ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ അറസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ബെന്നി ബെഹ്നാന്‍. സിദ്ദിഖ് കാപ്പനെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് ബെന്നി ബെഹ്നാന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു.
സിദ്ദിഖ് കാപ്പന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനായി കെ.യു.ഡബ്ല്യു.ജെയുടെ ദല്‍ഹി യൂണിറ്റ് പൊലീസുമായി ബന്ധപ്പെട്ടെങ്കിലും വിവരങ്ങള്‍ കൈമാറാന്‍ അവര്‍ തയ്യാറായില്ലെന്നും ഈ സാഹചര്യത്തില്‍ കെ.യു.ഡബ്ല്യു.ജെയ്ക്ക് സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യേണ്ടി വന്നെന്നും ബെന്നി ബെഹ്നാന്‍ കത്തില്‍ പറഞ്ഞു.
ഒരു പൗരന് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങള്‍ പോലും സിദ്ദിഖ് കാപ്പന് ലഭിച്ചില്ലെന്നും അഭിഭാഷകരേയോ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ ബന്ധപ്പെടാന്‍ പോലും അദ്ദേഹത്തെ പൊലീസ് അനുവദിച്ചില്ലെന്നും അറസ്റ്റുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിര്‍ദേശത്തെപ്പോലും യു.പി പൊലീസ് കാറ്റില്‍പ്പറത്തിയെന്നും ബെന്നി ബെഹ്നാന്‍ പറഞ്ഞു.
എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഭരണകൂടത്തിന്റെ നീക്കമാണ് ഇതിന് പിന്നിലെന്നും ഇത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമല്ല മറിച്ച് ഇന്ത്യയിലെ പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നും ബെന്നി ബെഹ്നാന്‍ പറഞ്ഞു.
ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് സിദ്ദിഖ് കാപ്പന്റെ മോചനം സാധ്യമാക്കണമെന്നും ഭരണഘടന അനുശാസിക്കുന്ന മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കണമെന്നും ബെന്നി ബെഹ്നാന്‍ കത്തില്‍ പറഞ്ഞു.
വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ബിനോയ് വിശ്വം എം.പിയും കത്തയച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള പത്രപ്രവര്‍ത്തകനും കേരള യൂണിയന്‍ വര്‍ക്കിംഗ് ജേണലിസ്റ്റ് സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പനെയും മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത് ഹാത്രാസ് കേസില്‍ നിന്നും ശ്രദ്ധതിരിക്കാനാണെന്നും അറസ്റ്റുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളൊന്നും ഇക്കാര്യത്തില്‍ യു.പി പൊലീസ് പാലിച്ചില്ലെന്നും ബിനോയ് വിശ്വം കത്തില്‍ പറഞ്ഞു.
ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ആണിക്കല്ലാണ് മാധ്യമസ്വാതന്ത്ര്യം. എന്നാല്‍ സിദ്ദിഖ് കാപ്പനെപ്പോലുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ തീവ്രവാദ ആരോപണം ചുമത്തി അറസ്റ്റു ചെയ്യുന്ന നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്നും ബിനോയ് വിശ്വം കത്തില്‍ പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതും സത്യം പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതും പത്രപ്രവര്‍ത്തകരുടെ ജോലിയാണ്. എന്നാല്‍ അവരുടെ ശബ്ദത്തെ നിശബ്ദമാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അപലപിക്കേണ്ടത് തന്നെയാണ്.
ഇത്തരം സ്വേച്ഛാധിപത്യ നടപടികളുടെ ഭാഗമായാണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം 142 ആയതെന്നും ബിനോയ് വിശ്വം പറഞ്ഞു.
19 കാരിയായ ദലിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവും തുടര്‍ന്നുണ്ടായ പൊലീസ്, ഭരണകൂട നടപടികളും ഇന്ത്യന്‍ ജനത ഒന്നടങ്കം ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ബദല്‍ മാര്‍ഗങ്ങള്‍ തേടാനും സര്‍ക്കാര്‍ ശ്രമിക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരവും നിന്ദ്യവുമാണ്.
ഉത്തരവാദിത്തവും സുതാര്യതയുമായ നിയമവാഴ്ച രാജ്യത്തിന് ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ക്കെതിരെ പ്രധാനമന്ത്രിയെന്ന നിലയില്‍ താങ്കള്‍ അപലപിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിദ്ദിഖ് കാപ്പന്റെ മോചനം എത്രയും പെട്ടെന്ന് സാധ്യമാക്കണമെന്നും ഹാത്രാസില്‍ സംഭവിച്ച എല്ലാ കാര്യങ്ങളിലും നീതിയുക്തമായ അന്വേഷണം ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ താങ്കള്‍ തയ്യാറാകണമെന്നും ബിനോയ് വിശ്വം കത്തില്‍ പറഞ്ഞു.
ഹാത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെയാണ് സിദ്ദീഖിനെ യു.പി പൊലീസ് ഒക്ടോബര്‍ ആറിന് അറസ്റ്റു ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞിട്ടും സിദ്ദിഖിനെ അറസ്റ്റു ചെയ്യുകയും ലാപ്ടോപ്പ് അടക്കമുള്ളവ പിടിച്ചെടുക്കുകയുമായിരുന്നു.
അഴിമുഖം.കോമിലെ മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് മുമ്പ് തേജസ്, തത്സമയം ദിനപത്രങ്ങളുടെയും ലേഖകനായിരുന്നു. ക്യാമ്പസ് ഫ്രണ്ട് ഭാരവാഹികളായ മൂന്നു പേരെയും സിദ്ദീഖിനൊപ്പം യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് ഒക്ടോബര്‍ ഏഴിന് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയായിരുന്നു. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിരുന്നു. സിദ്ദിഖിനെ കസ്റ്റഡിയിലെടുത്തത് സുപ്രീംകോടതി മാര്‍ഗരേഖയുടെ ലംഘനമാണെന്ന് അഡ്വ. വില്‍സ് മാത്യൂസ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക