ശനി, ഞായര്‍ ദിവസങ്ങളില്‍ ബാറുകളും തുറക്കേണ്ടെന്ന് സര്‍ക്കാര്‍
Kerala News
ശനി, ഞായര്‍ ദിവസങ്ങളില്‍ ബാറുകളും തുറക്കേണ്ടെന്ന് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd April 2021, 8:08 pm

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കൊപ്പം മദ്യവില്‍പന ശാലകളും തുറക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. എക്‌സൈസ് വകുപ്പിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നതൊഴികെയുള്ള മുഴുവന്‍ ഔട്ട്‌ലെറ്റുകളും നാളെയും മറ്റന്നാളും അടച്ചിടണമെന്നാണ് ഉത്തരവ്.

ഇതോടെ മറ്റു ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും ഈ ദിവസങ്ങളില്‍ തുറക്കില്ല.

ഇതുമായി ബന്ധപ്പെട്ട അവശ്യ അനന്തര നടപടികള്‍ ബന്ധപ്പെട്ട ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍മാര്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ എന്നിവര്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഇത് നടപ്പിലാവുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തുന്നത്. കൂടുതല്‍ നിയന്ത്രണം തിങ്കളാഴ്ചത്തെ സര്‍വകക്ഷിയോഗത്തിന് ശേഷം തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ശനി ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നും ആളുകള്‍ പരമാവധി വീട്ടില്‍ തന്നെ ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി നടത്താം. അത്യാവശ്യഘട്ടങ്ങളില്‍ പൊതുജനത്തിന് ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി സത്യപ്രസ്താവന കയ്യില് കരുതണം

ടെലികോം,ഐടി മാധ്യമപ്രവര്‍ത്തനം, ആശുപത്രികള്‍, പാല്‍, പത്ര വിതരണം, ജല വിതരണം,വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട എന്നിവ മാത്രമായിരിക്കും ശനി ഞായര്‍ ദിവസങ്ങളില്‍ തുറക്കുക.

വിവാഹ ചടങ്ങുകള്‍ക്ക് പോകുന്നവര്‍ ക്ഷണക്കത്തും തിരിച്ചറിയല്‍ കാര്‍ഡുകളും കയ്യില്‍ കരുതണം. കഴിയുന്നതും എല്ലാവരും വീട്ടില്‍ തന്നെ നില്‍ക്കണം. ഈ ദിവസങ്ങള്‍ കുടുംബത്തിന് വേണ്ടി മാറ്റിവെക്കാം, അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, നേരത്തെ നിശ്ചയിച്ച വിവാഹം നടത്താം. ഹാളുകള്‍ക്കുള്ളില്‍ പരമാവധി 75 പേര്‍ക്കും തുറസായ സ്ഥലങ്ങളില്‍ 150 പേര്‍ക്കുമായിരിക്കും പ്രവേശനം.

മരണാനന്തര ചടങ്ങുകള്‍ക്ക് ആകെ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആണ്. ഇന്നത്തെ സാഹചര്യത്തില്‍ കൂടിയ സംഖ്യയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണം, വിവാഹം മരണം തുടങ്ങിയ ചടങ്ങുകള്‍ ഏറ്റവും അടുത്ത രോഗിയെ സന്ദര്‍ശിക്കല്‍, ഭക്ഷണം മരുന്ന് എന്നിവ എത്തിക്കാന്‍ അനുവദിക്കും, ഇവര്‍ സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവന കയ്യില്‍ കരുതണം.

വീടുകളിലെത്തി മീന്‍ വില്‍പ്പന നടത്തുന്നതിന് കുഴപ്പമില്ലെന്നും എന്നാല്‍ വില്‍പ്പനക്കാര്‍ മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bevco outlets and bar should not be opened on saturdays and sundays