എബ്രിഡ് ഷൈന്‍ സംവിധാനം 1983 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ഭഗത് എബ്രിഡ് ഷൈന്‍. എബ്രിഡ് ഷൈനിന്റെ മകനും കൂടിയാണ് ഭഗത്.
പിന്നീട് സിനിമയില്‍ നിന്ന് വിട്ട് നിന്ന ഭഗത് ലാല്‍ ജോസ് സംവിധാനം ചെയ്ത മ്യാവൂവിലൂടെയാണ് അഭിനയരംഗത്തേക്ക് വീണ്ടുമെത്തുന്നത്.
ബിഹൈന്‍ഡ്‌വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭഗത് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 1983യിലെ രൂപം കണ്ട് ഇപ്പോഴും കൂട്ടുകാര്‍ കളിയാക്കാറുണ്ടെന്നാണ് താരം പറയുന്നത്.
‘1983യിലെ ഫോട്ടോ ഒക്കെ കാണുമ്പോള്‍ ചമ്മല്‍ വരാറുണ്ട്. ഫ്രെണ്ട്‌സൊക്കെ ദേ ടാ നിന്റെ പല്ല് കണ്ടോ എന്നൊക്കെ ചോദിച്ച് കളിയാക്കും. അന്ന് ആരേയും കിട്ടാത്തതുകൊണ്ടാണ് എന്നെ അഭിനയിപ്പിച്ചത്. ഷൂട്ടിനിങ്ങിനിടയില്‍ അച്ഛന്റെ കയ്യില്‍ നിന്ന് ഒരുപാട് ചീത്ത കേട്ടിട്ടുണ്ട്.
മ്യാവൂവില്‍ ലാല്‍ ജോസ് സാര്‍ വിളിച്ചിട്ടാണ് എത്തുന്നത്. അന്ന് ഓണ്‍ലൈന്‍ ക്ലാസായിരുന്നു, അപ്പോള്‍ അച്ഛന്‍ വിളിച്ചിട്ട് പറഞ്ഞു, നാളെ ലാല്‍ ജോസ് സാറെ പോയി കാണണമെന്ന്. എന്തിനാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. പോയി കണ്ടു, അപ്പോള്‍ സാര്‍ ഒരു പടം ചെയ്യുന്നുണ്ട്, ദുബായിലാണ് ഷൂട്ടെന്ന് വരുന്നോയെന്ന് ചോദിച്ചു. ദുബായ് എന്ന് കേട്ടപ്പോള്‍ തന്നെ ഞാന്‍ ഓക്കെ പറഞ്ഞു.
പാട്ട് പാടുന്നൊരു കുട്ടിയായിട്ടാണ് പാട്ട് പാടാന്‍ അറിയാമോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞു. അങ്ങനെ വീട്ടില്‍ ചെന്ന് ക്ലാസിക്കല്‍ സോങിന്റെ ലിപ് സിങ്ക് ചെയ്യുന്ന വീഡിയോ ഒക്കെ എടുത്തയച്ചു കൊടുത്തു. പാട്ട് കാണാതെ പഠിച്ചായിരുന്നു വീഡിയോ ഒക്കെ അയച്ചത്. ഡിസംബറിലാണ് ഷൂട്ടിന് പോയത്. ഞാന്‍ ഇന്ത്യയുടെ പുറത്തേക്ക് ആദ്യമായാണ് പോകുന്നത്. റാസല്‍ഖൈമയിലായിരുന്നു ഷൂട്ട്, അതുകൊണ്ട് തന്നെ അധികം പുറത്തിറങ്ങാനൊന്നും പറ്റിയിരുന്നില്ല. അധിക സമയവും റൂമില്‍ തന്നെയായിരുന്നു ഞാന്‍, ഷൂട്ട് ഇല്ലാത്ത ദിവസം അച്ഛന്റെ ഫ്രെണ്ട് വന്ന് പുറത്തൊക്കെ കൊണ്ടുപോകും, അന്ന് നല്ല രസമാണ്,’ ഭഗവത് എബ്രിഡ് ഷൈന്‍ പറയുന്നു.
Content Highlights: Bhagat Abrid Shine says about Meow movie