്. നടിയുടെ വിഷയമുണ്ടായ സമയത്ത് ദിലീപ് ഇന്റര്‍വ്യൂവില്‍ പറയുകയുണ്ടായി, കൂടാന്‍ പാടില്ലാത്ത ആള്‍ക്കാരുടെ കൂടെ കൂടിയിട്ടാണ് ഇത് സംഭവിച്ചത് എന്ന്.
അപ്പോള്‍ ദിലീപിന്റെ അവസ്ഥ ആരുടെ കൂടെ കൂടിയിട്ടാണ് ഇങ്ങനെയായത്. ഒരു സ്ത്രീയെക്കുറിച്ച്, അത് അതിജീവിത ആവട്ടെ, മഞ്ജു വാര്യര്‍ ആവട്ടെ, ആരും ആവട്ടെ അവരെക്കുറിച്ച് ഇങ്ങനെ തെറ്റായ വിവരങ്ങള്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത് ശരിയല്ല.
കോടതിയില്‍ വന്ന് നിങ്ങള്‍ മഞ്ജു വാര്യര്‍ മദ്യപിക്കുമെന്ന് പറയണമെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നു. മദ്യപിക്കുക എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. മഞ്ജു മദ്യപിക്കുകയോ ഇല്ലയോ എന്നത് എനിക്കറിയില്ല, എന്റെ വിഷയവുമല്ലത്. കോടതിയില്‍ ഇങ്ങനെ പറഞ്ഞാല്‍ എന്ത് സംഭവിക്കും, ഇങ്ങനെയാണോ ഒരു പെണ്ണിനെ കുറിച്ച് ഇല്ലാത്തത് പറഞ്ഞു പഠിപ്പിച്ച് കൊടുക്കുന്നത്,’ ഭാഗ്യലക്ഷ്മി പറഞ്ഞു.
Content Highlights: Bhagyalakshmi says about Dileep and Manju Warrier