പൊതു നീന്തൽക്കുളങ്ങളിൽ അർധനഗ്നരായി കുളിക്കാൻ സ്ത്രീകൾക്കും അനുമതി നൽകി ബെർലിൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th March 2023, 7:15 pm
ബെർലിൻ: പൊതു നീന്തൽക്കുളങ്ങളിൽ അർധനഗ്നരായി കുളിക്കാൻ സ്ത്രീകൾക്കും അവകാശമുണ്ടെന്ന് ജർമൻ ഭരണകൂടം. അർധനഗ്നയായി നീന്തൽക്കുളത്തിൽ ഇറങ്ങാൻ തന്നെ വിലക്കിയെന്ന് ചൂണ്ടിക്കാട്ടി സ്ത്രീ നൽകിയ പരാതി പരിഗണിക്കുന്നതിനിടെയായിരുന്നു നിർണായക തീരുമാനം.
ഇതോടെ ലിംഗഭേദമില്ലാതെ എല്ലാവർക്കും മേൽവസ്ത്രം ധരിക്കാതെ നീന്തൽ കുളങ്ങൾ ഉപയോഗിക്കാം.
ബെർലിനിൽ പൊതു നീന്തൽക്കുളത്തിൽ മേൽവസ്ത്രം ധരിക്കാതെ സൺ ബാത്ത് ചെയ്യാനെത്തിയ പരാതിക്കാരിയെ അധികൃതർ തടഞ്ഞിരുന്നു. ഇത് വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി ഇവർ സെനറ്റ് ഓംബുഡ്സ്പേഴ്സണ് പരാതി നൽകി.
മേൽവസ്ത്രം ഒഴിവാക്കാൻ എല്ലാവർക്കും തുല്യ അവകാശമുണ്ടെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി. ഇതോടെയാണ് മേൽവസ്ത്രം ധരിക്കാതെ നീന്തൽക്കുളങ്ങൾ ഉപയോഗിക്കാൻ സ്ത്രീകൾക്ക് അനുമതി നൽകിയത്.
സെനറ്റിന്റെ ഉത്തരവ് സ്വാഗതാർഹമാണെന്നും ലിംഗ വിവേചനം ഒഴിവാക്കപ്പെടേണ്ടതാണെന്നും അധികാരികൾ പറഞ്ഞു.
ബെർലിനിലെ പൊതുനീന്തൽക്കുളങ്ങൾ നോക്കിനടത്തുന്ന ബെർലിനർ ബേഡർബെട്രിബും സെനറ്റ് തീരുമാനത്തെ അംഗീകരിച്ചു. ജർമനിയിൽ ഫ്രീ ബോഡി കൾച്ചർ പിന്തുടരുന്നവർക്ക് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത് ആശ്വാസമാകുമെന്നും അധികാരികൾ ചൂണ്ടിക്കാട്ടി.
Content Highlight: Berlin authorities says women can enter public pools topless