ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെ വിരാട് കോഹ്‌ലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്ന വാര്‍ത്തകള്‍ തള്ളി ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി.
താന്‍ ആര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും, പുറത്തു വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നുമായിരുന്നു ഗാംഗുലി പറഞ്ഞത്. എ.എന്‍.ഐയോടായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
എന്നാല്‍, ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയ ശേഷവും ഗാംഗുലി വിരാടിനെ വേട്ടയാടുകയാണ് എന്നായിരുന്നു ആരാധകരുടെ വിമര്‍ശനം.
കഴിഞ്ഞ വര്‍ഷമായിരുന്നു ടി20യുടെ ക്യാപ്റ്റന്‍ സ്ഥാനം കോഹ്‌ലി രാജിവെച്ചത്. അതിനു ശേഷം ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.
കോഹ്‌ലിയുടെ രാജി തികച്ചും വ്യക്തിപരമാണെന്നെന്നായുന്നു ഗാഗുലി അന്ന് വ്യക്തമാക്കിയത്.
കോഹ്‌ലിക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കേണ്ടെന്ന് ബി.സി.സി.ഐ തീരുമാനിച്ചിരുന്നതായും ഗാംഗുലി വ്യക്തമാക്കിയിരുന്നു.
2021 ഡിസംബറില്‍ സൗത്ത് ആഫ്രിക്കയുമായുള്ള സീരീസിനു മുന്‍പായി നടന്ന പത്രസമ്മേളനത്തില്‍ തന്നോടാരും ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ പറഞ്ഞിട്ടിലെന്നും, ഏകദിന ക്യാപ്റ്റന്‍സിയുടെ കാര്യത്തിലും ആശയവിനിമയം നല്ലതാക്കാമായിരുന്നു എന്നാണ് കോഹ്‌ലി പരാമര്‍ശിച്ചത്.
വിരാടിനെ നായകസ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ ബി.സി.സി.ഐയ്‌ക്കെതിരെയും ഗാംഗുലിക്കെതിരെയും വ്യാപക വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നിരുന്നത്. നിരവധി വിദേശതാരങ്ങളും മുന്‍ ഇന്ത്യന്‍ താരങ്ങളും വിമര്‍ശനമുയര്‍ത്തിയിരുന്നു.
എന്നാല്‍ പത്രസമ്മേളനത്തിന് ശേഷം മറ്റു തരത്തിലുള്ള വിമര്‍ശനങ്ങളിലേക്ക് കടക്കാതെ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോഹ്‌ലി ശ്രമിച്ചത്.
ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ടെസ്റ്റ് നായകസ്ഥാനവും കോഹ്‌ലി ഒഴിഞ്ഞിരുന്നു.
2014ലായിരുന്നു വിരാട് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തെത്തുന്നത്. 2014ല്‍ മെല്‍ബണ്‍ ടെസ്റ്റില്‍ നേടിയ സമനിലയോടെ സ്ഥാനമൊഴിഞ്ഞ എം.എസ്. ധോണിക്ക് പിന്നാലെയായാരുന്നു വിരാട് ടെസ്റ്റ് ക്യാപ്റ്റന്‍സി സ്വീകരിച്ചത്.
നായകസ്ഥാനമേറ്റടുത്ത ശേഷം 68 മത്സരങ്ങളിലാണ് വിരാട് ഇന്ത്യയെ നയിച്ചത്.
കോഹ്ലി നയിച്ച 68 മത്സരങ്ങളില്‍ 40ലും ഇന്ത്യ ജയിച്ചിരുന്നു.17 മത്സരങ്ങള്‍ തോല്‍ക്കുകയും 11 മത്സരങ്ങള്‍ സമനിലയില്‍ അവസാനിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ ഏറ്റവുമധികം ജയശരാശരിയുള്ളത് വിരാടിനാണ്.