ന്യൂദൽഹി: കേന്ദ്ര സർക്കാർ ഏജൻസികൾ പ്രതിപക്ഷ എം.പിമാർ ഉൾപ്പെടെയുള്ളവരുടെ മൊബൈൽ ഫോൺ ചോർത്താൻ ശ്രമിക്കുന്നു എന്ന് ആപ്പിൾ മുന്നറിയിപ്പ് നൽകിയതിന് മുമ്പ് തന്നെ ഗൂഗിളും യാഹൂവും മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്.
2019ൽ ഇന്ത്യയിലെ നിരവധി പേരുടെ ഡാറ്റ പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കേന്ദ്രം ചോർത്തി എന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ സർക്കാർ പിന്തുണയോടെയുള്ള ആക്രമണത്തെ കുറിച്ച് യാഹൂ ഒരു ഉപയോക്താവിന് മുന്നറിയിപ്പ് നൽകിയതായി ദി വയർ റിപ്പോർട്ട് ചെയ്തിരുന്നു.
‘നിങ്ങളുടെ യാഹൂ അക്കൗണ്ട് സർക്കാർ ഏജൻസികൾ ലക്ഷ്യമിടുന്നതായി ഞങ്ങൾ വിശ്വസിക്കുന്നു, അതിനർത്ഥം നിങ്ങളുടെ അക്കൗണ്ടിലെ വിവരങ്ങൾ അവർക്ക് ലഭിക്കാം,’ യാഹൂവിന്റെ സന്ദേശത്തിൽ പറയുന്നു.
എന്നാൽ ഏതാണ് ഈ സർക്കാർ ഏജൻസികളെന്നോ ഏത് സർക്കാരിന് വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നതെന്നോ യാഹൂ വെളിപ്പെടുത്തിയിരുന്നില്ല.
ഇതേവർഷം തന്നെ ഗൂഗിളും ഇന്ത്യയിലെ 500 ഉപയോക്താക്കൾക്ക് സർക്കാർ പിന്തുണയോടെ വിവരങ്ങൾ ചോർത്തുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം ഫോൺ ചോർത്തൽ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്തുകൊണ്ടാണ് നൽകാത്തത് എന്നത് സംബന്ധിച്ചുള്ള പ്രസ്താവന ആപ്പിൾ പുറത്തുവിട്ടു.
ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് തങ്ങൾ മുന്നറിയിപ്പ് നൽകുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയാൽ സർക്കാർ പിന്തുണയോടെയുള്ള അറ്റാക്കർമാർ ഭാവിയിൽ അത് തിരിച്ചറിയാതിരിക്കാനുള്ള മാർഗങ്ങളിലേക്ക് മാറുമെന്ന് ആപ്പിൾ പറയുന്നു.
കോൺഗ്രസ് നേതാവ് ശശി തരൂർ, ആം ആദ്മി പാർട്ടി നേതാവ് രാഘവ് ചദ്ദ, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര, ദി വയർ എഡിറ്റർ സിദ്ധാർഥ് വരദരാജ് ഉൾപ്പെടെയുള്ളവർക്ക് ആപ്പിളിന്റെ ഫോൺ ചോർത്തൽ മുന്നറിയിപ്പ് ലഭിച്ചിരുന്നു. തുടർന്ന് സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാൻ കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് നിർബന്ധിതനായിരിക്കുകയാണ്.
Content Highlight: Before Apple, Google and Yahoo warned users about state-sponsored attack