ലോകകപ്പിന് മുമ്പ് നടക്കുന്ന ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ ടി-20 സീരീസില്‍ ഇംഗ്ലണ്ടിന് പരമ്പര. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തെ രണ്ട് മത്സരവും ജയിച്ചാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരിക്കുന്നത്.
രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണണര്‍ അലക്‌സ് ഹേല്‍സ് നേരത്തെ പുറത്തായപ്പോള്‍ വണ്‍ ഡൗണായി ഇറങ്ങിയ ഡേവിഡ് മലന്റെ വെടിക്കെട്ടായിരുന്നു ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
49 പന്തില്‍ നിന്നും 82 റണ്‍സാണ് മലന്‍ സ്വന്തമാക്കിയത്. ഏഴ് ഫോറും നാല് സിക്‌സറുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. ഡേവിഡ് മലന് പുറമെ മോയിന്‍ അലിയും മികച്ച പ്രകടനം കാഴ്ചവെച്ചു. 27 പന്തില്‍ നിന്നും 44 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്.
ഇവര്‍ക്ക് പുറമെ ഇംഗ്ലണ്ട് നിരയില്‍ ബാറ്റിങ്ങിനിറങ്ങിയ ഒരാള്‍ക്ക് പോലും ഇരട്ടയക്കം കാണാന്‍ സാധിച്ചില്ല. ഒടുവില്‍ നിശ്ചിത ഓവറില്‍ 178 റണ്‍സിന് ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിച്ചു.
ഓസ്‌ട്രേലിയക്കായി മാര്‍കസ് സ്‌റ്റോയിന്‍സ് മൂന്നും ആദം സാംപ രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനും തുടക്കം പിഴച്ചു. 20 റണ്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായപ്പോള്‍ 22ാം വിക്കറ്റില്‍ ഓസീസിന്റെ രണ്ടാം വിക്കറ്റും നഷ്ടമായി. 13 പന്തില്‍ നിന്നും 13 റണ്‍സുമായി ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പുറത്തായപ്പോള്‍ 11 പന്തില്‍ നിന്നും നാല് റണ്‍സുമായി വാര്‍ണറും പുറത്തായി.
എന്നാല്‍ മൂന്നാമനായി ഇറങ്ങിയ മിച്ചല്‍ മാര്‍ഷ് മികച്ച രീതിയില്‍ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയപ്പോള്‍ മത്സരം ഓസീസ് വിജയിക്കുമെന്ന് എല്ലാവരും കരുതി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ഓസീസ് വീണ്ടും പരുങ്ങി.
ഓസീസ് ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ ഇംഗ്ലണ്ട് ഫീല്‍ഡര്‍മാരും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഓസീസ് വീണ്ടും പരുങ്ങലിലായി. അത്തരത്തില്‍ ഒരു ഫീല്‍ഡിങ് മൊമെന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങാവുന്നത്.
മത്സരത്തിന്റെ 12ാം ഓവറിലെ ആദ്യ പന്തില്‍ ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സിന്റെ ഒരു അസാധ്യ പ്രകടനമാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. സാം കറന്റെ ഓവറില്‍ മിച്ചല്‍ മാര്‍ഷ് ഒരു കൂറ്റന്‍ ഷോട്ട് അടിക്കുകയായിരുന്നു. സിക്‌സ് എന്നുറപ്പിച്ച ഷോട്ട് ബൗണ്ടറി ലൈനിനടുത്ത് നിന്ന് സ്‌റ്റോക്‌സ് തടഞ്ഞിടുകയായിരുന്നു.
മാര്‍ഷിനെ പുറത്താക്കാന്‍ സാധിച്ചില്ലെങ്കിലും വിലപ്പെട്ട റണ്‍സ് സേവ് ചെയ്യാന്‍ സ്റ്റോക്‌സിനായി.
ഇതിന്റെ വീഡിയോ ആണ് വൈറലാവുന്നത്.
സാം കറന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷിനെ ക്യാച്ച് എടുത്ത് പുറത്താക്കാന്‍ സ്റ്റോക്‌സിന് കഴിഞ്ഞില്ലെങ്കിലും മാര്‍ഷ് പുറത്തായതും രസകരമായ രീതിയിലാണ്. സ്റ്റോക്‌സിന്റെ പന്തില്‍ സാം കറന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.